കാളികാവ്: കാർഗിൽ യുദ്ധത്തിൽ ശത്രുരാജ്യത്തിനെതിരെ ഇന്ത്യ വിജയം നേടിയതിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ രാജ്യമൊരുങ്ങുമ്പോൾ കാളികാവിന്റെ ഇരമ്പുന്ന ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ജവാൻ അബ്ദുൾ നാസറിന്റെത്.
കാർഗിലിലെ ദ്രാസിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ 1999 ജൂലായ് 24നാണ് നാസർ മരണപ്പെടുന്നത്. കാളികാവിലെ പരേതനായ പൂതംകോട്ടിൽ മുഹമ്മദിന്റെയും ഫാത്തിമ സുഹ്രയുടേയും രണ്ടാമത്തെ മകനായ നാസർ തന്റെ 21-ാമത്തെ വയസ്സിലാണ് സൈന്യത്തിൽ ചേർന്നത്. ആർമിയിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നാസറിന് സൈന്യത്തിൽ നിയമനം ലഭിച്ചത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു ആദ്യനിയമനം. ഒരവധിക്കാലം കഴിഞ്ഞ് യാത്ര പറഞ്ഞ് നാസർ സൈനികക്യാമ്പിലേക്ക് മടങ്ങിഅധികം കഴിയുംമുമ്പേ കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം ശക്തമായി.
ഓപറേഷൻ വിജയ് എന്ന് നാമകരണം ചെയ്ത യുദ്ധത്തിനായി കാർഗിലിലെ ദ്രാസിലായിരുന്നു ഇന്ത്യൻ സൈനിക ക്യാമ്പ് ഒരുക്കിയിരുന്നത്. അവിടേക്കാണ് നാസർ അടക്കമുള്ളവരെ മാറ്റി നിയോഗിച്ചത്.
ദ്രാസിലെ മട്ടിയാൻ സൈനികക്യാമ്പിൽ സുസജ്ജമായി നാസറും കൂട്ടരും പാക് സേനയെ ചെറുക്കാൻ ഒരുങ്ങിനിന്നു. ബങ്കറുകളിൽ നിന്നും ആക്രമണവും പ്രതിരോധവും തീർത്തു പോരുന്നതിനിടെയാണ് ഇവർക്കിടയിലേക്ക് പാക് സേന പ്രയോഗിച്ച ഷെൽ പതിക്കുന്നത്.
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ജില്ലയിലെ മുഴുവൻ ജനങ്ങളേയും കാളികാവ് ചെങ്കോടുള്ള പൂതൻകോട്ട് വീടിനെയും കണ്ണീരിൽ മുക്കി ജവാൻ നാസർ കാർഗിലിലെ യുദ്ധമുഖത്ത് ശത്രുസൈന്യത്തിന്റെ ആക്രമണത്തിൽ മരിച്ച വാർത്തയെത്തുന്നത്. ഉമ്മ സുഹറയേയും കുടുംബത്തെയും നാട്ടുകാരേയും സങ്കടക്കടലിൽ മുക്കിയ നാളുകളായിരുന്നു പിന്നീട്.
മകന്റെ ദീപ്തമായ ഓർമ്മകൾ നില നിറുത്തുന്നതിന്റെ ഭാഗമായി നാസറിന്റെ സൈനിക യൂണിഫോമും പെട്ടിയും ഫോട്ടോകളും നിധി പോലെയാണ് മാതാവ് സൂക്ഷിക്കുന്നത്.
രാജ്യത്തിനായി ജീവൻ സമർപ്പിച്ച ധീരജവാന്റെ രക്തസാക്ഷിത്വം ഇന്നും നാടിന് മങ്ങാത്ത ഓർമ്മയാണ്.
നാടിന്റെ മുഴുവൻ കണ്ണീരും സ്നേഹവായ്പുകളും ഏറ്റുവാങ്ങി ജവാൻ അബ്ദുൾ നാസർ കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |