SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.09 AM IST

കുറിഞ്ഞി അപകടമേഖല, ഭീതി കുറച്ചൊന്നുമല്ല

Increase Font Size Decrease Font Size Print Page
bus-1

രാമപുരം: നാട്ടുകാർ ഭയന്നത് ഇന്നലെ കുറിഞ്ഞിയിൽ ഒരുക്കൽകൂടി സംഭവിച്ചു. പാലാ-തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടമേഖലയായ കുറിഞ്ഞി കുഴിവേലി (തേക്കുങ്കൽ) വളവിൽ ദീർഘദൂര ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് വലിയദുരന്തം ഒഴിവായത്. കൊടുംവളവും ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് പലപ്പോഴും ഇവിടെ കെണിയാകുന്നത്. പരിചയക്കുറവുള്ള ഡ്രൈവർമാർക്ക് വളവിന്റെ ദൈർഘ്യം കൃത്യമായി മനസിലാകില്ല. പെട്ടെന്ന് ബ്രേക്ക് പിടിച്ചാൽ വാഹനം പൊടുന്നനെ തെന്നിമറിയും. ഇന്നലെ ബസ് അപകടത്തിന് കാരണവും ഇതുതന്നെയെന്നാണ് വിലയിരുത്തൽ. കുറിഞ്ഞി കുഴിവേലി വളവ് സ്ഥിരം അപകടമേഖലയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദീർഘദൂര ബസ് ഉൾപ്പെടെ പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. ഈ ഭാഗത്ത് റോഡിവളവിനൊപ്പം വലിയ ഇറക്കവുമുണ്ട്. വലിയ പാറക്കെട്ടും വഴിപരിചയമില്ലാത്ത ഡ്രൈവർമാർക്ക് വെല്ലുവിളിയാണ്. വളവ് വീശിയെടുത്ത് വരുന്നതോടെ വാഹനങ്ങൾ നിയന്ത്രണം വിടും. തൊടുപുഴ ഭാഗത്തേക്ക് പോകുമ്പോൾ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മിക്കതും തേക്കുങ്കൽ പുരയിടത്തിലേക്കാണ് വീഴുക. തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ റോഡിൽ വട്ടം മറിയുകയാണ് പതിവ്.

രണ്ട് വർഷത്തിനിടെ പരിക്കേറ്റവർ: 36


മൊട്ട ടയർ വില്ലനോ...?

ഇന്നലെ അപകടത്തിൽപ്പെട്ട ബസ് വളരെ വേഗം കുറച്ചാണ് വന്നതെങ്കിലും വളവിൽ സ്‌കിഡ് ചെയ്ത് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസിന്റെ ടയർ തേഞ്ഞ് നൂല് തെളിഞ്ഞിരുന്നതായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നാഗാലാന്റിൽ രജിസ്റ്റർ ചെയ്ത ബസാണിത്. സാധാരണയായി യാത്രക്കാരുമായി വരുന്ന ബസ് വിശദമായൊരു പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

തേക്കുങ്കൽ വളവിൽ നിരന്തരം അപകടമാണ്. ഒട്ടേറെ തവണ ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നു. ഈ ഭാഗത്തെ പാറ അരിഞ്ഞുതാഴ്ത്തി റോഡ് നേരെയാക്കണം. സംരക്ഷണഭിത്തി നിർമ്മിക്കണം

ലളിതാംബിക സലിൻ, തേക്കുങ്കൽ, കുറിഞ്ഞി.

ദീർഘദൂര ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്

കുറിഞ്ഞി കുഴിവേലി (തേക്കുങ്കൽ) വളവിൽ ഇന്നലെ ദീർഘദൂര ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അപകടം.

ബാംഗ്ലൂരിൽ നിന്നും തിരുവല്ലയ്ക്ക് പോവുകയായിരുന്ന ബാംഗ്ലൂർ കുമാർ വെങ്കിടേഷ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സുരാജ് ഹോളിഡേയ്‌സിന്റെ എ.സി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നതിനാൽ കൊക്കയിലേയ്ക്ക് മറിഞ്ഞുള്ള വലിയൊരു ദുരന്തം ഒഴിവായി. ബസിന്റെ ടയർ പൂർണമായും തേഞ്ഞ നിലയിലായിരുന്നു.

അപകടം നടന്നപ്പോൾ ഡ്രൈവർമാരടക്കം 20 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ നിലമ്പൂർ പുത്തൻവീട്ടിൽ സുനിൽ (32), കോ ഡ്രൈവർ വയനാട് കരുണക്കുറിശി സുബൈർ (43), കോട്ടയം അമയന്നൂർ സ്വദേശികളായ ആദർശ് അനിൽ (18), അമ്മ രാജി അനിൽ (50), പി.കെ. രജിമോൾ (53), വി.സി. അമൽ (18), അച്ഛൻ പി.കെ. ചന്ദ്രശേഖരൻ (60), മിനി (47), മകൾ അർച്ചന (17), കോട്ടയം വടവാതൂർ സ്വദേശികളായ ജെമിലി കെ. തോമസ് (30), ജിജോ നൈനാൻ ഉതുപ്പ് (30), കോട്ടയം സ്വദേശി അഭിലാഷ് (41), കല്ലറ സ്വദേശി ആനന്ദ് (32), പത്തനംതിട്ട സ്വദേശി അതുൽ (24), പന്തളം സ്വദേശി അലൻ (22), തിരുവല്ല സ്വദേശി ശാലു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൊടുപുഴയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.

ഡ്രൈവർ സുനിലിന്റെ കഴുത്തിന് പരിക്കുണ്ട്. മിനിയുടെ മുഖത്തിനും സാരമായ പരിക്കുണ്ട്. മഴയുള്ള സമയമായതിനാൽ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ടയർ തെന്നി ബസ് എതിർവശത്തേയ്ക്ക് മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഫോട്ടോ അടിക്കുറിപ്പ്
1. മൊട്ട ടയർ
2. ലളിതാംബിക സലിൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ACCIDENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.