ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഹോർമൂസ് കടലിടുക്കിൽ നിന്നും ബ്രിട്ടീഷ് ഓയിൽ ടാങ്കർ പിടിച്ചെടുത്ത ഇറാന്റെ നടപടി പശ്ചിമേഷ്യയിൽ രൂപപ്പെട്ട പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്താതിരുന്ന ഫ്രാൻസും ജർമ്മനിയും ഇന്നലെ ഇറാനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് കപ്പലിൽ മലയാളികൾ അടക്കമുള്ള 18 ഇന്ത്യാക്കാരുണ്ടെന്ന വിവരവും പുറത്താകുന്നത്. ഇതോടെ വിഷയത്തിൽ ഇന്ത്യയും നേരിട്ട് ഇടപെടുമെന്ന് ഉറപ്പായിട്ടുണ്ട്. കപ്പലിലുള്ളവരെ രക്ഷിക്കാൻ ഇതിനോടകം തന്നെ ഇറാനുമായും കപ്പൽ ഉടമകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. കപ്പൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇവരുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കണമെന്നും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനിൽ നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിന്റെ ക്യാപ്‌ടൻ പള്ളുരുത്തി സ്വദേശിയായ യുവാവാണെന്നാണ് ലഭിക്കുന്ന വിവരം. കപ്പൽ ഇറാൻ പിടിച്ചെടുത്തതായി ഇതിലുണ്ടായിരുന്ന ഒരു ജീവനക്കാരന്റെ ബന്ധുക്കളെ കപ്പൽ ഉടമകൾ അറിയിച്ചിട്ടുണ്ട്. കപ്പലിലെ മെസ് മാനായ കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കൾക്കാണ് അറിയിപ്പ് ലഭിച്ചത്. ഒരു മാസം മുമ്പാണ് മുംബയിൽ നിന്നും ഡിജോ കപ്പലിന്റെ ഭാഗമാകുന്നത്. കപ്പലിന്റെ ക്യാപ്‌ടൻ മലയാളിയാണെന്നും തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാൾ കൂടി കപ്പലിലുണ്ടെന്നും ഡിജോ തങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മലപ്പുറം സ്വദേശിയായ മറ്റൊരാൾ കൂടി കപ്പലിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മൊത്തത്തിൽ നാല് മലയാളികൾ കപ്പലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇറാനിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ മന്ത്രാലയത്തിന് കഴിയൂ.
എന്നാൽ കപ്പലിലെ ജീവനക്കാരെ വിട്ടുകിട്ടുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങളോടുള്ള സമീപനമായിരിക്കില്ല ഇറാൻ ഇന്ത്യയോട് സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്നും ഏറ്റവും അസംസ്‌കൃത എണ്ണ വാങ്ങിയിരുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇക്കാര്യം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണെങ്കിലും എണ്ണവാങ്ങുന്നത് വീണ്ടും പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇളവ് നൽകണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിന് പുറമെയാണ് ഇറാനിലെ തന്ത്രപ്രധാനമായ ചബാഹർ തുറമുഖ നിർമാണത്തിനുള്ള ഇന്ത്യൻ നിക്ഷേപം. അതുകൊണ്ട് തന്നെ കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കുന്നതിൽ ഇറാൻ കടുംപിടുത്തം തുടരില്ലെന്നാണ് വിലയിരുത്തൽ. ജീവനക്കാരെ ഉടൻ തന്നെ മോചിപ്പിച്ച് കപ്പൽ കസ്‌റ്റഡിയിൽ വയ്‌ക്കാനായിരിക്കും ഇറാൻ മുതിരുകയെന്നും സൂചനയുണ്ട്.
ഹോർമൂസ് കടലിടുക്ക്
ഒമാൻ ഉൾക്കടലിന്റെയും പേർഷ്യൻ ഉൾക്കടലിന്റെയും ഇടയിലുള്ള ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാൻ മുസന്ദം പ്രദേശവുമാണ്. ഹോർമൂസ് കടലിടുക്കിന്റെ നീളം 167 കിലോമീറ്ററും വീതി 96 മുതൽ 39 കിലോമീറ്റർ വരെയുമാണ്. പേർഷ്യൻ ഗൾഫിലെ പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് തുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. ശരാശരി 15 ടാങ്കറുകൾ, 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്‌കൃത എണ്ണ ദിവസവും ഈ പാതയിലൂടെ കൊണ്ടുപോകുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോർമൂസിനെ കണക്കാക്കുന്നതും ഇക്കാരണത്താലാണ്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40% വും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20% വും വരുമിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |