ട്വന്റി-20: ലോകകപ്പ് ഓസ്ട്രേലിയയെ കീഴടക്ക് അഫ്ഗാനിസ്ഥാൻ
കിംഗ്‌സ്റ്റൺ: ഏകദിന ലോകകപ്പിൽ കൈയിലിരുന്ന വിജയം ഒറ്റയ്ക്ക് തട്ടിയെടുത്ത ഗ്ലെൻ മാക്സ്‌വെൽ വീണ്ടും ഭീഷണിയായെങ്കിലും ഇത്തവണ അഫ്ഗാനിസ്ഥാൻ പതറിയില്ല. ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 21 റൺസിന് കീഴടക്കി അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം സ്വന്തമാക്കി. കിംഗ്സ്റ്റണിലെ ആർണോസ് വാലെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. എന്നാൽ മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയെ 19.2 ഓവറിൽ 127 റൺസിന് ഓൾഔട്ടാക്കി അഫ്ഗാൻ ഏറെ നാളായി കാത്തിരുന്ന വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. തോറ്റാൽ പുറത്താകുമായിരുന്ന അഫ്ഗാൻ ജയത്തോടെ സെമി പ്രതീക്ഷകൾ നിലനിറുത്തി.
നയിബാണ് താരം
4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗുൽബദിൻ നയിബാണ് അഫ്ഗാന്റെ വിജയ ശില്പിയായത്. അപകടകാരിയായ മാക്സ്‌വെൽ, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കിയ നയിബ് തന്നെയാണ് കളിയിലെ താരം.
സൂപ്പർ ഓപ്പണിംഗ്
ഓപ്പണർമാരായ ഗുർബാസും ( 49 പന്തിൽ 60), ഇബ്രാഹിം സദ്രാനും (51) മികച്ച തുടക്കമാണ് അഫ്ഗാന് നൽകിയത്. ഇരുവരും 95 പന്തിൽ 118 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പതിനാറാം ഓവറിലാണ് ഓസീസിന് ഈ കൂട്ടുകെട്ട് പൊളിക്കാനായത്. ഗുർബാസിനെ ഡേവിഡ് വാർണറുടെ കൈയിൽ എത്തിച്ച് സ്റ്റോയിനിസാണ് കൂട്ടുകെട്ട് പൊളിച്ചത്. 4 വീതം സിക്സുംഫോറും ഗുർബാസ് നേടി. പിന്നീടെത്തിയവരിൽ ആർക്കും അഫ്ഗാൻ നിരയിൽ തിളങ്ങാനായില്ല.
വീണ്ടും ഹാട്രിക്ക്
പതിനെട്ടാം ഓവറിലെ അവസാന പന്തിൽ അഫ്ഗാൻ ക്യാപ്ടൻ റാഷിദ് ഖാനെയും (2), 20-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ യഥാക്രമം കരിം ജനതിനെയും (13), നയിബിനെയും (0) പുറത്താക്കി പാറ്റ് കമ്മിൻസ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് സ്വന്തമാക്കി. നേരത്തേ ബംഗ്ലാദേശിനെതിരെയും കമ്മിൻസ് ഹാട്രിക്ക് നേടിയിരുന്നു.
മാക്സിയുടെ ഒറ്റയാൾ പോരാട്ടം
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ (0) പുറത്താക്കി നവീൻ ഉൾ ഹഖ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തുടർന്ന് മാക്‌സ് വെല്ലിനൊഴികെ മറ്റാർക്കും ഓസീസ് നിരയിൽ പിടിച്ചു നിൽക്കാനായില്ല. 4 വിക്കറ്റ് വീഴ്ത്തിയ ഗുർബാസിനൊപ്പം 3 വിക്കറ്റ് വീഴ്ത്തിയ നവീനും അഫ്ഗാനായി മികച്ച ബൗളിംഗ് കാഴ്ചവച്ചു. ഒമർസായ്,റാഷിദ്,നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്ടൻ മാർഷ് (12), സ്റ്റോയിനിസ് (11) എന്നിവർക്ക് മാത്രമാണ് മാക്സ്‌വെല്ലിനെക്കൂടാതെ ഓസീസ് നിരയിൽ രണ്ടക്ക് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |