ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റെങ്കിലും പ്രക്ഷോഭങ്ങൾ അവസാനിച്ചില്ല. ഇന്ന് പ്രതിഷേധക്കാർ സുപ്രീംകോടതി വളഞ്ഞ് ചീഫ് ജസ്റ്റിസിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബെെദുൽ ഹസൻ രാജിവച്ചതായി റിപ്പോർട്ട്. രാജി വച്ചില്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും വസതികൾ ആക്രമിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
സുപ്രീംകോടതിയിലെയും രാജ്യത്തുടനീളമുള്ള കീഴ്‌ക്കോടതിയുടെയും സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഉബെെദുൽ ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വെെകുന്നേരം രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഴുവൻ ജഡ്ജിമാരെയും ചേർത്ത് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന് നേരെ പ്രതിഷേധം ഉയർന്നത്. ഇടക്കാല സർക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ചീഫ് ജസ്റ്റിസ് ഗൂഢാലോചന നടത്തുകയാണെന്നാണ് ആരോപണം. തുടർന്ന് വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടുന്ന നൂറുകണക്കിന് പേർ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി. പിന്നാലെ കോടതി വളഞ്ഞു. കോടതിയുടെ സംരക്ഷണത്തിനായി സെെനികരെ വിന്യസിച്ചിട്ടുണ്ട്.
Protest on demanding resignation of Bangladesh Chief Justice. Ultimatum has been given to him.
— MUKTADIR rashid ROMEO (@muktadirnewage) August 10, 2024
📹copied pic.twitter.com/h1QxjQrISo
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലെ ഇടക്കാല സർക്കാർ കഴിഞ്ഞ ദിവസം അധികാരത്തിലേറിയിരുന്നു. മന്ത്രിമാർക്ക് തുല്യമായ 17 അംഗങ്ങൾ അടങ്ങിയ അഡ്വൈസറി കൗൺസിലിന്റെ തലവനായാണ് (ചീഫ് അഡ്വൈസർ) യൂനുസ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിന് തുല്യമാണ് ചീഫ് അഡ്വൈസർ പദവി. രണ്ട് വിദ്യാർത്ഥി നേതാക്കളും കൗൺസിലിൽ അംഗമാണ്. രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |