ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ 6 റൺസിന് തോൽപ്പിച്ച് ഇന്ത്യ
ഇന്ത്യ 19 ഓവറിൽ 119ന് ആൾഔട്ട്
പാകിസ്ഥാൻ 20 ഓവറിൽ 113/7
ന്യൂയോർക്ക് : ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ആദ്യ ബാറ്റിംഗിനിറങ്ങി 119 റൺസിൽ ആൾഔട്ടായെങ്കിലും പോരാട്ടവീര്യം കൈവിടാതിരുന്ന ഇന്ത്യ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ നേടിയെടുത്തത് അവിസ്മരണീയ വിജയം. ഈസിയെന്ന് കരുതിയ ചേസിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യ 20 ഓവറിൽ 113/7 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയവും പാകിസ്ഥാന്റെ രണ്ടാം പരാജയവുമാണിത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ,ഒരു വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് അസാദ്ധ്യമെന്ന് ഒരു ഘട്ടത്തിൽ കരുതിയ വിജയം ഇന്ത്യയ്ക്ക് നൽകിയത്. ബാബർ അസം (13), റിസ്വാൻ (31), ഇഫ്തിഖർ (5) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
ഇന്നലെ ന്യൂയോർക്കിലെ നൗസൗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങേണ്ടിയിരുന്ന മത്സരം മുക്കാൽ മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. എന്നാൽ അധികനേരം കളിക്കാൻ മഴ സമ്മതിച്ചതുമില്ല. ഒരോവർ പന്തെറിഞ്ഞപ്പോഴേക്കും മഴ വീണ്ടുമെത്തി. പിന്നീട് അരമണിക്കൂറോളം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19 ഓവറിൽ 119 റൺസിന് ആൾഔട്ടായി.
നാലോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നസീം ഷായും മൂന്നോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫും നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആമിറും ഒരു വിക്കറ്റ് നേടിയ ഷഹീൻ ഷാ അഫ്രീദിയും ചേർന്നാണ് ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിൽ ആൾഔട്ടാക്കിയത്. 31പന്തുകളിൽ 42 റൺസ് നേടിയ റിഷഭ് പന്ത്, 18 പന്തുകളിൽ 20 റൺസ് നേടിയ അക്ഷർ പട്ടേൽ, 12 പന്തുകളിൽ 13 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വിരാട് കൊഹ്‌ലി (4) , സൂര്യകുമാർ യാദവ് (7), ശുഭം ദുബെ (3),ഹാർദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (0) എന്നിവർ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്.
ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ എട്ടുറൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയാണ് ആറുപന്തുകളും നേരിട്ടത്. ആദ്യ പന്തിൽ രോഹിത് ഡബിളിലെടുത്തു, മൂന്നാം പന്ത് ഓൺസൈഡിൽ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സിന് പറത്തി. അവസാന മൂന്ന് പന്തുകളിൽ റൺസ് നേടാനായില്ല. വിരാട് കൊഹ്‌ലിയാണ് രോഹിതിന് ഒപ്പം ഓപ്പണിംഗിനിറങ്ങിയത്. മഴയ്ക്ക് ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ വിരാട് കൊഹ്‌ലിയെ (4) ഇന്ത്യയ്ക്ക് നഷ്ടമായി. നസീം ഷായുടെ പന്തിൽ ഉസ്മാൻ ഖാന് ക്യാച്ച് നൽകിയാണ് വിരാട് മടങ്ങിയത്. പകരം റിഷഭ് പന്ത് കളത്തിലിറങ്ങി. പക്ഷേ മൂന്നാം ഓവറിന്റെ നാലാം പന്തിൽ അഫ്രീദി രോഹിതിനെയും പുറത്താക്കി. 12 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 13 റൺസാണ് രോഹിത് നേടിയിരുന്നത്. തുർടന്ന് അക്ഷർ പട്ടേലും റിഷഭ് പന്തും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ പട്ടേലും 12-ാം ഓവറിൽ സൂര്യയും 14-ാം ഓവറിൽ ശിവം ദുബെയും പുറത്തായി. 15-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ പന്തും ജഡേജയും കൂടി കൂടാരം കയറിയതോടെ ഇന്ത്യ 96/7 എന്ന നിലയിലായി. തുടർന്ന് ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ് (9*), സിറാജ് (7) എന്നിവർ ചേർന്ന് 119ലെത്തിച്ചു.
മറുപടിക്കിറങ്ങിയ പാകിസ്ഥാന്റെ ബാബർ അസം (13),ഉസ്മാൻ ഖാൻ (13),ഫഖാർ സമാൻ (13),ഷദാബ് ഖാൻ (4) എന്നിവരെ കൃതമായ ഇടവേളകളിൽ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഓവറിൽ 18 റൺസായിരുന്നു പാകിസ്ഥാന് വേണ്ടിവന്നത്. എന്നാൽ 11 റൺസേ നേടാനായുള്ളൂ.
89/3
എന്ന നിലയിൽ നിന്നാണ് ഇന്ത്യ 119ന് ആൾഔട്ടായത്. 30 റൺസിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ
7
ട്വന്റി-20 ലോകകപ്പിൽ ഇത് ഏഴാം തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത്.
119
ഒരു ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഏറ്റവും കുറഞ്ഞ സ്കോറിൽ ആൾഔട്ടായ സ്കോറാണ് ഇന്നലത്തേത്.
4-0-14-3
ചെറിയ സ്കോറും ചെറുത്തുനിൽക്കാൻ ഇന്ത്യയ്ക്ക് വീര്യം പകർന്ന ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ഫിഗർ.
സഞ്ജു ഇലവനിലില്ല
ഇന്ത്യയുടെ പ്ളേയിംഗ് ഇലവനിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് ഇടം പിടിക്കാനായില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തിയത്. ബംഗ്ളാദേശിനെതിരായ സന്നാഹ മത്സരത്തിൽ രോഹിതിന് ഒപ്പം സഞ്ജു ഓപ്പണിംഗിന് ഇറങ്ങിയെങ്കിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. വിരാട് എത്തിയതോടെ ഓപ്പണിംഗിൽ സഞ്ജുവിന് സ്ഥാനമില്ലാതായി.
ഇന്ത്യ പാക് മത്സരം കാണാനായി മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവ്‌രാജ് സിംഗ്, മുൻ പാക് താരം ഷാഹിദ് അഫ്രീദി തുടങ്ങിയവരെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |