കൂടൽ: ഒറ്റയ്ക്കുതാമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കടന്ന് മാല പിടിച്ചുപറിച്ച പ്രതികളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ് (22), കുന്നിട ചെളിക്കുഴി നെല്ലിവിളയിൽ വീട്ടിൽ ഗോകുൽ കുമാർ (28)എന്നിവരെയാണ് പിടികൂടിയത്. കഞ്ചോട് സ്വദേശിനി തങ്കമ്മ യുടെ മാലയാണ് പ്രതികൾ മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.30ന് എഴുപത്തെട്ടുകാരിയായ തങ്കമ്മ ഉറങ്ങിക്കിടക്കുമ്പോൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഭീഷണിപ്പെടുത്തി മാല പറിച്ചെടുക്കുകയായിരുന്നു. ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് കവർന്നത്.
ഒളിവിൽ കഴിഞ്ഞ പ്രതികളെ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെരുമ്പാവൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അനൂപ് മുമ്പും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്, ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നിയമനടപടികൾ തുടർന്നുവരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും പിടിയിലായിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |