കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടതുവോട്ടുകൾ പ്രധാനമായും ബി.ജെ.പിക്കാണ് പോയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിന്റെ കാരണം പരിശോധിക്കണം.
കെ.എസ്.കെ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയതയെ യു.ഡി.എഫ് ചേർത്തു നിർത്തിയപ്പോൾ ജാതിരാഷ്ട്രീയത്തെ ബി.ജെ.പി ഉപയോഗിച്ചു.ക്ഷേത്രങ്ങൾ അവരുടെ കേന്ദ്രങ്ങളാക്കാനാണ് ശ്രമം. ആരാധനാലയങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസികളെ ഒരിക്കലും പാർട്ടി മാറ്റി നിർത്തിയിട്ടില്ല.
കോൺഗ്രസിന് 2.8% വോട്ടു കുറഞ്ഞിട്ടും മലബാറിലെ മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ജയിച്ചതിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വർഗീയ പ്രസ്ഥാനങ്ങളാണ്. ഇന്ത്യാമുന്നണി നയിക്കുന്ന കോൺഗ്രസ് ജയിക്കുന്നതാണ് നല്ലതെന്ന് ന്യൂനപക്ഷ വിഭാഗം കരുതി. ക്രിസ്ത്യൻ വോട്ടിൽ ഒരുപങ്ക് പല കാരണങ്ങളാൽ ബി.ജെ.പിക്ക് അനുകൂലമായി. എസ്.എൻ.ഡി.പി. യോഗം ഉൾപ്പെടെ ഹിന്ദു വർഗീയവത്കരണത്തിന്റെ ഭാഗമായി.
ജനങ്ങളുടെ അതൃപ്തി
പരിഹരിക്കണം
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണണം. എങ്കിലേ ഇടതുപക്ഷത്തിന് തിരിച്ചുവരാനാവൂ. അത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. പെൻഷൻ കൊടുക്കാനുള്ള മുഴുവൻ വിഭാഗങ്ങൾക്കും കുടിശികയുൾപ്പെടെ കൊടുക്കണം. സഖാക്കൾ തിരുത്തേണ്ടിടത്ത് തിരുത്തണം. സർക്കാർ മുൻഗണനാക്രമം തീരുമാനിച്ച് പാവങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് ഉറപ്പാക്കണം. 20% വരുന്ന ദുർബല വിഭാഗങ്ങൾക്കുള്ള ആശ്വാസ നടപടികൾ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കാരണം പൂർത്തിയാക്കാത്തതിൽ ചിലർക്ക് അതൃപ്തിയുണ്ട്. മുതലാളിത്ത സമൂഹത്തിന്റെ ജീർണത നല്ലതുപോലെ നമ്മളിലേക്ക് അരിച്ചു കയറാൻ സാദ്ധ്യതയുണ്ട്. അതിനെ അപ്പപ്പോൾ ശുദ്ധീകരിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |