2020ൽ ഒടിടിയിൽ റിലീസ് ചെയ്ത നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് മൂക്കുത്തി അമ്മൻ. ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ചോദ്യം ചെയ്ത കോമഡി എന്റർടെയ്നറായിരുന്നു. ഇപ്പോഴിതാ മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം ഒരുങ്ങാൻ പോകുന്നുവെന്ന വാർത്തകളാണ് വരുന്നത്.
രണ്ടാം ഭാഗത്തിൽ പ്രധാന വേഷം ചെയ്യാൻ പോകുന്നത് നയൻതാരയല്ലെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന് പകരം തെന്നിന്ത്യൻ നടി തൃഷയാണ് നായികയായി എത്തുന്നതെന്നും സൂചനയുണ്ട്. തൃഷയും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. സംവിധായകനായ ബാലാജി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.
മൂക്കുത്തി അമ്മനിൽ ബാലാജിയെ കൂടാതെ , ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും ഇതേ താരങ്ങൾ തന്നെയാകും അണിനിരക്കുക. ജീവിക്കാനായി കഷ്ടപ്പെടുന്ന ഒരു യുവാവിന്റെയും കുടുംബത്തിന്റെയും മുന്നിൽ അവരുടെ കുലദൈവമായ മുക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്.
അതേസമയം, മലയാള ചിത്രമായ 'ഡിയർ സ്റ്റുഡൻസ്' ആണ് നയൻതാരയുടെ പുതിയ ചിത്രം, നിവിൻ പോളി നായകനായ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. നയൻതാര ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും. കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.നിവിൻ പോളിയും കോളേജ് കുട്ടികളും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
കർമ്മ മീഡിയ നെറ്റ് വർക്ക് എൽ.എൽ.പി. അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം മുജീബി മജീദ് ആണ് സംഗീത സംവിധാനം. 'ലൗ ആക്ഷൻ ഡ്രാമയ്ക്കു'ശേഷം നിവിൻ പോളിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. 2019 സെപ്തംബർ അഞ്ചിന് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി - നയൻതാര കോമ്പോയ്ക്ക് വലിയ സ്വീകാര്യതയാണ് ആ ചിത്രത്തിലൂടെ ലഭിച്ചത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഗോൾഡിനുശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |