മലപ്പുറം: ജില്ലയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ബ്രിഡ്ജിന്റെ 26 ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു. ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയുടെ തീരത്ത് പാലക്കാട് ജില്ലാ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. തൂതപ്പുഴ, തിരൂർ-പൊന്നാനിപ്പുഴ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിരുന്നു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരം വീണ് നിരവധി അപകടങ്ങളുണ്ടായി. നാളെയും മറ്റന്നാളും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മിനിലോറിയ്ക്ക് മുകളിലേക്ക് മരം വീണു
മലപ്പുറം കുന്നുമ്മൽ താമരക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് മുകളിലേക്ക് മരം വീണ് വാഹന ഉടമയ്ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 8.45നാണ് സംഭവം. മരം വീണതോടെ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല.
മലപ്പുറം അഗ്നിരക്ഷാ സേനയുടെയും സിവിൽ ഡിഫൻസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഹനത്തിൽ കുടുങ്ങിയ രണ്ട് പേരെയും അരമണിക്കൂറിനകം പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാതിൽ തുറന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വാഹന ഉടമയായ മലപ്പുറം സ്വദേശി മുള്ളംപടയൻ വീട്ടിൽ അബ്ദുൽ ഹമീദിന്റെ കൈ ഒടിയുകയും മുഖത്തും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. നിസാര പരിക്കേറ്റ കൂടെയുണ്ടായിരുന്ന കോട്ടപ്പടി സ്വദേശി പടിവട്ടം പറമ്പിൽ ഷിനോജിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശൂശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.
മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീം, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സംസ്ഥാന പാതയിൽ മരം കടപുഴകി വീണു
കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷനടുത്തായി മരം കടപുഴകി വീണു. രാവിലെ ആറിനാണ് സംഭവം. തിരക്കേറിയ പാതയിൽ അപകട സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നെത്തിയ ഫയർ ഫോഴ്സിന്റെയും ചങ്ങരംകുളം പൊലീസിന്റെയും നാട്ടുകാരുടെയും ഒരുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ബസിന് മുകളിൽ മരം വീണു
കോഴിക്കോട്-ഊട്ടി സംസ്ഥാനപാതയിലെ പണിക്കരപുറായയിൽ ഓടുന്ന ബസിന് മുന്നിൽ മരം വീണു. സഡൻ ബ്രേക്ക് ഇട്ടതോടെ കണ്ടക്ടർ ജിഷ്ണുവിന് വീണ് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. എടവണ്ണപ്പാറയിൽ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസിന് മുകളിലാണ് മരം വീണത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഈ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു.
ബസിന് തൊട്ടുമുന്നിലായി ഡ്രൈവറുടെ സീറ്റിനോട് ചാരിയാണ് മരം വീണത്. ബസിന്റെ ചില്ലുകൾ പൊട്ടി യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റു. പ്രദേശത്ത് നിറുത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഴക്കാട് പൊലീസും ദുരന്ത നിവാരണ സേന വൊളന്റിയർമാരും നാട്ടുകാരും സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂറിന്റെ നേതൃത്വത്തിലുള്ള മുക്കം ഫയർ ഫോഴ്സും ചേർന്ന് മരം മുറിച്ചുമാറ്റി. തുടർന്ന് റോഡ് ശുചീകരിച്ചു.
കൂടാതെ, എടവണ്ണപ്പാറയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ അനന്തായൂർ കുഴമ്പിൽ മുഹമ്മദ് ഹനീഫയുടെ വീടിന്റെ മുൻവശത്തെ മതിൽ ഇടിഞ്ഞ് വീണു. മുറ്റത്ത് നിറുത്തിയിട്ട ജീപ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിരുന്നു. പുളിക്കൽ മൂന്നാംവാർഡ് പുതിയോടത്ത് പറമ്പ് കോമ്പ്ര കുന്നത്ത് പ്രതീഷിന്റെ വീടിന്റെ മുകളിലേക്ക് മതിലടിഞ്ഞ് വീണ് സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുത പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടമുണ്ടായി.
വീടിന് മുകളിലേക്ക് മരം വീണു
കാടാമ്പുഴയിൽ പടിഞ്ഞാറെ നിരപ്പ് ഹനീഫയുടെ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ പകുതി ഭാഗത്തോളം തകർന്നു. ആർക്കും പരിക്കില്ല. വീട്ടിലെ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കെ.ഇ.ടി എമർജൻസി ടീം, റെസ്‌ക്യൂ ഫോഴ്സ് എന്നിവർ ചേർന്ന് മരം മുറിച്ചുമാറ്റി.
തിരൂരങ്ങാടി : തിരൂരങ്ങാടി കെ.ഇ.ടി റെസ്‌ക്യൂ വൊളന്റിയറും കക്കാട് സ്വദേശിയുമായ സൈനുദ്ദീൻ പുതിയകത്തിന്റെ വീട്ടിലെ ശൗചാലയത്തിന് മുകളിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുറിഞ്ഞു വീണ് തെങ്ങ് കെ.ഇ. ടി റെസ്‌ക്യൂ ടീം മുറിച്ചുമാറ്റി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |