ഗയാന: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയെ ആര് നേരിടുമെന്ന് തീരുമാനിക്കാനുള്ള രണ്ടാം സെമി ഫൈനല്‍ വൈകുന്നു.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നടക്കേണ്ട ഗയാനയില്‍ മഴ പെയ്യുന്നത് കാരണമാണ് മത്സരം വൈകുന്നത്. പ്രാദേശിക സമയം രാവിലെ 10.30ന് ആരംഭിക്കേണ്ട മത്സരമാണ് മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം വൈകുന്നത്. മത്സരം മഴ കാരണം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് തുണയാകുക.
ടോസ് നടക്കേണ്ട സമയത്ത് മഴ മാറി നിന്നുവെങ്കിലും ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരത്തിന് ഗ്രൗണ്ട് സജ്ജമായിരുന്നില്ല. ഇതിനിടെ മഴ വീണ്ടും എത്തിയതോടെ ഗ്രൗണ്ടും പിച്ച് സ്ഥിതി ചെയ്യുന്ന ഭാഗവും കവര്‍ ചെയ്തിരിക്കുകയാണ്.
കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ (പ്രാദേശിക സമയം) ഗയാനയില്‍ മഴ തുടരുമെന്നാണ് സൂചന. സെമിക്ക് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ ഓവറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മുഴുവന്‍ ഓവറുകളുമായി മത്സരം നടക്കണമെങ്കില്‍ അത് ഇന്ത്യന്‍ സമയം 12.10 വരെയാണ് അനുവദിക്കുക.
സെമിഫൈനല്‍ ആയതിനാല്‍ തന്നെ മിനിമം പത്ത് ഓവര്‍ ഒരു ടീമിന് എന്ന രീതിയിലെങ്കിലും മത്സരം നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ നടക്കുകയുള്ളൂ. ഇതിനുള്ള കട്ട് ഓഫ് സമയം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.44 വരെയാണ്. ഇതിന് ശേഷവും മത്സരം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കളി ഉപേക്ഷിക്കാന്‍ മാച്ച് റഫറിക്ക് തീരുമാനമെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |