പ്രസിഡന്റിനെ എതിർത്ത് സി.പി.എം-ബി.ജെ.പി-കോൺഗ്രസ് മെമ്പർമാർ
മുതലമട: പഞ്ചായത്ത് ഭരണസമിതിയിൽ രൂക്ഷമായ ഭരണപ്രതിസന്ധി മറനീക്കി. കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്റിംഗിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും എതിർത്ത് സി.പി.എം, ബി.ജെ.പി, കോൺഗ്രസ് മെമ്പർമാർ യോഗം ബഹിഷ്‌കരിച്ചു. ബി.ജെ.പി-കോൺഗ്രസ് പിന്തുണയോടെ ഭരണം നടക്കുന്ന പഞ്ചായത്തിൽ സ്വതന്ത്രയായി വിജയിച്ച പി.കൽപ്പനദേവിയാണ് പഞ്ചായത്ത് പ്രസിഡന്റ്.
കഴിഞ്ഞയാഴ്ച പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ മിനി മാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നിരുന്നു. ഇതിന് വൈദ്യുതി കണക്ഷന് സെക്രട്ടറി അനുമതി നൽകിയത് തന്റെ അറിവോടെ അല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഈ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൽപ്പനദേവി പരാതിപ്പെട്ടിരുന്നു. സെക്രട്ടറി ചുമതലകൾ വഹിക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തിയെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്ക് പരാതി നൽകിയത്. തുടർന്ന് 22ന് ബോർഡ് മീറ്റിംഗ് വിളിച്ചെങ്കിലും ഈ വിഷയം അജണ്ടയായി വച്ചിരുന്നില്ല. ഇതിൽ പ്രസിഡന്റിനെതിരെ പ്രതിഷേധിച്ച 8 സി.പി.എം മെമ്പർമാരും 5 കോൺഗ്രസ് മെമ്പർമാരും 3 ബി.ജെ.പി മെമ്പർമാരും യോഗം ബഹിഷ്കരിക്കുകയായിരുന്നു.
മൂച്ചൻകുണ്ടിൽ സ്ഥാപിക്കുന്ന മിനി മാസ്സ് ലൈറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സി.പി.എമ്മും പഞ്ചായത്ത് പ്രസിഡന്റും പ്രദേശവാസികളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. കൽപ്പനദേവിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേസും നിലവിലുണ്ട്.
പഞ്ചായത്തിന്റെ വികസനത്തിൽ നിയമപരമായ കാര്യങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടായിട്ടില്ല. നിയമപരമല്ലാത്ത കാര്യങ്ങൾക്ക് കൂട്ട് നിൽക്കാൻ സാധിക്കില്ല. വിഷയം നിയമപരമായി കൈകാര്യം ചെയ്യും.
പി.കൽപ്പന ദേവി, പഞ്ചായത്ത് പ്രസിഡന്റ്
എം.എൽ.എ ഫണ്ടിൽ നിന്നുമനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകൾ നിയമപരമായാണ് സ്ഥാപിച്ചത്. വികസനത്തെ രാഷ്ട്രീയവത്കരിക്കുന്നത് ഖേദകരമാണ്.
കെ.ബ്രിജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി.
മിനിമാസ്റ്റ് ഉൾപ്പെടെയുള്ള കാര്യത്തിൽ പാർട്ടി നിലപാട് നേരത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി പ്രതിഛായക്ക് കളങ്കം വരുത്തുന്ന നിലപാട് സ്വീകരിക്കുന്നവരെ പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ല.
ആർ.ബിജോയ്, കോൺഗ്രസ് മുതലമട മണ്ഡലം പ്രസിഡന്റ്
സർക്കാരിൽ നിന്നും ലഭിച്ച നിർദേശപ്രകാരമാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിചത്. ഈക്കാര്യം രേഖ മൂലം പ്രസിഡന്റിനെ അറിയിച്ചതുമാണ്.
പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി മുതലമട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |