വാഷിംഗ്ടൺ: പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമേറിയിട്ടും പിന്മാറില്ലെന്ന പിടിവാശിയിലാണ് ജോ ബൈഡൻ. കൊവിഡിന്റെ ഭാഗമായി ഡോക്ടർമാർ നിർദ്ദേശിച്ച വിശ്രമം കഴിഞ്ഞാൽ അടുത്ത ആഴ്ച മുതൽ ബൈഡൻ പ്രചാരണ കൺവെൻഷനുകളിൽ പങ്കെടുക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവ് ഇന്നലെ അറിയിച്ചു. അതിനിടെ ഡെമോക്രാറ്റിക് പാർട്ടിയെ അനുകൂലിക്കുന്ന 34 നിയമ നിർമ്മാണ സഭാംഗങ്ങൾ ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. സുഗമമായ ഭരണ നിർവഹണത്തിന് ബൈഡന് കഴിയില്ലെന്നാണ് ഇവരുടെ വാദം.
മുൻ പ്രസിഡന്റ് ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ബൈഡൻ പിന്മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
'എനിക്ക് പ്രായമായി. പക്ഷെ ജോലി ചെയ്യാനുള്ള വൈദഗ്ദ്ധ്യത്തെ അത് ബാധിച്ചിട്ടില്ല,"- ബൈഡൻ പാർട്ടിയിലെ അടുപ്പക്കാരോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ആരും ഒപ്പം നിൽക്കാത്തതിൽ ക്ഷുഭിതനുമാണ് ബൈഡൻ.
അതേസമയം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പാർട്ടിയിൽ തന്നെ പിന്തുണയ്ക്കുന്നവരുമായും സംഭാവനകൾ നൽകുന്നവരുമായും ആശയവിനിമയം നടത്തുന്നതായി റിപ്പോർട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരികയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളിലാണ് കമലയെന്നും സൂചനയുണ്ട്. ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളുടെ പൂർണ പിന്തുണ ബൈഡന് ഉണ്ടായിരുന്നു. അതാണ് മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന പിടിവാശി ബൈഡൻ കാട്ടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയിലെ അസ്വാരസ്യങ്ങൾ ട്രംപിന്റെ ജയസാദ്ധ്യത അനുദിനം വർദ്ധിപ്പിക്കുകയാണ്. എന്തായാലും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ബൈഡൻ ഉണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ബൈഡന് അനുകൂലം
നിലവിലുള്ള പ്രസിഡന്റുമാരെ ആരോഗ്യപരമായ കാരണത്തിന്റെ പേരിൽ രണ്ടാം തവണ മത്സരിക്കുന്നതിൽ നിന്ന് മുമ്പ് വിലക്കിയിട്ടില്ല
നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചാൽ ജയസാദ്ധ്യത കുറവ്
പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുക ദുഷ്‌കരം
പ്രതികൂലം
പ്രസിഡന്റാകാൻ ബൈഡൻ അനുയോജ്യനല്ലെന്ന് പൊതുവികാരം
പൊതുവേദിയിൽ തന്നെ ബൈഡന്റെ പെരുമാറ്റങ്ങൾ പ്രസിഡന്റിന് അനുയോജ്യമല്ലെന്ന് ജനം വിശ്വസിക്കുന്നു
പാർട്ടിക്കുള്ളിൽ നിന്നുയരുന്ന ശക്തമായ എതിർപ്പ്
വെടിവയ്പ്പിനു ശേഷം അനുദിനമുയരുന്ന ട്രംപിന്റെ ജനപിന്തുണ
( മുൻ അംബാസഡർ ടി. പി ശ്രീനിവാസൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |