SignIn
Kerala Kaumudi Online
Thursday, 26 September 2024 3.10 AM IST

വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, കൂടുതൽ ഇരകളും അത്തരക്കാർ; മാനം കവരുന്ന പുതിയ തട്ടിപ്പ്

Increase Font Size Decrease Font Size Print Page
lady

മദ്ധ്യപ്രദേശിൽ അദ്ധ്യാപികയെന്ന വ്യാജേന ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് ഏഴു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന വാർത്ത ഉൾക്കിടിലത്തോടെയാണ് നമ്മൾ കേട്ടത്. ആരും എപ്പോഴും എവിടെയും പറ്റിക്കപ്പെടാമെന്നുള്ള മുന്നറിയിപ്പുകൂടി നൽകുന്നതാണ് ഈ വാർത്ത. എഐയുടെ കടന്നുവരവോടെ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാനാവാത്ത മട്ടാണ്. സാങ്കേതിക വിദ്യയിൽ പിന്നാക്കം നിൽക്കുന്നവർ മാത്രമല്ല ടെക്നോക്രാറ്റുകൾ പോലും പറ്റിക്കപ്പെടും. ഒരാളെ പറ്റിച്ച് തട്ടിപ്പുനടത്താൻ ഫോണിൽ നെറ്റ് കണക്ഷൻ എടുക്കാനുള്ള ചെലവല്ലാതെ നയാ പൈസ വേണ്ട. പക്ഷേ തട്ടിപ്പുകാർക്ക് തിരിച്ചുകിട്ടുന്നത് പ്രതീക്ഷിച്ചതിനെക്കാൾ ഏറെയായിരിക്കും. സംഭവം പുറംലോകം അറിഞ്ഞാലും കുറ്റവാളികളെ പിടികൂടുന്നത് അത്ര എളുപ്പവുമല്ല. അതുകൊണ്ടാണ് ക്രിമിനൽ ബുദ്ധിയുള്ളവർ പുതിയ തട്ടിപ്പിനായി സൈബർ ലോകത്തെ കൂട്ടുപിടിക്കുന്നത്.

എഐ വേണ്ട, അതിനെക്കാൾ സിംപിൾ

തട്ടിപ്പിന് എഐ സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കേണ്ട ആവശ്യമേയില്ല. നമ്മുടെ ഫോണിലെ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പുമാത്രം മതി ശബ്ദംമാറ്റി പറ്റിക്കാൻ. മാജിക്ക് കാൾ പോലുള്ള വോയിസ് ചെയിഞ്ചിംഗ് കാളുകൾ തന്നെ ഒരാളെ പറ്റിക്കാൻ ധാരാളം. ഈ ആപ്ളിക്കേഷൻ എടുത്തശേഷം സ്ത്രീയുടെ ശബ്ദത്തിൽ സംസാരിക്കാനുള്ള ഐക്കൺ ഞെക്കി സംസാരിച്ചുതുടങ്ങിയാൽ മതി. അങ്ങേത്തലയ്ക്കൽ ഫോണെടുക്കുന്ന ആൾക്ക് ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നുതന്നെ തോന്നും. ആരെയാണോ അനുകരിക്കുന്നത് അയാൾ സംസാരിക്കുമ്പോഴുള്ള പ്രത്യേകതകൾ കൂടി അറിയാമെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും. മദ്ധ്യപ്രദേശിൽ സംഭവിച്ചതും ഇതാണെന്നാണ് പൊലീസ് നൽകുന്നത്.

ആൻഡ്രോയിഡ് ഫോണിലും ഐ ഫോണിലും ഒരുപോലെ പ്രവർത്തിക്കുന്ന ആപ്പ് ഉപയോഗിക്കാൻ തുടക്കത്തിൽ കാശാെന്നും ചെലവാകില്ല. ടെസ്റ്റ് ഡോസായി കുറച്ച് കാളുകൾ സൗജന്യമായി ചെയ്യാം. അതുകഴിഞ്ഞാൽ നിശ്ചിതമാസത്തേക്കുള്ള പ്ലാൻ എടുക്കേണ്ടിവരും. ഇത്തരം ആപ്പുകൾ എങ്ങനെയാണ് നന്നായി ഉപയോഗിക്കേണ്ടത് എന്നുപഠിപ്പിക്കാൻ യൂട്യൂബ്, ട്യൂട്ടോറിയൽ വീഡിയോകൾ ഇന്റർനെറ്റിൽ ധാരാളം ഉണ്ട്.

ek

നായനാരും ജയലളിതയും

വർഷങ്ങൾക്കുമുമ്പ് അന്തരിച്ച, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇകെ നായനാരും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് വോട്ടുതേടി എത്തിയിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി ജോയിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചായിരുന്നു നായനാർ എത്തിയത്. തമിഴ്നാട്ടിൽ എടപ്പാടി കെ പളനിസ്വാമിക്കു വേണ്ടി വോട്ടുചോദിച്ചുകൊണ്ടായിരുന്നു ജയലളിത വന്നത്. ഇരുവരുടെയും വീഡിയോകളാണ് പ്രത്യക്ഷപ്പെട്ടത്.

നിർമ്മിത ബുദ്ധിയുടെ (എ.ഐ) സഹായത്തിൽ നിർമ്മിച്ച വീഡിയോയിലൂടെയാണ് നായനാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സി പിഎം കളത്തിലിറക്കിയത്. അദ്ദേഹത്തിന്റെ രൂപവും ഭാവവും മാത്രമല്ല ചുണ്ടനക്കവും കണ്ണൂർ സംസാര ശൈലി പോലും ഒറിജിനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് വീഡിയോയിൽ അവതരിപ്പിച്ചത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറായ സ്റ്റേബിൾ ഡിഫ്യൂഷൻസ് ഉൾപ്പെടെ ഉപയോഗിച്ചാണ് വീഡിയോ ഉണ്ടാക്കിയത്. വർഷങ്ങൾക്ക് മുമ്പ് നായനാർ ജനങ്ങളുമായി സംവദിച്ച ഫയൽ വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സംസാരശൈലി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ചതായിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് ഇത്തരത്തിലുള്ള വീഡിയോ ഉപയോഗിച്ചത്. തട്ടിപ്പിനുവേണ്ടിയും ഇതുപാേലുള്ള വീഡിയോകൾ ഉപയോഗിക്കുന്നുണ്ട്.

ആവേശം ആശങ്കയിലേക്ക്

ചരിത്ര പുരുഷന്മാർ ന്യൂ ജെൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കാണികൾ അത്ഭുതവും ആവേശവും കൊണ്ട് എഴുന്നേറ്റുനിന്ന് കയ്യടിച്ചിട്ട് അധിക വർഷങ്ങളായില്ല. വി.എഫ്.എക്സ് സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു ചരിത്രപുരുഷന്മാരെ സിനിമയിൽ എത്തിച്ചത്. പക്ഷേ, ആവേശം ആശങ്കയ്ക്ക് വഴിമാറാൻ അധിക സമയം വേണ്ടിവന്നില്ല. നടിമാരുടെയും മറ്റും ഒറിജിനലിനെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള വ്യാജ നഗ്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് തന്റെ മകളുടെയും ഭാര്യയുടെയും സഹാേദരിയുടെയും അമ്മയുടെയും ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടേക്കാം എന്ന് മലയാളികൾ ഉൾപ്പടെയുള്ളളവർ തിരിച്ചറിഞ്ഞത്. നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് കൂടുതൽ ആശങ്ക ഉയർന്നുതുടങ്ങിയത്. 2017ൽ റെഡിറ്റ് എന്ന സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിലാണ് ആദ്യമായി ഒരു ഡീപ് ഫേക്ക് വീഡിയോ പുറത്തുവരുന്നത്.

എ.ഐയുടെ സഹായത്തോടെ വ്യക്തിയുടെ രൂപം,​ മുഖം, ശബ്ദം, പെരുമാറ്റം തുടങ്ങി ചുണ്ടുകളുടെ ചെറുചലനം വരെ മാറ്റുന്ന രീതിയാണ് ഡീപ് ഫേക്ക്. ഇതിനായി പ്രത്യേക അൽഗോരിതങ്ങളും സോഫ്ട്‌വെയറുകളും ആപ്പുകളും ഉപയോഗിക്കും. ഒറ്റ നോട്ടത്തിൽ അല്ല എത്ര സൂക്ഷിച്ചുനോക്കിയാലും ഒറിജിനലല്ലെന്ന് ആരും തിരിച്ചറിയില്ല. ഇത്തരം വീഡിയോകൾ തിരിച്ചറിയാനുളള വഴികൾ ഉണ്ടെങ്കിലും അതൊന്നും അധികമാർക്കും അറിയില്ല.

lady

സെലിബ്രിട്ടികളുടെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയാൽ അവരുടെ സോഷ്യൽ മീഡിയാ കുറിപ്പുകളിലൂടെ ജനങ്ങൾ അതറിയും. എന്നാൽ സാധാരക്കാരുടെ കാര്യമോ? കാണുന്ന വീഡിയോ ഒറിജിനലാണെന്നുതന്നെ മാലോകർ വിശ്വസിക്കും. ഒരുമുഴം കയറിലോ ഒരുകുപ്പി വിഷത്തിലോ അവർക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നേക്കാം. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണമാണ് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AI, VOICE CHANGING CALL, DEEP FAKE VEDIO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.