ന്യൂഡൽഹി :വോട്ടെടുപ്പ് പൂർത്തിയാക്കി 48 മണിക്കൂറിനകം വോട്ടുകണക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ധാരാളം ഡേറ്റ ശേഖരിക്കാനുള്ളതിനാൽ സമയമെടുക്കുമെന്ന് കമ്മിഷന്റെ അഭിഭാഷകൻ പ്രതികരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം തന്നെ കണക്കുകൾ പോളിംഗ് ഓഫീസർ സമർപ്പിക്കുന്നില്ലേയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ്, റിട്ടേണിംഗ് ഓഫീസർക്ക് അന്നുതന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമല്ലോയെന്നും ചോദിച്ചു. കമ്മിഷൻ ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. ഹർജി മേയ് 24ന് വീണ്ടും പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടുശതമാനം പുറത്തുവിടുന്നതിൽ കാലതാമസമുണ്ടായെന്നാണ് ഹർജിക്കാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |