പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പരീക്ഷയെഴുതിയ 453 പേരിൽ മൂന്നുപേർ ഒരേ പ്രസവത്തിലെ മക്കളാണ്. അവർ ഒരുമിച്ച് സ്കൂൾ ജീവിതം ആരംഭിച്ച് ഒരുമിച്ച് മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ പത്താംതരം വിജയിക്കുകയും ചെയ്തു. എ. എം നിദ ഫാത്തിമ, എ. എം നജ ഫാത്തിമ, എ എം മുഹമ്മദ് നിഹാൽ എന്നിവരാണ് ഈ മിടുക്കർ. കോഴിക്കോട് പൂനൂർ കാന്തപുരത്തെ അലങ്ങാ പൊയിൽ എ. എം അബ്ദുൽ ഹക്കീം, പി നസ് ല ദമ്പതികളുടെ മക്കളാണ്. ഇതിൽ നിദ ഫാത്തിമ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിൽ അംഗം കൂടിയാണ്. യു.എസ് എസ് പരീക്ഷയിലെ ഉന്നത വിജയികൾക്കുളള സംസ്ഥാന സർക്കാരിന്റെ പ്രതിഭാ പോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി.
ഇതോടൊപ്പം ഇരട്ടകളെയും മുഴുവൻ എ പ്ലസോടെ വിജയിപ്പിക്കാൻ സ്കൂളിന് സാധിച്ചു. ഒ ടി അളകനന്ദ, ഒ ടി അനഘനന്ദ എന്നിവരാണ് ഇരട്ടകളായ മിടുക്കികൾ. കോഴിക്കോട് ഉണ്ണികുളം മങ്ങാട് ഒറ്റത്തെങ്ങിൽ ഒ ടി ദിവാകരൻ, രജിന ദമ്പതികളുടെ മക്കളാണ്.
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം 99.56 ശതമാനമാണ് വിജയം. 453ൽ 451 പേർ വിജയിച്ചു. 80 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എപ്ലസും നേടാൻ കഴിഞ്ഞു. പഠന പിന്നാക്കാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ അഡ്മിഷൻ തേടിയെത്തുന്നത്. സ്കൂൾ നൽകുന്ന മികച്ച രീതിയിലുള്ള പിന്തുണയും സംവിധാനങ്ങളും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയർ പദ്ധതിയുടെ പിൻബലവും സ്കൂളിന്റെ വിജയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |