മുംബയ്: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |