കൊച്ചി: ''എന്റെ കുടുംബത്തിനു വേണ്ടിയല്ലേ, ഒരു നാണക്കേടുമില്ല...!"" എറണാകുളം പാലാരിവട്ടം പാലത്തിനടിയിൽ പൊതിച്ചോറും നെയ്‌ച്ചോറും വിൽക്കുന്ന പതിമൂന്നുകാരൻ എഡിസൺ ഏഞ്ചലിന്റെ വാക്കുകൾ. മരപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസം കണ്ടെത്താനാണ് ഈ എട്ടാംക്ലാസുകാരൻ അവർക്കൊപ്പം പൊതിച്ചോർ വില്പനയ്‌ക്കിറങ്ങിയത്.
കാലിന് ശേഷിക്കുറവുള്ള അച്ഛൻ ഏഞ്ചലിന്റെ മരപ്പണികൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. മഴക്കാലമായതോടെ പണികുറഞ്ഞു. അതോടെ പൊതിച്ചോർ വില്പന തുടങ്ങി. നെയ്‌ച്ചോറും ചിക്കനും 60 രൂപ. അഞ്ച് കൂട്ടം കറികളോടയുള്ള ഊണിനും അത്ര തന്നെ.
വെണ്ണല ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ എഡിസൺ ക്ലാസില്ലാത്ത ദിവസങ്ങളിലാണ് അമ്മ എലിസബത്തിനൊപ്പം വില്പനയ്‌ക്കെത്തുക. മൂന്നു മണിയാകുമ്പോഴേക്കും 60പൊതി നെയ്‌ച്ചോറും 15 മുതൽ 20വരെ പൊതിച്ചോറും വില്ക്കും. വില്പന തെല്ലൊന്ന് കുറയുന്നുവെന്ന് കണ്ടാൽ പൊതികൾ കവറുകളിലാക്കി സൈക്കിളിൽ ദൂരെമാറി ഒറ്റയ്ക്ക് നിന്ന് വിൽക്കും.
രാവിലെ ആറിന് പാചകം തുടങ്ങും. പച്ചക്കറി അരിയാനും ചോറ് പൊതിയാനുമെല്ലാം എഡിസണുണ്ടാകും.
കമ്മിഷണറാകണം
വേനൽക്കാലത്ത് ചേട്ടൻ എബിനൊപ്പം പാലാരിവട്ടത്തു തന്നെ തട്ടിട്ട് ജ്യൂസ് വില്പനയ്ക്കും എഡിസൺ എത്തുമായിരുന്നു. അവിടെയത്തുന്ന ആരെങ്കിലും അവനോട് ആരാകണമെന്ന് ചോദിച്ചാൽ ഉടനെത്തും മറുപടി -- കമ്മിഷണർ. അതിലേക്കെത്താൻ അച്ഛനും അമ്മയും ഏറെ കഷ്ടപ്പെടേണ്ടിവരുമെന്ന് തിരിച്ചറിയുന്നതിനാലാണ് സഹായിക്കാനിറങ്ങിയത്.
സ്വന്തമായി വീട് വേണം
വെണ്ണലയിലെ അംബേദ്കർ റോഡിൽ വാടകയ്ക്കാണ് അമ്മയ്ക്കും അച്ഛനും ചേട്ടനുമൊപ്പം എഡിസൺ താമസിക്കുന്നത്. സ്വന്തമായൊരു വീട് വേണമെന്നാണ് എഡിസണിന്റെ ആഗ്രഹം. അതിനായി കിട്ടുന്ന തുകയിൽ നിന്ന് മിച്ചം പിടിച്ച് മുന്നോട്ട് പോകുന്ന കുടുംബത്തിന് ആശ്വാസമായി, എഡിസണിന്റെ ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ വന്നതിനു പിന്നാലെ തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ അവന്റെ ട്യൂഷൻ ഫീസ് മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |