മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ നസ്ളിൻ നായകൻ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് എ ഹേറ്റ് ലെറ്റർ ടു സിനിമ എന്നാണ് ടാഗ് ലൈൻ. ഇൗ സിനിമ ഒട്ടുംതന്നെ സാങ്കല്പികമല്ല. ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം എന്ന് ടൈറ്റിൽ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പ്രേമലു എന്ന ചിത്രം നസ്ളിന്റെ സീൻ തന്നെ മാറ്റിയിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നസ്ളിൻ. ലുക്മാൻ, ഗണപതി എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സ്പോർട്സ് കോമഡി ഗണത്തിൽപ്പെടുന്നു. കാതൽ ദ കോറിലൂടെ ശ്രദ്ധേയയായ അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജിനു, ശിവ ഹരിഹരൻ, ഷോൺ ജോയ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അതേസമയം തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ ആണ് നസ്ളിൻ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അനിഷ്മയാണ് നായിക. ദിലീഷ് പോത്തൻ, ലിജോ മോൾ, ടി.ജി. രവി, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റു താരങ്ങൾ. ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മാണം. ജൂൺ 13ന് ഐ ആം കാതലൻ റിലീസിന് ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |