കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റോഡുകളിലടക്കം വെള്ളം കയറിയതോടെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ അവധി ചോദിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥികൾ കമന്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ എട്ട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടും മലപ്പുറം ജില്ലയിൽ അവധി നൽകാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കുട്ടി.
'എട്ട് ജില്ലകളിൽ അവധിയാക്കിയിട്ടും മലപ്പുറം മാത്രമെന്താ ഒഴിവാക്കിയത്? കൂടുതൽ വിദ്യാർത്ഥികൾ ഉള്ള നാട് മലപ്പുറം തന്നെയല്ലേ, സംശയമൊന്നുമില്ലല്ലോ? അതിതീവ്രമായ മഴയാണ് ഇപ്പോൾ മലപ്പുറം ജില്ലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. ആ മഴയും നനഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് യാത്ര പോകുന്നു. എന്നിട്ടും മലപ്പുറം മാത്രം അവധിയില്ല. ബാക്കി എട്ട് ജില്ലകളിലും ഇന്നും ഇന്നലെയും അവധി തന്നെ.
മലപ്പുറം ജില്ലയിൽ ഇപ്പോൾ 31 വീടുകളാണ് പൊട്ടിയിടിഞ്ഞ് വീണത്. 2019ൽ കവളപ്പാറയിടിഞ്ഞ് വീണതൊന്നും ആരും മറക്കാൻ നിൽക്കേണ്ട. അത് ഞങ്ങളാരും മറന്നിട്ടില്ല. അതിജീവിച്ചു. എന്നാലും എട്ട് ജില്ലകളിൽ മലപ്പുറം എവിടെ? ഇന്നും ഇന്നലെയും മിനിഞ്ഞാന്നും മിനിഞ്ഞാന്നിന്റെ മിനിഞ്ഞാന്നും എട്ട് ജില്ലകളിൽ അവധിയാക്കിയിട്ടും മലപ്പുറം മാത്രം അവധിയാക്കിയില്ല. പകൽ മഴയും കൊണ്ട് നനഞ്ഞുപോയി സ്‌കൂളിലിരിക്കുമ്പോൾ വസ്ത്രമില്ലാത്ത അവസ്ഥയാണ്.
ഇത്രയും മനസ് തുറന്നുപറയുമ്പോൾ നിങ്ങൾക്കൊരു ചുക്കും ഇല്ലേ? ഒരു പുണ്ണാക്കും ഇല്ലേ? ഇത്രയും പറഞ്ഞില്ലേ, മഴയത്ത് ഫുട്‌ബോൾ കളിക്കാനും ചൂണ്ടയിടാനും ഞങ്ങൾക്കുമുണ്ടാകില്ലേ പൂതി. ഒന്ന് നിറവേറ്റി തരീ ഇങ്ങള്.'- എന്നാണ് കുട്ടി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |