ആലപ്പുഴ: അധ്യയനവർഷാരംഭത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ് നസ് പരിശോധന ഈ ആഴ്ച തുടങ്ങും. അമ്പലപ്പുഴ താലൂക്കിലെ വാഹനങ്ങളുടെ പരിശോധന 22, 23 തീയതികളിൽ ആലപ്പുഴ നഗരത്തിലെ വിവിധ ഗ്രൗണ്ടുകളിലായി നടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പരിശോധനയാണ് സ്കൂൾ തുറപ്പിന് മുന്നോടിയായി നടക്കുന്നത്. ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ, ലൈറ്റുകൾ, ഇൻഡിക്കേറ്റർ എന്നിവയെല്ലാം പ്രവർത്തന ക്ഷമമായിരിക്കണം.
പരിശോധന വിജയകരായി പൂർത്തിയായ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കും. മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ ഇല്ലാതെ കുട്ടികളുമായി സ്കൂൾ ബസുകൾക്ക് സർവീസ് നടത്താനാവില്ല. അറ്റകുറ്രപ്പണികൾ യഥാവിധം പൂർത്തിയാക്കിയ വാഹനങ്ങൾ പരിശോധിച്ച് സർവീസിന് യോഗ്യമാണെന്ന് കണ്ടാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ. അധ്യയന വർഷം ആരംഭിച്ചാലും നിയമലംഘനങ്ങൾ തടയാൻ പരിശോധനകൾ തുടരാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.വാഹനങ്ങളുടെ ഫിറ്റ് നസിന് പുറമേ സ്കൂൾ കുട്ടികളുടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യത്തിലും മോട്ടോർ വാഹന വകുപ്പ് കർശന നിലപാടിലാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയോ സ്വഭാവ ദൂഷ്യങ്ങളുള്ളവരെയോ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയോഗിക്കാൻ പാടില്ല. മദ്യപാനികൾ, മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്കും വിലക്കുണ്ട്. കുട്ടികളുടെ പേര് വിവരങ്ങൾ സൂക്ഷിക്കുന്നതുൾപ്പെടെ സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച യാത്രാ നിർദേശങ്ങൾ സ്കൂൾ ഉടമകളും വാഹന ഡ്രൈവർമാരും കർശനമായി പാലിക്കണമെന്ന് മോട്ടോർവാഹന വകുപ്പ് അഭ്യർത്ഥിച്ചു.
ബോധവൽക്കരണം 25ന്
സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കുമുള്ള ബോധവൽക്കരണപരിപാടി 25ന് കളക്ട്രേറ്റിന് എതിർവശമുള്ള മുഹമ്മദൻസ് സ്കൂളിൽ നടക്കും. ആർ.ടി.ഒയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ക്ലാസെടുക്കും.
.....................................................
ഫിറ്റ്നസില്ലെങ്കിൽ പിടിച്ചെടുക്കും
സ്കൂൾ വർഷാരംഭത്തിന് മുമ്പ് ഫിറ്റ്നസ് ഉറപ്പാക്കാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ആർ.ടി.ഒ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |