SignIn
Kerala Kaumudi Online
Saturday, 27 July 2024 1.36 PM IST

യുകെയിലെ സ്വപ്‌ന വിസ പദ്ധതി അവസാനിപ്പിക്കാൻ സുനകിന്റെ നീക്കം; ഏറ്റവും ബാധിക്കുക ഇന്ത്യൻ വിദ്യാർത്ഥികളെ

rishi-sunak

വിദേശത്ത് പഠനവും തൊഴിലും സ്വപ്‌നം കാണുന്ന വലിയൊരു ശതമാനം യുവതലമുറ നമ്മുടെ രാജ്യത്ത് ഇന്നുണ്ട്. വിദേശ പഠനത്തിനായി വളരെ ചെറുപ്പത്തിൽതന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നവർ പോലും ധാരാളമാണ്. പഠനത്തിനായി മിക്കവരും തിരഞ്ഞെടുക്കുന്നത് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാലിപ്പോൾ വിദേശപഠനം സ്വപ്‌നം കാണുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പുതിയൊരു നയം നടപ്പിലാക്കാനൊരുങ്ങുകയാണ് യുകെ പ്രധാനമന്ത്രി ഋഷി സുനക്.

യുകെയിലെ ഗ്രാജുവേറ്റ് റൂട്ട് വിസ (ജിആർവി) പദ്ധതി റദ്ദാക്കാൻ ഋഷി സുനക് നീക്കം തുടങ്ങിയതായാണ് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിലെ കുടിയേറ്റം തടയുമെന്ന് വ്യക്തമാക്കിയിട്ടുള്ള സുനക് പൊതുതിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് പുതിയ നീക്കം നടത്തുന്നത്. രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുന്നതും ഏറ്റവും മികച്ച വിദ്യാർത്ഥികളെ മാത്രം പ്രവേശിപ്പിക്കുന്നതും ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

എന്താണ് ഗ്രാജുവേറ്റ് റൂട്ട് വിസ പദ്ധതി

കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ് രണ്ടുവർഷമെങ്കിലും യുകെയിൽ തങ്ങാൻ അവസരം നൽകുന്ന വിസ പദ്ധതിയാണ് ഗ്രാജുവേറ്റ് വിസ പദ്ധതി.2021 ജൂലായിലാണ് യുകെയിൽ പദ്ധതി അവതരിപ്പിച്ചത്. ഈ വിസയ്ക്കായി അപേക്ഷിക്കുമ്പോൾ യുകെയിൽ തന്നെയായിരിക്കണം. സ്റ്റഡി വിസയോ ജനറൽ സ്റ്റുഡന്റ് വിസയോ ഉള്ള, നിശ്ചിത കാലയളവിൽ ബിരുദം പൂർത്തിയാക്കിയവർക്കോ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാം. ഒരു വിദ്യാർത്ഥി കോഴ്‌സ് പൂർത്തിയാക്കിയതായി അവരുടെ സർവകലാശാലയോ കോളേജോ അറിയിക്കുകയാണെങ്കിലും ആ വിദ്യാർത്ഥികൾക്ക് വിസയ്ക്ക് അർഹതയുണ്ട്. പിഎച്ച്ഡിയോ മറ്റ് ഡോക്‌ടറൽ ക്വാളിഫിക്കേഷനോ ഉള്ളവർക്ക് ഗ്രാജുവേറ്റ് വിസ പ്രകാരം മൂന്ന് വർഷംവരെ യുകെയിൽ തങ്ങാം.

അപേക്ഷാഫീസ്

  • 87,000 രൂപയാണ് ഗ്രാജുവേറ്റ് വിസക്കായുള്ള അപേക്ഷാഫീസ്
  • ആരോഗ്യപരിപാലനത്തിനായി 1,10,000 വാർഷിക ഫീസുമുണ്ട്.

ഗ്രാജുവേറ്റ് വിസയുടെ സവിശേഷതകൾ

  • ഈ വിസയ്ക്ക് അർഹരായവർക്ക് പഠനം കഴിഞ്ഞാൽ മറ്റ് ജോലികൾ തേടാം
  • പലവിധ ജോലികൾ ചെയ്യാം
  • സ്വന്തമായി ബിസിനസ് ചെയ്യാം
  • പങ്കാളിയോടും മക്കളോടുമൊപ്പം യുകെയിൽ തങ്ങാം
  • വോളന്റീയറിംഗ് പ്രവർത്തികൾ ചെയ്യാം
  • വിദേശത്ത് യാത്ര ചെയ്ത് മടങ്ങിവരാം

എന്നാൽ ഗ്രാജുവേറ്റ് വിസയുള്ളവർക്ക് മറ്റ് ആനുകൂല്യങ്ങൾക്കോ പെൻഷനോ അപേക്ഷിക്കാൻ സാധിക്കില്ല. മാത്രമല്ല ഒരു കായികതാരമായി പ്രവർത്തിക്കാനുമാകില്ല. കൂടാതെ ഗ്രാജുവേറ്റ് വിസ കാലാവധി നീട്ടാനുമാകില്ല. കാലാവധി കഴിഞ്ഞതിനുശേഷവും വിദ്യാർത്ഥികൾക്ക് യുകെയിൽ തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്‌കിൽഡ് വർക്കർ വിസ പോലുള്ള മറ്റ് വിസകളിലേയ്ക്ക് മാറാവുന്നതാണ്.

എന്തുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ ജിആർവിയെ ആശ്രയിക്കുന്നു?

പഠനത്തിനുശേഷവും രാജ്യത്ത് തങ്ങി മികച്ച തൊഴിൽ മാർഗങ്ങൾ കണ്ടെത്തി അത്യാവശ്യം സമ്പാദ്യമുണ്ടാക്കാൻ സഹായിക്കുന്നതിനാൽ വിദേശപഠനത്തിനായി യുകെയിലെത്തുന്ന നല്ലൊരു വിഭാഗം വിദ്യാർത്ഥികളും ഈ വിസയ്ക്കായി അപേക്ഷിക്കാറുണ്ട്. നല്ലൊരു സ്‌പോൺസറെയോ തൊഴിൽ ദാതാവിനെയോ കണ്ടെത്തിയാൽ ജിആർവിയിൽ നിന്ന് മറ്റ് വിസകളിലേയ്ക്ക് മാറാൻ അവസരമുണ്ടെന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും യുകെയിലെത്തുന്നത് അവിടെതന്നെ സെറ്റിൽ ആകണമെന്ന ലക്ഷ്യത്തോടെയാണ്. ഇതിനും ജിആർവി അവസരം നൽകുന്നു. കുടുംബത്തെ കൊണ്ടുപോകാൻ സാധിക്കുമെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾ കാണുന്ന അനുകൂല ഘടകങ്ങളാണ്.

ജിആർവി റദ്ദാക്കുന്നത് എങ്ങനെ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും?

യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ കൂടുതൽ ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. അടുത്ത വർഷങ്ങളിലായി ഇന്ത്യക്കാർക്ക് നൽകുന്ന സ്റ്റുഡന്റ് വിസകളിൽ കാര്യമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്. 2021നും 23നും ഇടയിൽ 89,200 ജിആർവി വിസകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചത്. യുകെ ആഭ്യന്തര ഓഫീസ് പ്രകാരം 2022 ജൂണിനും 2023 ജൂണിനും ഇടയിൽ ഇന്ത്യക്കാർക്ക് നൽകുന്ന സ്റ്റുഡന്റ് വിസയിൽ 54 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഗ്രാജുവേറ്റ് വിസകളിൽ 42 ശതമാനവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. മറ്റ് രാജ്യത്തുള്ളവരേക്കാൾ ജിആർവി സ്വന്തമായുള്ളവരിൽ ഇന്ത്യക്കാരാണ് മുന്നിൽ. ഇന്ത്യക്കാർക്ക് നൽകുന്ന ഗ്രാന്റുകളിലും 2019 മുതൽ ഏഴിരട്ടി വർദ്ധനവാണ് ഉണ്ടായത്.

യുകെയിലെ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന കൂടുതൽ വിദ്യാർത്ഥികളെയും ആകർഷിക്കുന്നത് ജിആർവിയാണ്. കുടുംബാംഗങ്ങളെ കൊണ്ടുപോകാൻ സാധിക്കുമെന്നതിനാൽ പഞ്ചാബികൾക്കിടയിലാണ് ഈ വിസ കൂടുതലും പ്രിയമുള്ളത്.

ജിആർവികൾ പരിമിതപ്പെടുത്താനുള്ള സുനക്കിന്റെ നിർദ്ദേശം ബിരുദാനന്തര ബിരുദ സാദ്ധ്യതകളെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. മികച്ച വിദ്യാർത്ഥികളെ മാത്രം പരിഗണിക്കാനുള്ള തീരുമാനം യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 'ശരാശരി' നിലവാരത്തിലെ വിദ്യാർത്ഥിയുടെ സാദ്ധ്യതകളെ അവതാളത്തിലാക്കും.കാനഡയും ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങാനിരിക്കെയാണ് സുനകിന്റെ തീരുമാനമെന്നതും വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UK, INDIAN STUDENTS, GRV, GRADUATE ROUTE VISA SCHEME
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.