SignIn
Kerala Kaumudi Online
Wednesday, 04 September 2024 2.14 AM IST

കലിയുഗത്തിൽ അശ്വത്ഥാമാവിന്റെ രൂപം എന്താണെന്ന് അറിയുമോ? ഈ ചിരഞ്ജീവി വരാറുള്ള രണ്ട് ക്ഷേത്രങ്ങൾ

Increase Font Size Decrease Font Size Print Page
aswathama

ചിരഞ്ജീവിയായ അശ്വത്ഥാമാവിന്റെ തപോഭൂമി കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ മുനിപ്പാറ എന്ന പ്രദേശമാണ് അശ്വത്ഥാമാവിന്റെ തപോഭൂമിയായി വിശ്വസിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. കോവളത്തിന് സമീപത്തായിട്ട് സ്ഥിതി ചെയ്യുന്ന അശ്വത്ഥാമാവിന്റെ ധ്യാന ഭൂമിയാണ് മുനിപ്പാറ. മുനിപ്പാറയിലെത്തി അവിടെ നിന്ന് നൂറ് മീറ്റർ നടന്നാൽ വലിയൊരു പാറപ്പുറത്ത് പടർന്നു പന്തലിച്ച ആൽമര തണലിൽ വിശ്രമിക്കുന്ന അശ്വത്ഥാമാവിന്റെ പ്രതിഷ്ഠ കാണാനാകും.

അശ്വത്ഥാമാവിന്റെ തപോവനഭൂമിയായ ഇവിടം ചെമ്പകപ്പൂക്കളാൽ അലങ്കൃതമാണ്. പാറയിൽ നിന്നു കിഴക്ക് നോക്കിയാൽ വെള്ളായണി കായലും, പടിഞ്ഞാറ് ഭാഗത്ത് കടലും കാണാം. അധികം ആൾത്തിരക്കില്ലാത്തതിനാൽ പാറയിൽ ഇളം കാറ്റേറ്റ് വളരെയെറെ നേരം സ്വസ്ഥമായി ഇരിക്കാനാകും.

munippara

പണ്ട് വനവാസ കാലത്ത് പഞ്ചപാണ്ഡവർ ഈ ഭൂമിയിലേയ്ക്ക് വന്നു എന്നും, അന്ന് അവിടെ ദാഹം തീർക്കാൻ നീരുറവ ഇല്ലാതിരുന്നതിനാൽ ഭീമൻ രണ്ട് കാലും എടുത്ത് ഉറച്ച് ചവിട്ടിയപ്പോൾ ജലാശയം രൂപപ്പെട്ടു എന്നും പറയപ്പെടുന്നു. അത്തരത്തിൽ രണ്ട് കാൽപ്പാടിന്റെ രൂപത്തിലുള്ള ഇവിടെയുള്ള ജലാശയം ഭീമൻ കിണർ എന്നറിയപ്പെടുന്നു. ഇവിടെ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ഠയും കാണാനാകും. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണവേളയിൽ ഇവിടെ നിന്നും കല്ല് കൊണ്ട് വന്നു എന്നും പറയപ്പെടുന്നു. ഈ പാറയ്ക്ക് സമീപമാണ് ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ഇത്രയും ശാന്തമായ മുനിപ്പാറയിൽ വന്നിരുന്നാൽ ഒരു ധ്യാനാന്തരീക്ഷമാണ് നമുക്ക് അനുഭവപ്പെടുക. മനോഹരമായ സൂര്യാസ്തമനം കാണാൻ ഇവിടെയ്ക്ക് എത്തിച്ചേരാം. മുനിപ്പാറയിൽ വച്ചാണ് അശ്വത്ഥാമാവിന് മോക്ഷം ലഭിച്ചതെന്നാണ് വിശ്വാസം.

മരണമില്ലാത്തവനാകട്ടെ എന്ന ശാപം അശ്വത്ഥാമാവിന് നൽകുന്നത് ശ്രീകൃഷ്‌ണനാണ്. ഒരിക്കലുമുണങ്ങാത്ത വ്രണവുമായി 3000 വർഷം അലഞ്ഞുനടക്കട്ടെ എന്ന ശാപമാണ് കൃഷ്‌ണൻ അശ്വത്ഥാമാവിന് നൽകിയത്. സമാധാനം കിട്ടാൻ അശ്വത്ഥാമാവ് വരുന്നത് തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലാണെന്നും വിശ്വാസമുണ്ട്. എന്നും വൈകിട്ടത്തെ ക്ഷേത്ര ദീപാരാധനയ‌്ക്ക് ചിരഞ്ജീവിയായ അശ്വത്ഥാമാവ് എത്താറുണ്ടത്രേ. ക്ഷേത്രത്തിലെ രണ്ട് ഉത്സവസമയത്തും ആൾക്കൂട്ടത്തിൽ ഒരാളായി അലഞ്ഞുനടക്കുന്നത് അശ്വത്ഥാമാവ് ആണെന്നും വിശ്വസിക്കപ്പെടുന്നു.

padmanabha-swamy

അശ്വത്ഥാമാവിന് ക്ഷേത്രങ്ങളോ പ്രതിഷ്ഠകളോ സാധാരണ കാണാൻ സാധിക്കുന്ന കാര്യമല്ല . എന്നാൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അശ്വത്ഥാമാ പ്രതിഷ്‌ഠയുണ്ട് .ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് അഭിമുഖമായ ശ്രീകോവിലിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കുടികൊള്ളുന്നു. ഒരു കാൽമുട്ടിന് മുകളിൽ മറ്റേ കാൽ കയറ്റിവച്ച് കൊണ്ട് ഇരിക്കുന്ന വേദവ്യാസന്റെ അടുത്ത് നിൽക്കുന്നതായിട്ടാണ് അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.

അശ്വത്ഥാമാവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു ക്ഷേത്രം വടക്കുനാഥക്ഷേത്രമാണ്. എല്ലാദിവസവും രാത്രിയിലുള്ള ഇവിടുത്തെ തൃപ്പുക കാണാൻ അശ്വത്ഥാമാവ് വരുമെന്നും, അതിനാൽ ഗോപുരത്തിന്റെ വാതിലിലോ വഴിയിലോ ആളുകൾ നിൽക്കാറില്ല.

vadakkumnatha-temple

മഹാഭാരതവും അശ്വത്ഥാമാവും

ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്ഥാമാവ്‌. ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവും വാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്.


മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍റെ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വരാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ കൃപാചാര്യര്‍, അശ്വത്ഥാമാവിനോട് ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.
അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാ‌ഢനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതവര്‍മാവിനേയും നിര്‍ത്തി.


ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതവര്‍മാവും ചേര്‍ന്ന് വധിച്ചു. പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.

ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു.


കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാവിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം. കലിയുഗത്തില്‍ ഈ ചിരംജീവി ആരാണെന്നറിയണ്ടേ? പക ,മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASHWATHAMA, ALL ABOUT ASHWATHAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.