ഇരിങ്ങാലക്കുട : പരാജയ ഭീതിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തരം താണ നിലവാരത്തിലാണ് സംസാരിക്കുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ. ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നേതൃത്വവും കെ.പി.സി.സി നേതൃത്വവും കൈയൊഴിഞ്ഞ സ്ഥാനാർത്ഥിയാണ് മുരളീധരൻ. ചില നേതാക്കൾ യുക്തിരഹിതമായി സംസാരിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന അവസ്ഥയിലാണ്. ജയപ്രതീക്ഷയുള്ള എതെങ്കിലും സ്ഥാനാർത്ഥി ഇത്തരം ശൈലിയിൽ സംസാരിക്കുമോ?. കോൺഗ്രസ്- ലീഗ് -ബി.ജെ.പി ധാരണയുടെ ചരിത്രം യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിച്ച വടകരയിലാണുള്ളത്. കേഡർ സ്വഭാവമുള്ള ഇടതുപക്ഷ പ്രവർത്തകർ വോട്ട് മറിച്ച് കൊടുക്കുന്നവരല്ലെന്നും സുനിൽകുമാർ പറഞ്ഞു. മന്ത്രി ഡോ.ആർ.ബിന്ദു, എൽ.ഡി.എഫ് നേതാക്കളായ കെ.വി.അബ്ദുൽഖാദർ, അഡ്വ.കെ.ആർ.വിജയ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |