SignIn
Kerala Kaumudi Online
Thursday, 18 July 2024 9.25 AM IST

സുവർണചാരുതയുമായി ചെങ്ങാലിക്കോടൻ: ശുഭ പ്രതീക്ഷയിൽ ഓണവിപണി

photo

വടക്കാഞ്ചേരി: മറ്റൊരു ഓണക്കാലത്തെ വരവേൽക്കാനുള്ള വിഭവങ്ങൾക്കായി കൃഷിയിടം ഒരുങ്ങുകയാണ്, അതിൽ പ്രധാനിയായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകളും തോട്ടങ്ങളിൽ തയ്യാറെടുക്കുന്നു. ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് ചെങ്ങാലിക്കോടൻ കൃഷിയുള്ളത്. വടക്കാഞ്ചേരി ബ്ലോക്കിലെ എരുമപ്പെട്ടി, വേലൂർ, മുണ്ടത്തിക്കോട് എന്നിവിടങ്ങളിലും പുഴയ്ക്കൽ ബ്ലോക്കിലെ പുത്തൂർ, തോളൂർ പ്രദേശങ്ങളിലും ചെങ്ങാലിക്കോടൻ കൃഷി സജീവമാണ്.

കാർഷിക സർവകലാശാലയുടെ വിപണന കേന്ദ്രങ്ങൾ, അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്കിനുകീഴിലുള്ള ഗ്രീൻ ആർമി വിപണ കേന്ദ്രങ്ങൾ, വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള കർഷകർ എന്നിവരിലൂടെ ചെങ്ങാലിക്കോടൻ തൈകൾ ലഭിക്കും. ഭൗമ സൂചികാ പദവി ലഭിച്ച വാഴയിനം കൂടിയാണിത്. കേരള കാർഷിക സർവകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണ്ടൂർ സഹകരണ ബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളാണ് ചെങ്ങാലിക്കോടൻ നേന്ത്രന് അന്താരാഷ്ട്ര പ്രാമുഖ്യം നേടിയെടുക്കാൻ സഹായിച്ചത്.

ചെങ്ങാലിക്കോടൻ വാഴക്കർഷകരുടെ കൂട്ടായ്മയുണ്ടാക്കി വൃക്ഷായുർവേദത്തിന്റെ സാദ്ധ്യതകൾ പരീക്ഷിച്ചു വരികയാണ് കൃഷി വകുപ്പ്. വൃക്ഷായുർവേദത്തിലെ ജൈവ വളക്കൂട്ടുകൾ ചെങ്ങാലിക്കോടൻ വാഴക്കൃഷിയിൽ പരീക്ഷിക്കുന്ന പദ്ധതിക്ക് മുള്ളൂർക്കര കൃഷി ഭവനിലാണ് തുടക്കം കുറിച്ചത്. വൃക്ഷായുർവേദത്തിൽ പരാമർശമുള്ള കന്നപജലം, ഗോമൂത്രാധിഷ്ഠിത ജൈവ കീടനാശിനികൾ എന്നിവ കൃഷിയിടത്തിൽ തയ്യാറാക്കി. ചെലവ് കുറഞ്ഞ രീതിയിലുള്ള കൃഷിക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇപ്പോൾ ഒരു കിലോ പഴത്തിന് 70 രൂപ മുതൽ മുകളിലോട്ടാണ് വില. കാലാവസ്ഥാ വ്യതിയാനം വിളവെടുപ്പിനെ ബാധിച്ചെന്ന് കർഷകർ പറയുന്നു. നേരത്തെ കായകൾ മൂത്തതോടെ പലയിടത്തും കുലകൾ വെട്ടിത്തുടങ്ങി. ഓണത്തിന് ഇനിയുമുണ്ട് ദിനങ്ങൾ. അതിനാൽ ഓണനാളുകളിൽ വില സെഞ്ച്വറിയടിക്കുമെന്നാണ് കർഷകപ്രതീക്ഷ.

ചെങ്ങാലിക്കോടൻ നട്ടാൽ ഒന്നും കളയാനില്ല. 13-ാം വയസിൽ തുടങ്ങിയതാണ് കൃഷി. ദാരിദ്ര്യകാലത്ത് ഒരു പഴം തിന്നാൻ തോന്നിയ മോഹം നടക്കാതായപോൾ കൃഷി തന്നെ ആരംഭിച്ചതാണ്. ഒരു വാഴയിൽ നിന്ന് നാല് കന്നുകൾ (വിത്ത് ) ലഭിക്കും. കന്നിന് വില 40 മുതൽ 50 രൂപ വരെ വിലയുണ്ട്. കുലക്ക് ചുരുങ്ങിയത് 1000 രൂപയും, കന്നിലൂടെ 400 രൂപയും സുരക്ഷിത വരുമാനമുണ്ട്.

- കല്ലായി ചന്ദ്രൻ, കർഷകൻ

ചെങ്ങാലിക്കോടൻ

ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലകളായി സമർപ്പിക്കുന്ന തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായ ചെങ്ങാലിക്കോടന് ചെങ്ങഴിക്കോടൻ എന്നും പേരുണ്ട്. 12 മുതൽ25 കിലോഗ്രാം വരെ തൂക്കമുള്ള കുലകളുണ്ടാകും. പടലകൾ പിരിഞ്ഞ്, ആനക്കൊമ്പ് പോലുള്ള കായകൾ പഴുക്കുമ്പോൾ സ്വർണവർണമാകും. അതിൽ കരപോലെ, തവിട്ടുനിറത്തിലുള്ള നീളൻ വരകളും രൂപപ്പെടും. നേന്ത്രപ്പഴങ്ങളിൽ ഏറ്റവുംകൂടുതൽ രുചിയുള്ളത് ഈയിനത്തിനാണ്.

ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശർക്കരവരട്ടിക്കും ധാരാളമായി ഉപയോഗിക്കുന്നു. നല്ല തുറന്ന സ്ഥലത്ത് നടുന്നതാണ് ഉത്തമം. ചെങ്കൽനിറഞ്ഞ വെട്ടുകൽ മണ്ണിൽ കൃഷി ചെയ്യാൻ ഏറ്റവും യോജിച്ച ഇനമാണ്. കൃഷിക്ക് പ്രത്യേകം പരിപാലനമുറകൾ ആവശ്യമുണ്ട്. തിരഞ്ഞെടുത്ത മാതൃവാഴയിൽ നിന്ന് ഇളക്കിയെടുത്ത മൂന്നര മാസം മൂപ്പുള്ള കന്നുകളാണ് നടീൽ വസ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.