SignIn
Kerala Kaumudi Online
Sunday, 13 October 2024 6.23 PM IST

യമാലേ...

Increase Font Size Decrease Font Size Print Page
yamal

ലോക ഫുട്ബാളിലെ പുത്തൻ സെൻസേഷനായി 17 തികയാത്ത സ്പാനിഷ് പടക്കുതിര ലാമിൻ യമാൽ

മ്യൂണിക്ക് : കഴിഞ്ഞരാത്രി നടന്ന യൂറോ കപ്പ് ഫുട്ബാളിന്റെ ആദ്യ സെമി ഫൈനലിൽ സ്പെയ്ൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തകർത്ത് ഫൈനലിലെത്തിയപ്പോൾ ലോകം ആഘോഷിച്ചത് ലാമിൻ യമാൽ എന്ന കൗമാരക്കാരന്റെ ഗോളായിരുന്നു. യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരൻ എന്ന റെക്കാഡ് മാത്രമല്ല ശനിയാഴ്ച 17-ാം പിറന്നാൾ ആഘോഷിക്കുന്ന ലാമിൻ യമാൽ തിരുത്തിയെഴുതിയത് ; ഒരു മേജർ ടൂർണമെന്റിൽ

ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സാക്ഷാൽ പെലെയുടെ റെക്കാഡ് കൂടിയാണ്.

ഈ യൂറോയ്ക്ക് സ്പെയ്ൻ തയ്യാറെടുക്കുമ്പോൾ തന്നെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയ പേരാണ് ലാമിൻ യമാലിന്റേത്. കഴിഞ്ഞവർഷംതന്റെ 15-ാം വയസിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ അരങ്ങേറിയപ്പോൾ തന്നെ പെലെയേയും മെസിയേയും ക്രിസ്റ്റ്യാനോയേയും എംബാപ്പെയേയുമൊക്കെപ്പോലെ കാലം കാത്തിരിക്കുന്ന പ്രതിഭയാണ് യമാലെന്ന് ലോകം തിരിച്ചറിഞ്ഞു. മെസിയെപ്പോലെ ബാഴ്സലോണയുടെ കളിത്തൊട്ടിലായ ലാ മാസിയയിൽ പന്തുതട്ടി വളർന്ന താരമാണ് യമാൽ. മെസിയും സാവിയും ഇനിയെസ്റ്റയും നെയ്മറുമൊക്കെ കൂടൊഴിഞ്ഞുപോയപ്പോൾ ക്ഷീണിച്ച ബാഴ്സലോണ കാത്തിരുന്ന രക്ഷകനാണ് ഈ കൗമാരക്കാരൻ. ബാഴ്സയുടെ മുൻ താരവും പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസാണ് ജൂനിയർ സംഘത്തിൽ നിന്ന് ആ 15കാരനെ സീനിയർ ടീമിലേക്ക് കൂട്ടിയത്. ബാഴ്സയുടെ ഫസ്റ്റ് ടീമിലെത്തിയ ആദ്യ സീസണിൽതന്നെ ടീം ലാ ലിഗ കിരീടം നേടിയപ്പോൾ യമാലിന്റെ രാശിയും തെളിഞ്ഞു. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ടീമിൽ സ്ഥിരക്കാരനായി. കഴിഞ്ഞ 101 വർഷത്തിനിടെ ബാഴ്സയുടെ കുപ്പായത്തിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞതാരമായിരുന്നു യമാൽ.

ഈ യൂറോകപ്പിൽ ക്രൊയേഷ്യയ്ക്ക് എതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.ആ മത്സരത്തിൽ ഡാനി കർവഹായലിന് ഗോളടിക്കാൻ നൽകിയ കിറുകൃത്യം ക്രോസ് യമാലിന്റെ പ്രതിഭയുടെ വിളംബരമായിരുന്നു. യൂറോയിൽ ഗോൾ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാൽ മാറി. ജോർജിയയ്ക്ക് എതിരായ പ്രീ ക്വാർട്ടർ ഫൈനലിലൂടെ നോക്കൗട്ടിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി. ആ മത്സരത്തിലും ഒരു അസിസ്റ്റ് നൽകി. ജോർജിയയ്ക്ക് എതിരെയും അസിസ്റ്റ് നൽകിയ യമാൽ ഫ്രാൻസിനെതിരെയാണ് ആദ്യഗോൾ നേടി ചരിത്രം കുറിച്ചത്.

മെസി കുളിപ്പിച്ച കുട്ടി

ഫ്രാൻസിനെതിരെ യമാൽ ഗോളടിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി അഞ്ചുമാസം യമാലിനെ മടിയിലെടുത്തുവച്ച് കുളിപ്പിക്കാനൊരുങ്ങുന്ന ചിത്രമാണ്. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യൂണിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങൾ പകർത്തിയത്.യമാലിന്റെ പിതാവ് മുനീർ നസ്രോയിയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മെസി കുളിപ്പിച്ച ചെക്കനാണ് ഇപ്പോൾ ഫ്രാൻസിനെ കുളിപ്പിച്ചുകിടത്തിയിരിക്കുന്നത് എന്ന രീതിയിലാണ് കമന്റുകൾ. ഫ്രാൻസിനെതിരെ സ്പെയ്നിന്റെ രണ്ടാം ഗോൾ നേടിയ ഡാനി ഓൾമോയും ചെറുപ്പകാലത്ത് മെസിക്കൊപ്പമിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2007

ജൂലായ് 13നാണ് ബാഴ്സലോണയിൽപെയ്ന്റിംഗ് തൊഴിലാളിയായിരുന്ന മുനീർ നസ്രോയിയുടെയും ഹോട്ടൽ വെയ്റ്റ്ട്രസായിരുന്ന ഷീല എബാനയുടെയും മകനായി ലാമിൻ യമാൽ ജനിക്കുന്നത്. മുനീർ മൊറോക്കോ വംശജനും ഷീല ഇക്വിറ്റോറിയൽ ഗിനയക്കാരിയുമായിരുന്നു. മുനീറിന്റെ അമ്മ 1988ൽ മൊറോക്കോയിൽ നിന്ന് സ്പെയ്നിലേക്ക് കുടിയേറിയതാണ്.

2010

മുനീറും ഷീലയും വിവാഹ ബന്ധം വേർപെടുത്തുമ്പോൾ യമാലിന്റെ പ്രായം മൂന്ന്. നാലാം വയസുമുതൽ കാറ്റലോണിയയിലെ പ്രാദേശിക ക്ളബായ ലാ ടൊറേറ്റയിൽ യമാൽ പന്തുതട്ടിത്തുടങ്ങി.

2013

ബാഴ്സലോണയുടെ ഫുട്ബാൾ അക്കാഡമിയിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. ഒരു വർഷം അവർ പരിശീലനം നൽകി നിരീക്ഷിച്ച ശേഷം 2014ൽ ഔദ്യോഗിക കരാർ ഒപ്പിട്ടു.

2021

സ്പാനിഷ് അണ്ടർ 15 ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്തുള്ള വർഷങ്ങളിൽ അണ്ടർ 16,17.19 ടീമുകൾക്ക് വേണ്ടി കളിച്ചു.

2022

സെപ്തംബറിൽ ബാഴ്സലോണയുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ കോച്ച് സാവി തിരഞ്ഞെടുത്തു. സീനിയർ ടീമിനൊപ്പം പരിശീലിച്ച വേളയിൽ പുറത്തെട‌ുത്ത മികവ് സാവിയെ ആകർഷിച്ചു.

2023

ബാഴ്സലോണ യമാലുമായി പ്രൊഫഷണൽ കരാറിൽ ഒപ്പിട്ടു. ഏപ്രിൽ 29ന് റയൽ ബെറ്റിസിന് എതിരായ മത്സരത്തിലൂടെ ബാഴ്സയുടെ കുപ്പായത്തിൽ ലാലിഗയിൽ അരങ്ങേറ്റം. 15 വർഷവും 9 മാസവും 16 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഇത്. ഇതേവർഷം സ്പാനിഷ് അണ്ടർ 17 ടീമിന് വേണ്ടി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നാലുഗോളുകൾ നേടി. തുടർന്ന് കോച്ച് ഫ്യുവന്റേ സീനിയർ ടീമിലേക്ക് വിളിപ്പിച്ചു. 2023 സെപ്തംബർ എട്ടിന് ജോർജിയയ്ക്ക് എതിരായ യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ ഗോളടിച്ച് അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, YAMAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.