തീരുവ കുറച്ചു, സ്വർണ്ണ വില താഴ്ന്നു
മൂന്ന് ക്യാൻസർ മരുന്നിന് വില കുറയും
ന്യൂഡൽഹി: യുവജനങ്ങളെ കൈയിലെടുത്തും ആദായനികുതി ഇളവുപ്രഖ്യാപിച്ചും മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സർക്കാരിനെ താങ്ങി നിറുത്തുന്ന ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി. പക്ഷേ, കേരളത്തിന് പതിവുപോലെ നിരാശ. എയിംസോ വിഴിഞ്ഞത്തിന് സാമ്പത്തിക പാക്കേജോ ഇല്ല.
ഇ.പി.എഫ് ബാധകമായ സ്ഥാപനത്തിൽ ജോലി നേടുന്നവർക്ക് ആദ്യമാസ ശമ്പളമായി 15, 000 വരെ സർക്കാർ നൽകും. മൂന്ന് പി.എഫ് ഗഡുക്കളാണിത്. 500 മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് ഒരു കോടിപ്പേർക്ക് മാസം 5000 വീതം നൽകും.
തൊഴിലിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അഞ്ച് പദ്ധതികൾ. 1.48 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.
നാലു കോടി ശമ്പളക്കാർക്ക് ആശ്വാസം നൽകി, ആദായനികുതി സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ പരിധി 75,000 രൂപയായി ഉയർത്തി. നിലവിൽ 50,000. കുടുംബ പെൻഷൻ കിഴിവ് 25,000 രൂപയായും ഉയർത്തി. പുതിയ സ്‌കീമിൽ മൂന്നു ലക്ഷം വരെ നികുതി ഒഴിവാക്കി ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. പഴയ പദ്ധതിക്ക് ഇളവുകളില്ല.
സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും. സ്വർണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ 15ൽ നിന്ന് ആറു ശതമാനമാക്കി. പ്ലാറ്റിനത്തിന്റേത് 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനവും. മൂന്ന് ക്യാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ പൂർണമായി ഒഴിവാക്കിയതും ആശ്വാസമായി.
ബീഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ, സർക്കാരിന് വായ്‌പാ ഇളവ് എന്നിവയുണ്ട്. അമരാവതി പുതിയ തലസ്ഥാനമാക്കുന്ന ആന്ധ്രയ്‌ക്ക് നടപ്പുവർഷത്തിൽ 15,000 കോടിയും വരും വർഷങ്ങളിൽ അധിക തുകയും നൽകും.
തുടർച്ചയായ ഏഴാം ബഡ്‌ജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, മുൻപ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡിനൊപ്പമെത്തിയെന്ന പ്രത്യേകതയുമുണ്ട്. ഒരു മണിക്കൂർ 25 മിനിട്ടു കൊണ്ടാണ് ബഡ്ജറ്റ് അവതരണം പൂർത്തിയാക്കിയത്.
വില കുറയുന്ന
ക്യാൻസർ മരുന്ന്
ആസ്ട്രാ സെനകയുടെ ട്രാസ്റ്റുസുമാബ് ഡെരുക്‌സ്ടെകാൻ (Trastuzumab Deruxtecan), ഒസിമെരിറ്റിനിബ് (Osimeritinib), ദുർവാലുമാബ് (Durvalumab)
എക്‌സ് റേ മെഷിനുകളിലെ എക്‌സ് റേ ട്യൂബുകൾക്കും ഫ്ലാറ്റ് പാനൽ ഡിറ്റക്‌ടറുകൾക്കും കസ്റ്റംസ് ഇളവ്. മെഡിക്കൽ ഉപകരണങ്ങൾക്കും വിലകുറയും.
പവന് ₹ 2,000 കുറഞ്ഞു
ബഡ്ജറ്റി ഇളവിന് പിന്നലെ സ്വർണ വില ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ പവന് 200 രൂപ കുറഞ്ഞിരുന്നു. അങ്ങനെ മൊത്തം 2,200 രൂപ കുറഞ്ഞ് പവന് 51,960 രൂപയായി. പവന് 5000 വരെ കുറഞ്ഞേക്കുമെന്നാണ് സൂചന. വെള്ളി വില കിലോഗ്രാമിന് 3,500 കുറഞ്ഞു.
പ്രതിരോധ മേഖലയ്‌ക്ക് 6.21 ലക്ഷം കോടി
വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 40 ൽ നിന്ന് 35 ശതമാനമാക്കി
പ്രധാനമന്ത്രി ആവാസ് യോജനയിൽ ഒരു കോടി വീട്. ഇതിന് 2.2 ലക്ഷം കോടി
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മൂന്നു ലക്ഷം കോടി
സ്ത്രീകൾ വാങ്ങുന്ന വസ്തുവകകൾക്കുള്ള തീരുവ കുറയ്ക്കും
പ്രധാനമന്ത്രി ഗ്രാമീണ റോഡ് നാലാം ഘട്ടം 25,000 ഗ്രാമങ്ങളിൽ
കാർഷിക മേഖലയ്‌ക്ക് 1.52 ലക്ഷം കോടി
കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി
സ്വകാര്യ പങ്കാളിത്തത്തോടെ ഉത്പാദനം വർദ്ധിപ്പിക്കും
പച്ചക്കറി ഉത്പ്പാദനത്തിനായി ക്ലസ്റ്ററുകൾ വികസിപ്പിക്കും
ശേഖരണം, വിപണനം എന്നിവയ്ക്ക് സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ
7.75 ലക്ഷം വരെ ശമ്പളം:
നികുതി നൽകേണ്ട
പുതിയ സ്‌കീമിൽ റിട്ടേൺ സമർപ്പിക്കുന്ന ശമ്പളക്കാർക്ക് 7.75 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി നൽകേണ്ടിവരില്ല. മുൻവർഷം 7.5 ലക്ഷം രൂപയായിരുന്നു പരിധി. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയതാണ് ഗുണമാകുന്നത്. വർഷം 17,500 രൂപയുടെ നേട്ടം ലഭിക്കും.
₹15,000 ശമ്പളം സർക്കാർ വക
പുതുതായി ജോലിയിൽ പ്രവശിക്കുന്നവർക്ക് 15,000 രൂപവരെ മൂന്ന് ഗഡുക്കളായി പി.എഫിൽ ഇടും. മാസ ശമ്പളപരിധി ഒരു ലക്ഷം വരെ
ഒരു കോടി യുവാക്കൾക്ക് 500 കമ്പനികളിൽ 12 മാസം ഇന്റേൺഷിപ്പ്. പ്രതിമാസം 5,000 രൂപ അലവൻസ്, 6,000 രൂപ ഒറ്റത്തവണ സഹായം
വില കുറയും
മൊബൈൽ ഫോൺ
മൊബൈൽ ബാറ്ററി,ചാർജർ
സോളാർ സെറ്റ്
തുണിത്തരങ്ങൾ
ഷൂസ്
ഷിപ്പിംഗ് ഉപകരണങ്ങൾ
ഇലക്ട്രിക് കാർ
ലിഥിയം ബാറ്ററി
ബ്ളിസ്റ്റർ കോപ്പർ
ലെതർ ഉത്പന്നങ്ങൾ
മത്സ്യവും മത്സ്യ ഉത്പന്നങ്ങളും
മത്സ്യങ്ങൾക്കുള്ള തീറ്റ
25 അവശ്യ ധാതുക്കൾ
വില കൂടും
ടെലികോം ഉപകരണങ്ങൾ
പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉത്പന്നം
പി.വി.സി ഫ്ലെക്സ് ബാനർ
അമോണിയം നൈട്രേറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |