SignIn
Kerala Kaumudi Online
Sunday, 14 July 2024 3.23 AM IST

ചങ്കാണ് അദാനി

adani

സംഘികളുടെ സ്വന്തം ആളായ അദാനി മിടുമിടുക്കനും വളരെ നല്ലൊരു മനുഷ്യനുമാണെന്ന് ലേശം വൈകിയാണെങ്കിലും സ്ഥലത്തെ ദിവ്യന്മാർ തിരിച്ചറിഞ്ഞു. അദാനിജിയുടെ നടപ്പും ഭാവവുമൊക്കെ കണ്ടപ്പോൾ ജാഡക്കാരനാണെന്നു സഖാക്കൾ തെറ്റിദ്ധരിച്ചുപോയതാണ്. അടുത്തറിഞ്ഞപ്പോഴാണ് മനസിലായത്- ഇങ്ങനെയുണ്ടോ ഒരു പാവം. വിഴിഞ്ഞത്തെ ലോകത്തിന്റെ തുറമുഖമാക്കിയ അദാനി ചില്ലറക്കാരനല്ല. ലോകത്തിന്റെ വികസനത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ വിശാലകാഴ്ചപ്പാടുള്ള ഒരു സോഷ്യലിസ്റ്റിനേ കഴിയൂ. ലോകത്തിന്റെ വികസനം ഇന്ത്യയിലൂടെ എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. സോഷ്യലിസം മൂത്ത് പാകമാകുന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്ക് സഖാവ് അദാനി നമ്മുടെ സ്വന്തം ആളാണ്. സംഘികൾ അടിച്ചുമാറ്റി കൊണ്ടുപോകാൻ നോക്കിയെങ്കിലും കൈയോടെ പിടികൂടുകയായിരുന്നു. ഇനി വിട്ടുകൊടുക്കില്ല. അതുകൊണ്ട് സഖാക്കളാരും വിഴിഞ്ഞം തുറമുഖത്ത് ഇനി കൊടിപൊക്കുകയോ കപ്പലിന് കല്ലെറിയുകയോ ചെടിച്ചട്ടികൊണ്ട് രക്ഷാപ്രവർത്തനം നടത്തുകയോ ഇല്ലെന്ന് അദാനിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്.
തെറ്റിദ്ധാരണയുടെ പേരിൽ അദാനി വിഴിഞ്ഞം വേണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്നപ്പോൾ നമ്മുടെ വിശ്വസ്തരും മുൻതുറമുഖ മന്ത്രിമാരുമായ അഹമ്മദ് ദേവർകോവിലും രാമചന്ദ്രൻ കടന്നപ്പള്ളിയും തന്ത്രപരമായി കൂട്ടിക്കൊണ്ടുവരികയായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ ലീഗിലെ അഹമ്മദ് ദേവർകോവിൽ കപ്പൽ സാങ്കേതികവിദ്യയിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയാണെന്ന് അധികമാർക്കും അറിയില്ല. അദാനിയെ എ.കെ.ജി സെന്ററിലിരുത്തി നമ്മളെല്ലാം ഡബിൾ ചങ്കൻമാരാണെന്നു ബോദ്ധ്യപ്പെടുത്തി കാര്യങ്ങൾ കോംപ്ലിമെന്റ്‌സാക്കിയ ഈ രണ്ടുപേരോടും മലയാളികൾക്ക് എന്നും കടപ്പാടുണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് അതുകൊണ്ടാണ്.

വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് മൊത്തം അടിച്ചുമാറ്റി ചുളുവിൽ മറ്റുചിലരെ ആളാക്കാൻ കോൺഗ്രസുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നു പറഞ്ഞ് കേക്ക് മുറിച്ചാണ് ആഘോഷം. അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമാണ് വിഴിഞ്ഞത്തേക്ക് വലിയൊരു കപ്പൽ വരുന്നത് ആദ്യമായി സ്വപ്‌നം കണ്ടത്. ഇന്നത്തെ സ്വപ്‌നമാണ് നാളത്തെ പദ്ധതിയെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം പറഞ്ഞത് എത്രശരിയാണ്. പ്ലാൻ വരയ്ക്കാനും കല്ലിടാനും ആർക്കും പറ്റും. ഇന്നും കോൺഗ്രസുകാരാണ് ഭരിച്ചിരുന്നതെങ്കിൽ വിഴിഞ്ഞത്തിന്റെ ഭാവി എന്താകുമായിരുന്നു. അവിടെ എത്ര ചെങ്കൊടികൾ കാണുമായിരുന്നു!.

കോൺഗ്രസുകാർ വിഴിഞ്ഞത്ത് എന്തിന്റെയോ കുറ്റിയടിച്ചത് നേട്ടമാണെന്നു വിളിച്ചുകൂവുന്നവർ ഈ സർക്കാരിനെ താഴ്ത്തിക്കെട്ടാനോ നുണകൾ പ്രചരിപ്പിക്കാനോ ശ്രമിച്ചാൽ റെഡ് വോളന്റിയർമാർക്ക് ഒരിക്കൽക്കൂടി ചെടിച്ചട്ടികൾ എടുക്കേണ്ടിവരും.

കപ്പൽ കുലുങ്ങിയാലും

തീരം കുലുങ്ങില്ല

വിഴിഞ്ഞം പദ്ധതിക്ക് പിന്നിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പുണ്ടെന്നും കേരളതീരം അദാനിക്ക് തീറെഴുതിക്കൊടുക്കുകയാണെന്നും കമ്മ്യൂണിസ്റ്റുകാർ പറഞ്ഞതായി സത്യമായിട്ടും ഓർക്കുന്നില്ല. പദ്ധതി നല്ലരീതിയിൽ നടത്തിക്കൊണ്ടു പോകണമെന്നും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കണമെന്നും പറഞ്ഞിരുന്നു. തുറമുഖത്ത് വലിയ കപ്പലുകൾ വരുമ്പോൾ മത്സ്യക്കൂട്ടങ്ങൾ പേടിച്ച് സ്ഥലം വിടുമെന്നും മത്സ്യത്തൊഴിലാളികൾ പട്ടിണിയാകുമെന്നും മുന്നറിയിപ്പ് നൽകിയത് സത്യമാണ്. കപ്പലിന്റെ കുലുക്കത്തിൽ തീരം ഇടിയാനുള്ള സാദ്ധ്യത പാർട്ടിയിലെ ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. പക്ഷേ, അതിനുള്ള പരിഹാരങ്ങൾ അദാനിമായുള്ള കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത് ഇവരാരും മനസിലാക്കിയില്ല.

എറണാകുളത്ത് ഓട്ടോറിക്ഷ ഓടിത്തുടങ്ങിയ കാലത്ത് സൈക്കിൾ റിക്ഷാക്കാരെ ഓർത്ത് പാർട്ടി സമരം നടത്തിയിരുന്നു. ട്രെയിൻ ഓടിത്തുടങ്ങിയപ്പോഴും ഐതിഹാസിക പ്രക്ഷോഭം നടത്തി. ട്രെയിന്റെ കുലുക്കത്തിൽ കെട്ടിടങ്ങൾ ചറപറാന്ന് ഇടിഞ്ഞുവീഴുമെന്ന ആശങ്ക വിളിച്ചുപറഞ്ഞ ഏക പ്രസ്ഥാനമാണിത്. ജനപക്ഷത്തുനിന്ന് ചിന്തിക്കുന്നതുകൊണ്ടാണിത്. ഓട്ടോയും ട്രെയിനും ഓടിത്തുടങ്ങിയപ്പോൾ ദുരിതമനുഭവിച്ചവരെ പാർട്ടി സംരക്ഷിക്കുകയായിരുന്നു. അവരെല്ലാം ഇപ്പോൾ നല്ല നിലയിലെത്തി. വിഴിഞ്ഞത്തും ഇതേ രീതിയിലുള്ള ദുരിതാശ്വാസ പാക്കേജുണ്ടാകും. കേരളതീരത്ത് മീനില്ലാതായാൽ അമേരിക്കയിൽനിന്ന് വരെ ലോഡുകണക്കിന് മീനെത്തിക്കാൻ കഴിവുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അഥവാ ഏതെങ്കിലും മത്സ്യത്തൊഴിലാളിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പാർട്ടി ഏറ്റെടുത്ത് മിടുമിടുക്കനാക്കും. ബക്കറ്റ് പിരിവ് നടത്തിയാൽ അദാനിജി കാര്യമായെന്തെങ്കിലും ഇടാതിരിക്കില്ല.

ഇനി കെ-എയർ

കെ-കപ്പൽ

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ എന്നിവയും അദാനി ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. തിരക്കൊഴിയുമ്പോൾ മൂപ്പരെ ഇക്കാര്യം ഓർമ്മിപ്പിക്കണം.

കടലിൽ കൂടി മാത്രമല്ല, ആകാശത്തുകൂടിയും വികസനം വരണമെന്ന് സർക്കാരിന് ആഗ്രഹമുള്ളതുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിക്ക് നൽകിയത്. സ്വന്തം വിമാനത്തിലും കപ്പലിലും മലയാളികൾ വിദേശത്തേക്ക് യാത്ര ചെയ്യണമെന്ന സർക്കാരിന്റെ ആഗ്രഹവും ഇതിന്റെയെല്ലാം പിന്നിലുണ്ട്. എയർ കേരള അഥവാ കെ-എയർ ഈ സർക്കാർ കാലാവധി തികയ്ക്കും മുമ്പ് ഗൾഫിലേക്ക് പറക്കും. അതിനുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞാൽ വലിയൊരു കെ-ഷിപ്പ് ഓളപ്പരപ്പിലൊഴുകും. ബേപ്പൂരിൽ വൈകാതെ പണിതുടങ്ങും. ചരക്കുകപ്പലുകൾ ഇല്ലാത്ത സമയങ്ങളിൽ വിഴിഞ്ഞം തുറമുഖത്ത് കെ-ഷിപ്പുകൾക്ക് വന്നുപോകാനാകുമെന്നാണ് ടെക്‌നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട്. പ്രവാസികൾക്ക് ഇഷ്ടംപോലെ സാധനങ്ങളുമായി ഗൾഫിൽനിന്ന് വരാൻ സൗകര്യമൊരുങ്ങും. ഡെക്കിലിരുന്ന് ജാളിയായി കടൽക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ കഴിയുന്നത് ചില്ലറ കാര്യമല്ല. ഇതേരീതിയിൽ കെ-റെയിൽ പദ്ധതി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കോൺഗ്രസുകാരും സംഘികളും ചേർന്ന് കുത്തിത്തിരുപ്പുണ്ടാക്കി സംഗതി പൊളിച്ചു. കാസർകോട്ടുനിന്ന് അപ്പമുണ്ടാക്കി ട്രെയിനിൽ കയറിയാൽ ചൂടാറും മുമ്പ് തിരുവനന്തപുരത്ത് എത്താമായിരുന്നു.

കോട്ടുംസൂട്ടുമിടുന്ന വിപ്ലവകാരിയെന്ന നിലയ്ക്ക് അദാനിക്ക് കേരളത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കാനാകും. മുതലാളിമാരെ തൊഴിലാളികൾക്കായി ഉപയോഗപ്പെടുത്തുന്ന ബുദ്ധിപരമായ ഈ നീക്കത്തെ സംഘികളും കോൺഗ്രസുകാരും ദുർവ്യാഖ്യാനം ചെയ്യരുത്. അതുകൊണ്ട് ആർക്കും ഒരുസംശയവും വേണ്ട. കേരളത്തിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യത്തെ കപ്പലിൽത്തന്നെ ഒരുലോഡ് വികസനമാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത്രയും വലിയൊരു സമ്മാനം കേരളത്തിനായി കരുതിവച്ചവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടംവഴി ഓടിച്ച വോട്ടർമാർ ഇനിയെങ്കിലും സത്യം തിരിച്ചറിഞ്ഞ് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കനിയണം. കനൽ ഒരു തരിയെങ്കിലും ബാക്കിവച്ചില്ലെങ്കിൽ ലോകം ഇരുട്ടിലാകും!.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.