കൊച്ചി: കാക്കനാട് ചെമ്പുമുക്കിലെ 'സ്‌നേഹസ്പർശ" ത്തിൽ നിന്ന് ചായ കുടിക്കുമ്പോൾ നിങ്ങളും ജീവകാരുണ്യത്തിൽ പങ്കാളിയാവുകയാണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ഈ കഫറ്റീരിയയുടെ നടത്തിപ്പുകാർ.
'ഈശോയുടെ തിരുഹൃദയ ദാസികൾ" എന്ന സന്ന്യാസി സഭയുടെ സ്‌നേഹനിലയം സ്‌പെഷ്യൽ സ്‌കൂളിലെയും വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെയും എട്ട് മുതിർന്ന കുട്ടികൾക്കാണ് ചുമതല. സതീശ്, സിബി, നകാശ്, ഷിനു, ജോമി, റിഷി, അൻവി, അംഗിത എന്നിവരാണ് ഭക്ഷണം ഉണ്ടാക്കുന്നത്. വെയിറ്റർമാരും തീൻമേശ വൃത്തിയാക്കുന്നവരും ഇവർതന്നെ. സഹായത്തിന് ഒരു ജീവനക്കാരി മാത്രം.
ജൂൺ 12ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവഹിച്ചത്. കാക്കനാട്ടേക്കുള്ള മെട്രോപണി പൂർത്തിയാകുമ്പോൾ ചെമ്പുമുക്ക് മെട്രോ സ്റ്റേഷനകത്ത് പ്രവർത്തിക്കാൻ 'സ്നേഹസ്പർശ"ത്തിന് ക്ഷണം കിട്ടിക്കഴിഞ്ഞു.
വിഭവ സമൃദ്ധം
ഞായർ ഒഴികെ രാവിലെ 10മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തനം. ലൈം, ഓറഞ്ച്, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിൾ തുടങ്ങി വിവിധ രുചികളിൽ സോഡാബ്ലിസും മൊജിറ്റോയും. വിവിധതരം ഐസ്‌ക്രീമുകൾ. ചായ, കാപ്പി എന്നിവയ്ക്കൊപ്പം നെയ്യപ്പം, ഉള്ളിവട, ഉഴുന്നുവട തുടങ്ങിയ പലഹാരങ്ങളും. ചോക്ലേറ്റ്/വെജിറ്റബിൾ സാൻവ്‌വിച്ച്, പാനിപൂരി, സേവ്പൂരി, പാവ്ബജി തുടങ്ങി ദിവസവും മാറിവരുന്ന സ്പെഷ്യൽ വിഭവങ്ങൾ വേറെയും.
5,000 വരെ ശമ്പളം
രാവിലെ 10മുതൽ പല ഷിഫ്റ്റുകളിലായാണ് എട്ട് പേർക്ക് കഫേ ഡ്യൂട്ടി. ജോലി സമയമനുസരിച്ച് 1,000 മുതൽ 5,000രൂപ വരെ മാസ ശമ്പളമുണ്ട്. കുട്ടികളുടെ വളർച്ചയിലെ നിർണായക കാൽവയ്പാണിത്. എണ്ണവും അക്കങ്ങളും പഠിക്കും. പണം കൈകാര്യം ചെയ്യാൻ പരിശീലനമാകും. സമൂഹവുമായി ബന്ധം സ്ഥാപിക്കാൻ ശീലിക്കും.
കഫേയുടെ ഒരുഭാഗത്ത് എൽ.ഇ.ഡി ലൈറ്റുകൾ പിടിപ്പിച്ച ബോട്ടിലുകൾ, മാലകൾ, ക്ലിപ്പുകൾ, കീ ചെയ്നുകൾ, ബാഗുകൾ, ഫയലുകൾ തുടങ്ങിയവ വില്പനയ്ക്കുണ്ട്. ഇവിടത്തെ കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞതാണവ.
'വർഷങ്ങളായുള്ള സ്വപ്നത്തിന്റെ സാഫല്യമാണ് സ്‌നേഹ സ്പർശം കഫേ"
സിസ്റ്റർ റോസി ടിൻസി,
സ്‌നേഹനിലയം സ്പെഷ്യൽ സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |