SignIn
Kerala Kaumudi Online
Tuesday, 25 June 2024 10.42 AM IST

മൂന്നാം കൊൽക്കത്ത മുത്തം

ipl

ചെന്നൈ : ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഏകപക്ഷീയമായ ഫൈനലിൽ എട്ടുവിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തങ്ങളുടെ മൂന്നാം ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടു. ഈ സീസണിൽ വമ്പൻ സ്കോറുകളുടെ ആശാന്മാരായിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ 18.3 ഓവറിൽ 113 റൺസിന് ആൾഔട്ടാക്കിയ ശേഷം 57 പന്തുകളും എട്ടുവിക്കറ്റുകളും ബാക്കിയാക്കി ശ്രേയസ് അയ്യരും കൂട്ടരും വിജയത്തിലെത്തുകയായിരുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 114 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. അർദ്ധസെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരും (52 നോട്ടൗട്ട് ), 39 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസും കൊൽക്കത്തയുടെ ചേസിംഗ് ഈസിയാക്കി. നരെയ്നെയും (6) ഗുർബാസിനെയും മാത്രമാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് ആൾഔട്ടാക്കുകയായിരുന്നു കൊൽക്കത്ത. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്നാണ്സൺറൈസേഴ്സിനെ 113ൽ ചുരുട്ടിയത്. 19 പന്തുകളിൽ 24 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. മാർക്രം (20), നിതീഷ് റെഡ്ഡി(13), ക്ളാസൻ (19) എന്നിവർക്ക് മാത്രമാണ് സൺറൈസേഴ്സ് നിരയിൽ കമ്മിൻസിനെക്കൂടാതെ രണ്ടക്കം കടക്കാനായുള്ളൂ.

ചെപ്പോക്കിൽ സൺറൈസേഴ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. 21 റൺസെടുക്കുന്നതിനിടെ അഭിഷേക് ശർമ്മ(2), ട്രാവിസ് ഹെഡ് (0), രാഹുൽ ത്രിപാതി (9) എന്നിവർ കൂടാരം കയറി. ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ റൺ വടങ്ങാതിരുന്ന മിച്ചൽ സ്റ്റാർക്ക് അഞ്ചാം പന്തിൽ അഭിഷേകിനെ ക്ളീൻ ബൗൾഡാക്കിയാണ് ആക്രമണം തുടങ്ങിയത്. അടുത്ത ഓവറിന്റെ അവസാന പന്തിൽ ആദ്യമായി സ്ട്രൈക്കിലെത്തിയ ട്രാവിസ് ഹെഡ് ഗോൾഡൻ ഡക്കായത് സൺറൈസേഴ്സിന് അടുത്ത ആഘാതമായി. വൈഭവ് അറോറയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയാണ് ഹെഡ് തലകുനിച്ച് മടങ്ങിയത്. അഞ്ചാം ഓവറിലാണ് രാഹുൽ ത്രിപാതി മടങ്ങിയത്. സ്റ്റാർക്കിനെ അനാവശ്യമായി ഉയർത്തിയടിക്കാൻ ശ്രമിച്ച ത്രിപാതിയെ രമൺദീപ് സിംഗ് ക്യാച്ചെടുത്ത് മടക്കി അയച്ചത്.

തുടർന്ന് എയ്ഡൻ മാർക്രമും(20) നിതീഷ് കുമാർ റെഡ്ഡിയും (13) ചേർന്ന് ചെറുത്ത് നിൽക്കാൻ ശ്രമിച്ചു. ആറോവർ പവർ പ്ളേ കഴിയുമ്പോൾ 40/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഏഴാം ഓവറിന്റെ അവസാനപന്തിൽ ഹർഷിത് റാണ നിതീഷിനെ കീപ്പർ ഗുർബാസിന്റെ കയ്യിലെത്തിച്ചതോടെ അവർ 47/4 എന്ന നിലയിലായി. അഞ്ചാം വി​ക്കറ്റി​ൽ മാർക്രമും ഹെൻറിച്ച് ക്ളാസനും (16) ചേർന്ന് കുറച്ചുനേരം മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും കൊൽക്കത്ത പിടിവിട്ടില്ല. 11-ാം ഓവറിൽ റസലിന്റെ പന്തിൽ സ്റ്റാർക്ക് മാർക്രമിനെ പിടികൂടി തിരിച്ചയച്ചു. അടുത്ത ഓവറിൽ വരുൺ ചക്രവർത്തി ഷഹബാസ് അഹമ്മദിനെയും (8) കൂടാരം കയറ്റി. നരെയ്നായിരുന്നു ക്യാച്ച്. ഇംപാക്ട് പ്ളേയറായി ഇറങ്ങിയ അബ്ദുൽ സമദ് (4) 13-ാം ഓവറിൽ റസലിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങിയതോടെ ഹൈദരബാദ് 77/7 എന്ന നിലയിലായി. 15-ാം ഓവറിൽ ടീം സ്കോർ 90ൽ വച്ച് ക്ളാസനെ ഹർഷിത് ബൗൾഡാക്കി.

തുടർന്ന് ജയ്ദേവ് ഉനദ്കദിനെക്കൂട്ടി സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് പോരാട്ടം തുടങ്ങി. 17-ാം ഓവറിൽ കമ്മിൻസ് ടീമിനെ 100 കടത്തി. 100 റൺസിലെത്താൻ കൃത്യം 100 പന്തുകളാണ് സൺറൈസേഴ്സിന് വേണ്ടിവന്നത്. ഇതിനിടയിൽ കമ്മിൻസിന്റെ ക്യാച്ച് സ്റ്റാർക്ക് മിസാക്കിയത് ഹൈദരാബാദിന് ആശ്വാസമായി. 18-ാം ഓവറിൽ ഉനദ്കദിനെ എൽ.ബിയിൽ കുരുക്കി സുനിൽ നരെയ്ൻ തന്റെ ജന്മദിനത്തിൽ വിക്കറ്റ് സ്വന്തമാക്കി. 19-ാം ഓവറിന്റെ രണ്ടാം പന്തിൽ കമ്മിൻസിനെ സ്റ്റാർക്കിന്റെ തന്നെ കയ്യിലെത്തിച്ച് റസൽ ഹൈദരാബാദിന്റെ ഇന്നിംഗ്സിന് കർട്ടനിട്ടു.

സ്കോർ ബോർഡ്

സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ്

അഭിഷേക് ശർമ്മ ബി സ്റ്റാർക്ക് 2, ട്രാവിസ് ഹെഡ് സി ഗുർബാസ് ബി വൈഭവ് അറോറ 0, രാഹുൽ ത്രിപാതി സി രമൺദീപ് ബി സ്റ്റാർക്ക് 9, മാർക്രം സി സ്റ്റാർക്ക് ബി റസൽ 20, നിതീഷ് കുമാർ സി ഗുർബാസ് ബി ഹർഷിത് റാണ 13,ക്ളാസൻ ബി ഹർഷിത് റാണ 16, ഷഹബാസ് അഹമ്മദ് സി നരെയ്ൻ ബി വരുൺ 8, അബ്ദുൽ സമദ് സി ഗുർബാസ് ബി റസൽ 4,കമ്മിൻസ് സി സ്റ്റാർക്ക് ബി റസൽ 24,ജയ്ദേവ് എൽ.ബി ബി നരെയ്ൻ 4, ഭുവനേശ്വർ നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 18.3 ഓവറിൽ 113ന് ആൾഔട്ട്.

വിക്കറ്റ് വീഴ്ച : 1-2(അഭിഷേക്),2-6(ഹെഡ്),3-21(ത്രിപാതി),4-47( നിതീഷ്),5-62( മാർക്രം),6-71( ഷഹ്‌ബാസ്),7-77(അബ്ദുൽ സമദ്),8-90( ക്ളാസൻ),9-113( ജയ്‌ദേവ്),10-113( കമ്മിൻസ്)

ബൗളിംഗ്

സ്റ്റാർക്ക് 3-0-14-2, അറോറ 3-0-24-1 , റാണ 4-1-24-2 ,നരെയ്ൻ 4-0-16-1, റസൽ 2.3-0-19-3 , വരുൺ 2-0-9-1

2012, 2014 വർഷങ്ങളിലാണ് കൊൽക്കത്ത ഇതിന് മുമ്പ് കിരീടം നേടിയത്. അന്ന് നായകനായിരുന്ന ഗൗതം ഗംഭീറാണ് ഇപ്പോൾ ടീമിന്റെ മെന്റർ.

113

ഐ.പി.എൽ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് സൺറൈസേഴ്സിന് ഇന്നലെ നേടാനായത്. ഈ സീസണിൽ ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന സ്കോറായ 287/3 നേടിയ ടീമാണ് സൺറൈസേഴ്സ്.

ഐ.പി.എൽ അവാർഡ്സ്

ഓറഞ്ച് ക്യാപ്പ് : വിരാട് കൊഹ്‌ലി

പർപ്പിൾ ക്യാപ്പ് : ഹർഷൽ പട്ടേൽ

പ്ളേയർ ഒഫ് ദ ഫൈനൽ : മിച്ചൽ സ്റ്റാർക്ക്

എമേർജിംഗ് പ്ളേയർ : നിതീഷ് കുമാർ റെഡ്ഡി

ക്യാച്ച് ഒഫ് ദ സീസൺ : രമൺദീപ് സിംഗ്

മോസ്റ്റ് വാല്യുബിൾ പ്ളേയർ ഒഫ് ദ സീസൺ : സുനിൽ നരെയ്ൻ

ബാറ്റിംഗ് ടോപ് 5

(കളിക്കാരൻ , ടീം,കളി ,റൺസ് എന്ന ക്രമത്തിൽ )

വിരാട് കൊഹ്‌ലി - ആർ,സി.ബി - 15-741

റുതുരാജ് - ചെന്നൈ - 14-583

റയാൻ പരാഗ് -രാജസ്ഥാൻ- 16-573

ട്രാവിസ് ഹെഡ്-ഹൈദരാബാദ് 15-567

സഞ്ജു സാംസൺ - രാജസ്ഥാൻ - 16-531

ബൗളിംഗ് ടോപ് 5

(കളിക്കാരൻ , ടീം,കളി , വിക്കറ്റ് എന്ന ക്രമത്തിൽ )

ഹർഷൽ പട്ടേൽ - പഞ്ചാബ് - 14-24

വരുൺ ചക്രവർത്തി-കൊൽക്കത്ത-15-21

ജസ്പ്രീത് ബുംറ - മുംബയ് -13-20

ആന്ദ്രേ റസൽ - കൊൽക്കത്ത-15-19

ഹർഷിത് റാണ - കൊൽക്കത്ത-13-19

കൊൽക്കത്തയുടെ വിജയരഹസ്യം

1. 10 കൊല്ലം മുമ്പ് തങ്ങളെ അവസാനമായി കിരീടത്തിലെത്തിച്ച നായകൻ ഗൗതം ഗംഭീറിനെ നായകനായി തിരിച്ചെത്തിച്ച ടീമുടമ ഷാറൂഖ് ഖാന്റെ തീരുമാനം കൊൽക്കത്തയ്ക്ക് പകർന്നത് പുതിയ ഉൗർജ്ജമാണ്.

2. 24.75 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാക്കിനെ ലേലത്തിൽ വാങ്ങിയപ്പോൾ പരിഹസിച്ചവർക്ക് ഗംഭീർ നൽകിയ മറുപടിയാണ് ഈ കിരീടം. ഫൈനലുൾപ്പടെ നിർണായക മത്സരങ്ങളിൽ കുന്തമുനയായി മാറിയ സ്റ്റാർക്ക് 17 മത്സരങ്ങളിൽ 17 വിക്കറ്റാണ് നേടിയത്.

3. ബാറ്റിംഗിനേക്കാൾ ബൗളിംഗിലാണ് കൊൽക്കത്ത ശ്രദ്ധിച്ചത്. വരുൺ,റസൽ, ഹർഷിത് റാണ, നരെയ്ൻ, വൈഭവ് അറോറ തുടങ്ങിയ ബൗളർമാരെ കൃത്യമായി ഉപയോഗിക്കാൻ ഗംഭീറിന് കഴിഞ്ഞു.

4. തന്റെ ബാറ്റിംഗ് മികവ് നരെയ്ൻ പുറത്തെടുത്തതും ബൗളറായി റസൽ കൂടുതൽ മികവ് കാട്ടിയതും വിജയങ്ങളിൽ നിർണായകമായി.

5. അത്ര മികച്ച ഫോമിലായിരുന്നില്ലെങ്കിലും നായകനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രേയസ് അയ്യർക്ക് കഴിഞ്ഞു.

20 cr

ഇരുപത് കോടി രൂപയാണ് ഐ.പി.എൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിന് ലഭിച്ചത്. റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സിന് 13 കോടി ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.