തിരുവനന്തപുരം: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിട്ടും 222 പേർക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കൊല്ലം ജില്ലയിൽ 61 പേർക്കും കോഴിക്കോട്ട് 38 പേർക്കും എറണാകുളം-28, മലപ്പുറം- 19, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 16 പേർക്ക് വീതവും പ്രവേശനം ലഭിക്കാനുണ്ടെന്നും ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിൽ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 68,161 സീറ്റുകളും 9270 സീറ്റുകളും ബാക്കിയുണ്ട്. ഇവയിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടരുകയാണ്. 54,397 പേർ ഇനിയും പ്രവേശനം നേടാനുണ്ട്.
മലപ്പുറത്തുള്ള 82,446 അപേക്ഷകരിൽ 53,762 പേർക്ക് അഡ്മിഷൻ ലഭിച്ചു. പ്ലസ് വൺ പ്രവേശനം താലൂക്കടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്ലസ് വൺ: അപേക്ഷിച്ച
എല്ലാവർക്കും സീറ്റ് കിട്ടുമെന്ന് മന്ത്രി
തിരുവനന്തപുരം: സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് കിട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. അതിനുശേഷവും ആർക്കെങ്കിലും പ്രവേശനം ലഭിക്കാതെയുണ്ടെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കും. സ്കൂൾ ട്രാൻസ്ഫർ സംബന്ധിച്ച പ്രശ്നങ്ങൾ പ്രവേശനം പൂർത്തിയാക്കിയതിനുശേഷം പരിശോധിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ സെന്ററിലും തിരക്കനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന കാര്യം പരിശോധിക്കും. പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ ഇതിനുള്ള പരിശീലനം നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ
എണ്ണം കുറഞ്ഞു; വലിയ കുറവല്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ 7163 പേരുടെ കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇതിൽ 6929 കുട്ടികളും കുറഞ്ഞത് സർക്കാർ സ്കൂളുകളിലാണ്. എയ്ഡഡ് സ്കൂളുകളിൽ 235 കുട്ടികൾ മാത്രമാണ് കുറഞ്ഞത്. സാധാരണ സി.ബി.എസ്.ഇ പത്താം ക്ലാസ് കഴിഞ്ഞ് ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾ സ്റ്റേറ്റ് സിലബസിലേക്ക് മാറാറുണ്ട്. ഈ വർഷം അതും കുറഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ, വൻതോതിലുള്ള കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 36,43,607 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 2,48,848 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷത്തെക്കാൾ അൺ എയ്ഡഡ് മേഖലയിൽ ഉൾപ്പെടെ 781 കുട്ടികൾ കൂടുതലാണ്. സർക്കാർ സ്കൂളുകളിൽ 8, 9, 10 ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
അതേസമയം, എസ്.സി, എസ്.ടി മേഖലയിൽ കുറവുണ്ടായിട്ടുണ്ട്. വാഹന സൗകര്യം അടക്കമുള്ള പ്രശ്നങ്ങളും അദ്ധ്യാപകരുടെ കുറവുംപരിഹരിക്കുന്നതിന് ഉടൻ നടപടിയെടുക്കും. ഉച്ചഭക്ഷണത്തിനുള്ള വിഹിതം വർദ്ധിപ്പിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |