കൊല്ലം: ഇന്നലെ പുലച്ചെ മുതൽ ഇടവിട്ട് പെയ്ത മഴയിൽ ജില്ലയിൽ ഒരു വീട് പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഓയൂർ, കുന്നത്തൂർ, കൊല്ലം, കരുനാഗപ്പള്ളി, കിഴക്കേകല്ലട എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്.
കിഴക്കേകല്ലടയിൽ കൊച്ചുപ്ലാമൂട് ഷാജിയുടെ വീടാണ് തെങ്ങുവീണ് തകർന്നത്.
ഓടുമേഞ്ഞ വീടിന്റെ അടുക്കളയും കിടപ്പുമുറിയും തകർന്നു. തെങ്ങിന് സമീപം നിൽക്കുകയായിരുന്ന ഷാജിയും കിടപ്പുമുറിയിലായിരുന്ന ഭാര്യ ചന്ദ്രികയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊറ്റങ്കര വില്ലേജിൽ മധുസൂദനന്റെ വീടും കടയുമാണ് പൂർണമായി തകർന്നത്. 50,000 രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
കരുനാഗപ്പള്ളിയിൽ അയണിവേലിക്കുളങ്ങരയിൽ അരണശേരി പടീറ്റതിൽ ഷീബയുടെ വീടിന്റെ അടുക്കള ഭാഗമാണ് മഴയിൽ തകർന്നത്. 50,000 രൂപയുടെയും കുന്നത്തൂർ പോരുവഴിയിൽ 25,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. ഓയൂർ പൂയപ്പള്ളി വില്ലേജിൽ കാറ്റാടി പള്ളിതാഴതിൽ വീട്ടിൽ വിജയമ്മയുടെ വീടിന്റെ ചുമര് ഭാഗികമായി തകർന്നു. ഏകദേശം 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ബൈപ്പാസിൽ നിന്ന് കിളികൊല്ലൂർ പൊലീസ് സ്റ്രേഷനിലേക്ക് വരുന്ന പുത്തൻ നട റോഡ്, പൂവൻപുഴ ക്ഷേത്രത്തിന് മുന്നിൽ, നാഷണൽ ഹൈവേയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡ്, പള്ളിത്തോട്ടം, കർബല-റെയിൽവേ സ്റ്റേഷൻ റോഡ്, കൊച്ചുമരുത്തടി, മുത്തേഴത്ത് കിഴക്കേത്തറ, പത്താംതറ, ടൈറ്റാനിയം ജംഗ്ഷന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലുൾപ്പെടെ വെള്ളം കയറി.
കോതേറിച്ചിറയ്ക്ക് സമീപത്തും വട്ടക്കായലിന് സമീപത്തും താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. ഓച്ചിറ വില്ലേജിൽ വവ്വാക്കാവ് ജംഗ്ഷന് വടക്കുവശം താമസിക്കുന്ന ഇന്ദിരയമ്മ, മാധവിക്കുട്ടി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. തഹസീൽദാരുടെ നേത്വത്തിൽ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ആലപ്പാട് പഞ്ചായത്തിലും കൊല്ലം മുണ്ടയ്ക്കൽ മാരിയമ്മൻ കോവിലിന് സമീപത്തും കടലേറ്റം രൂക്ഷമാണ്. ആലപ്പാട് നിരവധി വീടുകളിൽ കടൽ വെള്ളം കയറി. ദേശീയപാതയിലും പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ചൂരാങ്കൽ പാലം, പെരുങ്കുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ 16 കുടുംബങ്ങളെ വിമലഹൃദയ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. 22 പുരുഷന്മാരും 31 സ്ത്രീകളും 18 കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്. ഒരു വൃദ്ധനും രണ്ട് ഭിന്നശേഷിക്കാരും ഉൾപ്പെടും.
ജില്ലാശുപത്രിയിലും വെള്ളക്കെട്ട്
ജില്ലാ ആശുപത്രിലെ പ്രധാന കെട്ടിടത്തിൽ കൊവിഡ് കാലത്ത് നിർമ്മിച്ച പുതിയ ഐ.സി.യു വാർഡും ഡയാലിസിസ് യൂണിറ്റിലേക്കുള്ള ലിഫ്ടിന് സമീപത്തും വെള്ളം നിറഞ്ഞു. അത്യാഹിത വിഭാഗം, വാർഡുകൾ, ഐ.സി.യു, ഒ.പി എന്നിവിടങ്ങളിലേയ്ക്ക് നനഞ്ഞ് പോകേണ്ട അവസ്ഥയാണ്. പബ്ലിക് ഹെൽത്ത് ലബോറട്ടിറി ചോർന്നൊലിക്കുകയാണ്. ടൈൽസിൽ തെന്നി രോഗികൾ വീഴുന്ന സ്ഥിതിയാണുള്ളത്.
സഹായത്തിന് വിളിക്കാം
വൈദ്യുതി ലൈൻ അപകടം- 1056
ദുരന്ത നിവാരണ അതോറിറ്റി -1077
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
സംസ്ഥാന കൺട്രോൾ റൂം - 1070
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |