കോട്ടയം: ''കൈയിലും കാലിലും കുമിളവരും. പൊട്ടും. വല്ലാത്ത ചൊറിച്ചിലും. 10 വർഷമായി സഹിക്കുകയാണ്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കുഴിൽ ജോയിക്കായി മുങ്ങിത്തപ്പിയവർക്കും ഈ ഗതി വരരുത്. വിദഗ്ദ്ധ ചികിത്സ നൽകണം".
കൊച്ചിയിൽ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച റിട്ട.ഫയർ ഓഫീസർ ഷാജികുമാർ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. 2014 ഏപ്രിൽ 13നായിരുന്നു കൊച്ചയിലെ സംഭവം. രക്ഷാപ്രവർത്തന ശേഷം ഷാജി ബോധം കെട്ട് വീണു. ഫസ്റ്റ് എയ്ഡ് നൽകി. ശരീരം കഴുകി. അത്ര തന്നെ.
വൈക്കം ശ്രീനാരായണപുരം തോട്ടുപുറത്തെ വീട്ടിലിരുന്ന് അന്നത്തെ അനുഭവം ഷാജികുമാർ പറഞ്ഞു. എറണാകുളം ജനറലാശുപത്രിക്ക് സമീപത്തെ മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേരാണ് മുങ്ങിത്താണത്. കടവന്ത്ര സ്റ്റേഷനിലെ ലീഡിംഗ് ഫയർമാനായിരുന്നു അന്ന് ഷാജി. ആദ്യമെത്തിയ ഫയർഫോഴ്സ് സംഘത്തിന് രക്ഷാപ്രവർത്തനം സാദ്ധ്യമാകാതെ വന്നതോടെയാണ് ഷാജിക്ക് വിളി എത്തുന്നത്. മനുഷ്യ വിസർജ്യമുൾപ്പടെ നിറഞ്ഞ മാൻ ഹോൾ. പക്ഷേ, ഷാജികുമാർ മറ്റൊന്നുമാലോചിച്ചില്ല. മാൻഹോളിലിറങ്ങി ഏറെപ്പണിപ്പെട്ട് ഇരുവരേയും കരയ്ക്കെത്തിച്ചു. നേരിയ നാടിയിടുപ്പ് മാത്രം. ആശുപത്രിയിൽ ഇരുവരും മരിച്ചു.
രണ്ടാഴ്ച തികഞ്ഞില്ല, കാലും കൈയുമാസകലം ചൊറിഞ്ഞു പൊട്ടി. കഴിക്കാത്ത മരുന്നും പുരട്ടാത്ത ഓയിൻമെന്റുമില്ല. അവധിയെടുത്തും ചികിത്സ. കൈവെള്ള പൊട്ടിയതിനാൽ ഭക്ഷണം വാരിക്കഴിക്കാൻ കഴിയാത്ത അവസ്ഥ. ഇപ്പോഴും ചികിത്സ തുടരുകയാണ്.
കഴിഞ്ഞ മാസം വൈക്കം ഫയർ ഓഫീസിൽ നിന്ന് വിരമിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട് ഷാജികുമാർ.
ഷാജിയുടെ നിർദ്ദേശം
1 രക്ഷാപ്രവർത്തകർക്ക് ശരീരത്തിൽ മാലിന്യം പറ്റാത്ത വിധമുള്ള വസ്ത്രം ഉറപ്പാക്കണം
2 രക്ഷാപ്രവർത്തനം കഴിഞ്ഞാൽ ഉടൻ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ ചികിത്സ നൽകണം
3 തുടർ പരിശോധനയും ചികിത്സയും സൗജന്യമായി നൽകാനുള്ള സംവിധാനം വേണം
സ്‌കൂബാ ടീമിലെ
ചിലർക്ക് പനി
ആമയിഴഞ്ചാൻ തോട്ടിൽ തെരച്ചിൽ നടത്തിയ 43 അംഗ സ്‌കൂബ ടീമിലെ ചിലർക്ക് പനി പിടിപെട്ടു. ഒരാളിന് കണ്ണിന് ചൊറിച്ചിലുണ്ട്. എല്ലാവർക്കും രക്ത പരിശോധന നടത്തും. തെരച്ചിലിന് ഇറങ്ങുമ്പോൾ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ ഗുളികയും ടെറ്റനസ് പ്രതിരോധ കുത്തിവയ്പും നൽകി. പൂർത്തിയായ ശേഷം ഇ.എൻ.ടി, ത്വക്ക് പരിശോധന നടത്തിയെന്ന് ഫയർ ഫോഴ്സ്. ചികിത്സാ ചെലവിനായി 3000 രൂപ വീതം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |