റോയൽ ചലഞ്ചേഴ്സ് ബെംഗളുരു എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റുപുറത്തായപ്പോൾ ഏറെ സങ്കടപ്പെട്ട രണ്ടുപേർ വിരാട് കൊഹ്ലിയും ദിനേഷ് കാർത്തികുമായിരിക്കും. ഈ സീസണിന്റെ തുടക്കത്തിൽ പ്ളേ ഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീം എന്ന് ഉറപ്പിച്ചിരുന്ന ആർ.സി.ബിയെ പ്ളേഓഫിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇരുവരും. പക്ഷേ ക്ളബിനൊപ്പം കിരീടമുയർത്താൻ ഇരുവർക്കും കഴിഞ്ഞില്ല. ഐ.പി.എല്ലിൽ മറ്റൊരു ടീമിലും കളിച്ചിട്ടില്ലാത്ത ആളാണ് വിരാട്. ദിനേഷ് കാർത്തിക് ആകട്ടെ ആർ.സി.ബി ഉൾപ്പടെ ആറു ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിച്ച താരവും.
ഈ സീസണോടെ താൻ ഐ.പി.എൽ അവസാനിപ്പിക്കുകയാണെന്ന് 39കാരനായ ദിനേഷ് കാർത്തിക് പറഞ്ഞിരുന്നു. എന്നാൽ അവസാന മത്സരത്തിൽ വിജയം നേടി സന്തോഷത്തോടെ കുപ്പായമഴിച്ചുവയ്ക്കാൻ കാർത്തികിന് കഴിഞ്ഞില്ല. 11 പന്തുകൾ ബാറ്റുചെയ്തെങ്കിലും 13 റൺസ് മാത്രമാണ് കാർത്തികിന് നേടാനായത്.തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ആർ.സി.ബിയെ 200 കടത്താനും കളിയുടെ വിധിതന്നെ മാറ്റിമറിക്കാനും കഴിഞ്ഞേനെ. ഈ സീസണിൽ 13 ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 326റൺസാണ് കാർത്തിക് ആകെ നേടിയത്. 187.35 ആണ് കാർത്തികിന്റെ സീസൺ സ്ട്രൈക്ക് റേറ്റ്.
ദേശീയ ടീമിൽ ധോണിയുടെ നിഴലിൽ ഒതുങ്ങിപ്പോയിരുന്ന കാർത്തിക് തന്റെ കരിയറിന്റെ ഒടുവിലെ വർഷങ്ങളിലാണ് അവസാന ഓവറുകളിൽ അടിച്ചുപറത്താനും മികച്ചരീതിയിൽ വിക്കറ്റ് കീപ്പ് ചെയ്യാനും കഴിയുന്ന താരം എന്ന നിലയിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായത്. അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കമന്റേറ്ററായി പോയ കാർത്തിക് ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ 2022ലെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയ അത്ഭുതകാഴ്ചയ്ക്കും ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിച്ചിരുന്നു. ലോകകപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്നതോടെ പിന്നീട് ദേശീയ ടീമിലെത്തിയിരുന്നില്ല. ഈ വരുന്ന ലോകകപ്പിൽ കാർത്തികിന് സ്ഥാനമുണ്ടാകുമോയെന്ന ചോദ്യമുയർത്താൻ ശേഷിയുള്ളതായിരുന്നു ഈ സീസണിലും ആർ.സി.ബിക്ക് വേണ്ടിയുള്ള കാർത്തിക്കിന്റെ പ്രകടനം.
257
ഐ.പി.എൽ മത്സരങ്ങളിലാണ് കാർത്തിക് കളിച്ചത്. ധോണിക്ക് (264) പിന്നിൽ ആകെ ഐ.പി.എൽ മത്സരങ്ങളിൽ രണ്ടാം സ്ഥാനത്താണ് കാർത്തിക്കും രോഹിത് ശർമ്മയും.
174
പേരെ പുറത്താക്കുന്നതിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ പങ്കാളിയായ ദിനേഷ് കാർത്തിക് ഇക്കാര്യത്തിലും ധോണിക്ക് (190) മാത്രം പിന്നിൽ.
4842
റൺസാണ് ഐ.പി.എൽ കരിയറിൽ ആകെ കാർത്തിക് നേടിയത്. 22 അർദ്ധസെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്.161 സിക്സുകളും 466 ഫോറുകളും പറത്തി.
6 ഫ്രാഞ്ചൈസികൾക്ക് വേണ്ടി ( ഡൽഹി ഡെയർഡെവിൾസ്, പഞ്ചാബ് കിംഗ്സ്,മുംബയ് ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളുരു,കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്,ഗുജറാത്ത് ലയൺസ്). കളിച്ച ആറ് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും അർദ്ധസെഞ്ചറി നേടിയിട്ടുമുണ്ട്.
2
2008 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന കാർത്തിക് 17 സീസണുകളിലായി ആകെ മിസാക്കിയത് രണ്ട് കളികൾ മാത്രം. 2008ൽ ഡൽഹി ഒരു കളിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ 2023ലായിരുന്നു രണ്ടാമത്തെ വിട്ടുനിൽക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |