മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ദമ്പതികൾ വിവാഹമോചനത്തിന്റെ വക്കിലാണെന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മാസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയായിരുന്നു. ഇപ്പോഴിതാ ദമ്പതികൾ വേർപിരിഞ്ഞതിന്റെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ. നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
ഹാർദിക്കിന്റെയും നതാഷയുടെയും പൂർണ സമ്മതത്തോടെയായിരുന്നു വിവാഹമോചനം. ഹാർദിക്ക് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം ഗ്യാലറിയിൽ നതാഷ നിറസാന്നിദ്ധ്യമായിരുന്നു. എന്നാൽ, കുറച്ച് മാസങ്ങളായി ഇവരെ ഹാർദിക്കുമൊത്ത് പൊതുപരിപാടികളിൽ കാണാതിരുന്നതാണ് വിവാഹമോചനം എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള പ്രധാന കാരണം. പിന്നീട് രണ്ടുപേരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. നതാഷ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഹാർദിക്കിന്റെ പേരും ചിത്രങ്ങളും നീക്കം ചെയ്‌തു. അവർ ചിത്രങ്ങൾ പരസ്‌പരം ലൈക്ക് ചെയ്യാതെയായി.
ദമ്പതികൾ തമ്മിൽ പ്രകടമായ അകലം കാണിച്ചിരുന്നെങ്കിലും ഹാർദിക്കിന്റെ സഹോദരൻ ക്രുനാലും ഭാര്യ പങ്കുരി ശർമയും നതാഷയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ലോകകപ്പ് പോലുള്ള പ്രധാന ക്രിക്കറ്റ് മത്സരത്തിൽ നതാഷയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരുവരും തമ്മിൽ പിരിയാൻ കാരണം ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ അത് ഫലപ്രദമായി പറഞ്ഞ് പരിഹരിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നു. ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ ഇരുവരെയും കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
തങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം എന്നാണ് ഹാർദിക്കിന്റെയും നതാഷയുടെയും ആവശ്യം. വിവാഹ ബന്ധവുമായി മുന്നോട്ട് പോയാൽ അതിന് സാധിക്കില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് താരമായ ഹാർദിക്കിനും നടിയും മോഡലുമായ നതാഷയ്‌ക്കും തങ്ങളുടെ പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിൽ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നുമാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്‌താവനയിൽ ഇരുവരും പറഞ്ഞിട്ടുണ്ട്.
അഭിപ്രായ വ്യത്യാസങ്ങൾ കാരണം വേർപിരിഞ്ഞെങ്കിലും ദമ്പതികൾ പരസ്‌പര ബഹുമാനം കൈവിടില്ലെന്നും മകനായ അഗസ്‌ത്യയുടെ രക്ഷാകർതൃത്വത്തിന് പ്രാധാന്യം നൽകുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |