SignIn
Kerala Kaumudi Online
Thursday, 18 July 2024 9.36 AM IST

കുറുപ്പന്തറയിൽ വഴിമാറിയ ദുരന്തം

sad

വഴിതെറ്റിയെങ്കിലും കാർ യാത്രികർക്ക് ഭാഗ്യം തുണയായി

കോട്ടയം: ഭാഗ്യം, അത് മാത്രമായിരുന്നു ഇന്നലെ കുറുപ്പന്തറയിൽ അപകടത്തിൽപ്പെട്ട കാർ യാത്രികർക്ക് തുണയായത്. വലിയയൊരു ദുരന്തം വഴിമാറിയ ആശ്വാസത്തിലാണ് നാടും നാട്ടുകാരും. ഇന്നലെ കോരിച്ചൊരിയുന്ന മഴയിലാണ് ഹൈദരാബാദിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മാഞ്ഞൂരിന് സമീപം കുറുപ്പന്തറക്കടവിൽ തോട്ടിൽ വീഴുന്നത്. ഗൂഗിൽമാപ്പിനൊപ്പം കനത്തമഴയും അപകടത്തിൽ വില്ലനായി.

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. കമ്പം- ചേർത്തല മിനി ഹൈവേ ഭാഗത്ത് നിന്നാണ് ഇവർ കുറുപ്പന്തറയിലേക്ക് എത്തിയത്. കാറിന്റെ മുൻഭാഗത്തെ ചക്രം തോട്ടിലെ വെള്ളത്തിൽ ഇറങ്ങിയപ്പോൾ തന്നെ നാല് പേർക്കും അപകടം മണത്തു. വാഹനത്തിന് വേഗത കുറവായതിനാൽ കാറിൽ നിന്ന് നാല് പേർക്കും വേഗത്തിൽ പുറത്തിറങ്ങാനും കഴിഞ്ഞു. നാട്ടുകാർ എത്തുമ്പോൾ വാഹനം കണ്ടെത്താൻ പോലും ഏറെ പണിപ്പെട്ടു. അപകടത്തിൽപ്പെട്ടവരുടെ ഭാഷയും ആശയക്കുഴപ്പം സൃഷ്ടിച്ചു. വാഹനത്തിൽ കൂടുതൽ ആളുകൾ ഇല്ലെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.

അവർ ഭയന്നുവിറച്ചു...

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടം കാറിലുണ്ടായിരുന്നവർ തന്നെയാണ് നാട്ടുകാരെ അറിയിക്കുന്നത്. നാട്ടുകാർ എത്തുമ്പോൾ യാത്രക്കാർ ഭയന്നുവിറയ്ക്കുകയായിരുന്നു. ഏറെസമയമെടുത്താണ് ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഉടൻതന്നെ പൊലീസിലും വിവരമറിയിച്ചു. ഏറെദൂരം ഒഴുകിപ്പോയ കാർ തോടിന്റെ ഒരുഭാഗത്ത് കരയിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

അദ്ധ്വാനത്തിന്റെ 8 മണിക്കൂർ

പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ട കാർ രാവിലെ 11 മണിയോടെയാണ് പൂർണമായും കരയിലേക്ക് വലിച്ചുകയറ്റിയത്. ആദ്യം നാട്ടുകാർ വാഹനം കരയ്ക്കുകയറ്രാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാഹനം ഏറെദൂരം ഒഴുകിപ്പോയതാണ് വെല്ലുവിളിയായത്. തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ക്രെയിൻ എത്തിച്ച് വാഹനം വലിച്ചുകയറ്റുകയായിരുന്നു.

ഈ ചതി ആദ്യമല്ല

ഗൂഗിൾ വഴിതെറ്റിച്ചണ്ടായ അപകടങ്ങൾ ഇത് ആദ്യമല്ല. പറവൂരിൽ രണ്ട് യുവഡോക്ടർമാർ സമീപകാലത്ത് ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ആധുനികകാലത്ത് ഡ്രൈവർമാർക്ക് ഏറെ സഹായകമാണ് ഗൂഗിൾ മാപ്പ്. സഹായി ആണെങ്കിലും പലപ്പോഴും ഇതിനും വഴി പിഴയ്ക്കാറുണ്ട്. ഇതറിയാതെ മാപ്പിനെ വിശ്വസിച്ച് പോകുന്നവർ അപകടത്തിൽപ്പെടുകയും ചെയ്യും. എളുപ്പവഴിയിലൂടെ ലക്ഷ്യത്തിലെത്താനാണ് കൂടുതൽ പേർക്കും താത്പര്യം. ഇവിടെയാണ് ഗൂഗിൾ മാപ്പ് പ്രശ്നക്കാരനാവുന്നതും. ട്രാഫിക്ക് കുറവുള്ള റോഡുകളെയാണ് മാപ്പിന്റെ അൽഗോരിതം എളുപ്പവഴിയായി കാണിച്ചുതരുന്നത്. അധികം ആളുകൾ ഉപയോഗിക്കാത്തതിനാൽ ഇത്തരം റോഡുകൾ മണ്ണിടിച്ചിൽ, കരകവിയുന്ന പുഴകൾ, അപകടാവസ്ഥയിലായ പാലങ്ങൾ തുടങ്ങിയ കെണികൾ നിറഞ്ഞതായിരിക്കാം.

സഹായിക്കും പൊലീസ്

ഗൂഗിൾ മാപ്പ് കുടുക്കിയെങ്കിൽ നിങ്ങൾ ആദ്യം ആശ്രയിക്കേണ്ടത് പൊലീസിനെയാണ്. പൊലീസ് കൺട്രോൾ റൂമിനെ ബന്ധപ്പെടാം. 112 എന്ന നമ്പർ ഇതിനായി ഓർത്തുവയ്ക്കുക.ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനെയും സമീപിക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.