# കേന്ദ്രം പിരിച്ചത്
കോടിക്കണക്കിന് രൂപ
# ഒൻപതംഗബെഞ്ചിൽ വിധി 8:1
#ഭിന്നവിധി എഴുതിയത്
ജസ്റ്റിസ് ബി.വി. നാഗരത്ന
ന്യൂഡൽഹി:ക്വാറികളിലും ഖനികളിലും ധാതുക്കൾക്ക് നികുതി പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രം വിയോജിച്ചു.
ധാതുസമ്പത്തിന് ഈടാക്കുന്ന റോയൽറ്റി നികുതിയല്ലെന്നും കോടതി വ്യക്തമാക്കി.
1989ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി അസാധുവാക്കിക്കൊണ്ടാണ് പുതിയ വിധി വന്നിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിക്കൊപ്പം ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അഭയ് എസ്. ഓക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ നിന്നതോടെ ഭൂരിപക്ഷ വിധിയായി.
ധാതുക്കൾക്കും ഖനികൾക്കും നികുതിയായി കോടികണക്കിന് രൂപ കേന്ദ്രം ഈടാക്കിക്കഴിഞ്ഞു. വിധിക്ക് മുൻകാല പ്രാബല്യം വേണമെന്ന് സംസ്ഥാനങ്ങളും വ്യക്തത വേണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടു. ജൂലായ് 31ന് വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി.
ഭൂമിയിൽ അവകാശം
സംസ്ഥാനങ്ങൾക്ക്
1. ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ ലിസ്റ്റ് ഒന്നിലെ (യൂണിയൻ ലിസ്റ്റ്) 54ാം എൻട്രി പ്രകാരം തങ്ങൾക്കാണ് ഖനനം സംബന്ധിച്ച നികുതി ഈടാക്കാനുള്ള അധികാരമെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും വിശാലബെഞ്ച് അംഗീകരിച്ചില്ല.
2. ഭൂമി സംബന്ധമായി നികുതി പിരിക്കാനുള്ള അവകാശം
സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 49 പ്രകാരം സംസ്ഥാന സർക്കാരുകൾക്കാണ്. ഇതു പ്രകാരം ഭൂമിയിലെ ധാതുസമ്പത്തിന് നികുതി പിരിക്കാനും സംസ്ഥാന സർക്കാരുകൾക്കാണ് അവകാശമെന്ന് കോടതി തീർപ്പ്കൽപ്പിച്ചു.
റോയൽറ്റി കരാർ
പ്രതിഫലം മാത്രം
ഖനനത്തിനുള്ള റോയൽറ്റിയെ നികുതിയായി കണക്കാക്കാൻ കഴിയില്ല. സർക്കാരും വ്യക്തിയുമായി ഉണ്ടാക്കുന്ന കരാറിൽ നിഷ്കർഷിക്കുന്ന ഉദ്ദ്യേശം പൂർത്തിയാകുന്നതോടെ സർക്കാരിന് റോയൽറ്റി ലഭിക്കും. റോയൽറ്റിക്ക് നികുതിയുടെ സ്വഭാവമില്ല. കരാർ പ്രതിഫലം (കൺസിഡറേഷൻ) മാത്രമാണത്.
വിയോജിച്ച് നാഗരത്ന
റോയൽറ്റി സാങ്കേതികമായി നികുതി തന്നെയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ധാതുഖനനവുമായി ബന്ധപ്പെട്ട് നികുതി പിരിക്കാനാകില്ല. അങ്ങനെ അനുവദിക്കുന്നത് ഫെഡറൽ സംവിധാനത്തെ ബാധിക്കും. സംസ്ഥാനങ്ങൾ തമ്മിൽ അനാരോഗ്യകരമായ മത്സരം ഉടലെടുക്കുമെന്നും ആശങ്കപ്പെട്ടു.
സംസ്ഥാനങ്ങളുടെ നികുതി
അധികാരം സംരക്ഷിക്കണം:
പേജ്.........
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |