SignIn
Kerala Kaumudi Online
Saturday, 17 August 2024 8.48 AM IST

കമ്മിഷൻ കിട്ടുമോ; എന്തും ചെയ്യും!

d

കൊച്ചിയിൽ മയക്കുമരുന്ന്- മാംസക്കച്ചവട റാക്കറ്റുകൾ തുടങ്ങുന്നതു മുതൽ മാലിന്യം തള്ളുന്നതു വരെ ആർക്കും എന്ത് ബ്ളാക്ക് ബിസിനസും നടത്താം! ഒറ്റക്കാര്യം മാത്രം ചെയ്താൽ മതി- പേരെടുത്ത ഗുണ്ടാ സംഘങ്ങൾക്ക് കമ്മിഷനായി ലാഭത്തിന്റെ നിശ്ചിത പങ്കോ,​ അതിനു തക്ക പാരിതോഷികമോ നൽകണം. പരിശോധനയുമായി പൊലീസോ, സർക്കാർ ഉദ്യോഗസ്ഥരോ പിന്നെ ഈ വഴിക്കു വരില്ല. കമ്മിഷൻ പണത്തിന്റെ വിഹിതം എത്തേണ്ടവർക്ക് കൃത്യമായി എത്തും. പ്രതികരിക്കുന്ന നാട്ടുകാരെ ഭീഷണിയിലൂടെയാണ് ഗുണ്ടാസംഘങ്ങൾ ഒതുക്കുന്നത്.

ആളൊന്നിന് കമ്മിഷൻ

രാവിലെ തുറന്ന്,​ പിറ്റേന്നു പുലർച്ചെ വരെ പ്രവർത്തിക്കുന്ന സ്പാ. എറണാകുളം ഓൾഡ് കതൃക്കടവ് റോഡിലെ ആയു‌‌ർവേദ സ്പാ തുടക്കം മുതലേ സംശയങ്ങൾക്ക് ഇടയാക്കി. പരാതി ലോക്കൽ പൊലീസിൽ ലഭിച്ചെങ്കിലും 'കമ്മിഷന്റെ പങ്ക്" കൃത്യമായി പണിയെടുത്തു. രഹസ്യാന്വേഷണ വിഭഗത്തിന്റെ റിപ്പോർട്ടിലൂടെ വിവരം എത്തേണ്ടിടത്ത് എത്തി. വൈകാതെ നടന്ന മിന്നൽ ഓപ്പറേഷൻ നാട്ടുകാരുടെ സംശയം ശരിവച്ചു.

കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയിലായിരുന്നു സ്പാ. ആളൊന്നിനായിരുന്നു കമ്മിഷൻ. ഗുണ്ടാ നേതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളടക്കം എട്ടുപേർ അറസ്റ്റിലുമായി. കൊച്ചി നഗരത്തിൽ മാത്രം ഇത്തരം നൂറിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസ് കണക്ക്. തിരുമ്മലിന്റെ മറവിലെ അനാശാസ്യമാണ് പ്രധാന പ്രവർത്തനം. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടി പാ‌ർലറിനുള്ള ലൈസൻസ് ദുരുപയോഗപ്പെടുത്തിയുള്ള സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്നും മറ്റും യുവതികൾ എത്തുന്നുണ്ട്. മണിക്കൂറിന് 1,500 രൂപ മുതലാണ് റേറ്റ്. ആഡംബരവും 'സർവീസും" കൂടുന്നതനുസരിച്ച് നിരക്കും കൂടും.

50 ലക്ഷത്തിന്

എല്ലാം ക്ലിയർ

2022-ൽ എറണാകുളത്ത് പ്രമുഖ ബി​ൽഡറുടെ സൈറ്റി​ൽ മാലിന്യനീക്കവും കൈയേറ്റവും തലവേദനയായി. പരാതി നൽകിയിട്ടൊന്നും ഒരു ഫലവുമുണ്ടായില്ല. ഒടുവിൽ ക്വട്ടേഷൻ സംഘത്തെ ആശ്രയിച്ചു. പ്രതി​ഫലം ചോദി​ച്ചത് 50 ലക്ഷം രൂപ. ഡീൽ ഉറപ്പിച്ച് ആഴ്ചകൾക്കകം ഗുണ്ടകൾ മാലിന്യം നീക്കിക്കൊടുത്തു. കൈയേറാനുള്ള ഒത്താശയും നൽകി. ഇന്ന് നിരവധിപ്പേർ തൊഴിലെടുക്കുന്ന പ്രമുഖ സ്ഥലമാണ് ഈ കെട്ടിടം! നെട്ടൂരിൽ അടുത്തിടെ ഒരു പ്രമുഖ വനിത വാങ്ങിയ സ്ഥലം തീരദേശ പരി​പാലന നി​യമം കാറ്റിൽപ്പറത്തി​ നിർബാധം നികത്തുന്നതി​നു പി​ന്നി​ലും ക്വട്ടേഷൻകാരുടെ സംരക്ഷണമാണ്. എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നതിന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണക്കുപറ‌ഞ്ഞ് പണം വാങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

ഗുണ്ടാതലവനെ

പഞ്ഞിക്കിട്ടു!

കമ്മിഷൻ കൃത്യമായി കിട്ടിയില്ലെങ്കിൽ നേതാവാണെന്നൊന്നും ശിഷ്യന്മാർ നോക്കില്ല. എടുത്ത് പെരുമാറിക്കളയും. കൊച്ചിയിലെ ഗുണ്ടാ നേതാവിനെ കമ്മിഷൻ തർക്കത്തി​ന്റെ പേരി​ൽ ശിഷ്യന്മാർ ഇടിച്ച് പഞ്ചറാക്കി ആളൊഴിഞ്ഞ സ്ഥലത്തു തള്ളിയത് അടുത്തിടെയാണ്.

ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 1.9 കോടി ഹവാലപ്പണം തട്ടിയെടുത്തിട്ടും വി​ഹി​തം കിട്ടാത്തതാണ് ശിഷ്യരെ ചൊടിപ്പിച്ചത്. തട്ടിയെടുത്ത പണത്തിന്റെ പകുതി,​ വി​വരം നൽകി​യ ദുബായ് ടീമിനു നൽകണമെന്നായിരുന്നു ഡീൽ. രഹസ്യ കോഡുകളും ഇവർ കൈമാറിയിരുന്നു. ഇതനുസരിച്ചായിരുന്നു ഓപ്പറേഷൻ. പണം ഇടയ്ക്കുവച്ച് സ്വന്തം കാറിലേക്കു മാറ്റി മുങ്ങി​യ നേതാവ് ശിഷ്യന്മാരെയും ദുബായ് ടീമിനെയും നൈസായി തേച്ചു.

മുപ്പതുകാരനായ നേതാവി​നെ രാത്രി അയാളുടെ കാറി​ൽത്തന്നെ തട്ടിക്കൊണ്ടുപോയി കാക്കനാട്ടു വച്ച് മറ്റൊരു കാറിലേക്കു മാറ്റി. ആലപ്പുഴയി​ലെ ഒരു പെട്രോൾപമ്പിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഇറക്കി,​ ഇരുമ്പുകമ്പിയും മറ്റും ഉപയോഗിച്ച് തല്ലി പരിക്കേൽപ്പിച്ചു. ഇയാളെ ഇതേ കാറിൽ വീണ്ടും കയറ്റി തിരുവല്ലയിൽ ഉപേക്ഷിക്കുകയായിരുന്നു. പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മരടിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗുണ്ടയുടെ ഐഫോണും പണവും ശിഷ്യന്മാർ കൈക്കലാക്കി. പിന്നീട് വി​ഹി​തം നൽകി പ്രശ്നം ഒത്തുതീർക്കുകയായി​രുന്നു. ആരോഗ്യം വീണ്ടെടുത്ത ഗുണ്ടാ നേതാവ് പുതിയ ഗ്യാംഗ് രൂപീകരിച്ചിട്ടുമുണ്ട്.

ആഡംബരം;

അതുമതി

കൊച്ചിയിൽ അടുത്തിടെ പിടികൂടിയ നൂറു കിലോ കഞ്ചാവ് ഒഡിഷയിൽ നിന്ന് എത്തിച്ചത് രണ്ട് യുവതികളാണ്. ലഹരിക്കടത്തിലും വില്പനയിലും യുവാക്കൾക്കൊപ്പം യുവതികളും സജീവമാണ്. ആർഭാട ജീവിതമാണ് ഇവർക്ക് ലഹരിമാഫിയയുടെ ഓഫർ. മയക്കുമരുന്നും മദ്യവും പണവും ഒപ്പം സ്ത്രീകളെയും ലഭിക്കുമെന്നതിനാൽ മാഫിയാ തലവൻ പറയുന്നതെന്തും ചെയ്യാൻ യുവാക്കൾ റെഡി. ജോലിക്കും മറ്രുമായി കൊച്ചിയിൽ എത്തുന്ന യുവതികൾക്ക് സൗജന്യമായി മയക്കുമരുന്ന് നൽകിയാണ് മാഫിയകൾ ഒപ്പം കൂട്ടുന്നത്. പിന്നീട് പണം നൽകി ലഹരി ഉപയോഗിച്ചു തുടങ്ങുന്ന യുവതികളെ പതിയെ സെക്സ് റാക്കറ്റിലേക്ക് അടുപ്പിക്കും. വിവിധ ഹോട്ടലുകളിൽ ആഡംബര പാർട്ടികളും ഇവർക്കായി ലഹരി മാഫിയകൾ ഒരുക്കാറുണ്ട്.

അഞ്ചു വർഷം;

41 ഹർജി

2019 മുതൽ 2023 വരെ ഗർഭഛിദ്രത്തി​ന് അനുമതി​ തേടി,​ പ്രായപൂർത്തിയാക്കാത്ത 41 പെൺകുട്ടികളുടെ രക്ഷി​താക്കളാണ് ഹൈക്കോടതി​യി​ലെത്തി​യത്. ഇവരിൽ 23 പേരുടെയും ഗർഭം അലസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു. പലരും ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ ഇരകൾ ഹർജിയുമായി എത്തിയത്- 12 പേർ. 2022-ൽ പത്തും 2021-ൽ 11 പേരും ഇതേ ആവശ്യം ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തു. 2020-ലും 2019-ലും വെറും നാല് ഹർജികൾ മാത്രമായിരുന്നിടത്ത് നിന്നായിരുന്നു ഈ ഉയർച്ച! കഴിഞ്ഞ ആഴ്ച പതിനാറുകാരി ഏഴാം മാസത്തി​ലാണ് ഗർഭഛി​ദ്രത്തി​ന് അനുമതി​ തേടി​യത്. പത്തൊമ്പതുകാരനായ കാമുകനാണ് പീ‌ഡിപ്പിച്ചത്. ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി.

നാളെ: വേണം,​ പൊലീസി​ന് അംഗബലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.