തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നും കോൺഗ്രസിന്റെ മുഖം വികൃതമാക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ഈ സമയത്ത് പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
'അപ്രതീക്ഷിതമായ തോൽവിയുണ്ടാകുമ്പോൾ പ്രവർത്തകരിൽ പല വികാരങ്ങളുണ്ടാകും. തൃശൂരിലെ സംഘർഷത്തെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. അടിയും പോസ്റ്റർ യുദ്ധവും ഒന്നും നല്ലതല്ല. 20ൽ 18 സീറ്റ് ലഭിക്കുകയും 110ഓളം സീറ്റുകളിൽ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ കെ സുധാകരനെ മാറ്റാൻ പാടില്ലെന്ന അഭിപ്രായമാണ് തനിക്കുള്ളത്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റണം എന്ന് പറയുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ അദ്ധ്യക്ഷനായി തുടരണമെന്നാണ് തനിക്ക് അഭിപ്രായമുള്ളത്'- കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയത്. കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയടക്കം നിരവധി പേർക്ക് മർദ്ദനമേറ്റു. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സജീവൻ കുരിയച്ചിറ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്ഥലത്തെത്തിയ മുൻ എംഎൽഎ പിഎ മാധവൻ സജീവനെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.
സംഘർഷത്തിനിടെ മുകളിലത്തെ നിലയിലേക്ക് പോയ ഡിസിസി പ്രസിഡന്റും സംഘവും താഴേക്കിറങ്ങിയാൽ തടയുമെന്ന മുന്നറിയിപ്പുമായി രാത്രി വൈകിയും ഒരു സംഘം പുറത്ത് നിലയുറപ്പിച്ചു. സംഘർഷത്തെ തുടർന്ന് തൃശൂർ എ.സി.പി സുദർശനന്റെ നേതൃത്വത്തിൽ പൊലീസെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെ സജീവൻ കുരിയച്ചിറയും പ്രവർത്തകരും ഓഫീസിന്റെ താഴെ നിൽക്കുമ്പോൾ എത്തിയ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായി വാക്കുതർക്കമുണ്ടായി.
തുടർന്ന് ജോസ് വള്ളൂരും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് താണിക്കുടം, കെ.എസ്.യു നേതാവ് വിമൽ എന്നിവരും ചേർന്നാണ് മർദ്ദിച്ചതെന്ന് സജീവൻ കുരിയച്ചിറ ആരോപിച്ചു. സജീവന് മർദ്ദനമേറ്റതറിഞ്ഞ് കൂടുതൽ പേരെത്തിയതോടെ വഷളായി. യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരായിരുന്നു ഇരുവിഭാഗത്തും.
കെ.മുരളീധരനെ തോൽപ്പിച്ച ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ദിവസമായി ഡി.സി.സി ഓഫീസ് പരിസരത്ത് പോസ്റ്റർ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നിൽ സജീവൻ കുരിയച്ചിറയാണെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |