പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് വെള്ള നിറത്തിലുള്ള പുങ്ങ്സാൻ ഇനത്തിലെ രണ്ടു നായകളെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സമ്മാനിച്ചു. ഉത്തര കൊറിയയിൽ വേട്ടയാടലിന് ഉപയോഗിക്കുന്ന നാടൻ ബ്രീഡാണ് പുങ്ങ്സാൻ. പുട്ടിന്റെ ഉത്തര കൊറിയൻ സന്ദർശനത്തിനിടെയായിരുന്നു കിമ്മിന്റെ സ്നേഹോപകാരം. കിമ്മിന് പുട്ടിൻ റഷ്യൻ നിർമ്മിത ആഡംബര ഓറസ് കാർ സമ്മാനിച്ചിരുന്നു. ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാമെന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിടുകയും ചെയ്തിരുന്നു.
വളർത്തുനായകളെ ഏറെ ഇഷ്ടമുള്ളയാളാണ് പുട്ടിൻ.കോന്നി, ബഫി, യൂമെ, വെർനി, പാഷ എന്നിങ്ങനെ നീളുന്നു പുട്ടിന്റെ വളർത്തുനായകൾ. മിക്കതും വിദേശനേതാക്കളുടെ സമ്മാനമാണ്. 2017ൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗർബാൻഗുലി ബെർഡിമുഹമെഡോവ് പിറന്നാൾ സമ്മാനമായി നൽകിയ വെർനി നായക്കുട്ടിയെ പുട്ടിൻ ഓമനിക്കുന്ന വീഡിയോ ലോകപ്രശസ്തമാണ്. പുട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു കോന്നി. ഔദ്യോഗിക യോഗങ്ങളിൽപോലും അനുവാദമില്ലാതെ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു കറുത്ത ലാബ്രഡോർ റിട്രീവറായ കോന്നിക്ക്. മുൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു സമ്മാനിച്ച കോന്നി 2014ൽ ചത്തുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |