അതിശക്തമായ കാറ്റടിച്ചത് ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം
കണ്ണൂർ/ കാസർകോട്: ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം ആഞ്ഞടിച്ച കാറ്റിൽ കണ്ണൂർ കാസർകോട് ജില്ലകളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിവീണും കെട്ടിടങ്ങൾ തകർന്നും മേൽക്കൂരകൾ പറന്നും വൈദ്യുതിലൈനുകൾ പൊട്ടിവീണും വലിയ കെടുതിയാണ് നേരിട്ടത്. ഇരുജില്ലകളിലും മണിക്കൂറുകളോളം വൈദ്യുതിബന്ധം നിലച്ചു. പലയിടങ്ങളിലും ഇന്നലെയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.കാറ്റിനൊപ്പം കനത്ത മഴയും പെയ്തിരുന്നു.
കണ്ണൂർ നഗരത്തിൽ മഞ്ചപ്പാലത്തും ചാലാടും മരങ്ങൾ പൊട്ടി വീണ് വൈദ്യുതി തൂണുകൾ തകർന്നു. മഞ്ചപ്പാലത്തെ സുജിത്ത് കുമാറിന്റെ വീട്ടിലേക്ക് തൊട്ടടുത്ത വീട്ടിലെ മരം വീണ് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മഞ്ചപ്പാലത്ത് വൈദ്യുതി തൂൺ പൊട്ടി വീണ് കെ .നാണു സ്മാരക മന്ദിരത്തിന്റെ ഷീറ്റുകൾ തകർന്ന നിലയിലാണ്. ടെന്നിസ് കോർട്ട്, പയ്യാമ്പലം, ഓലച്ചേരി കാവ് എന്നീ ഭാഗങ്ങളിലും മരം പൊട്ടി വീണ് നാശനഷ്ടങ്ങളുണ്ടായി. തെക്കീ ബസാറിൽ നിർത്തിയിട്ട ബസിന്റെ മുകളിൽ കടയുടെ ഷീറ്റ് തകർന്നു വീണ് കേടുപാടുകൾ സംഭവിച്ചു.കക്കാട് റോഡിലേക്ക് പോകുന്ന വഴിയിൽ സമീത്തെ കടയുടെ ഷീറ്റ് പൊട്ടി വീണതിനെ തുടർന്ന് റോഡ് അൽപ്പ സമയത്തേക്ക് അടച്ചിട്ടു.
ചിറക്കൽ പഞ്ചായത്തിൽ ബാലൻ കിണർ , കീരിയാട്, പുഴാതി ഭാഗങ്ങളിലും കനത്ത നാശം നേരിട്ടു. ബാലൻ കിണർ അംഗൻവാടിക്ക് സമീപത്തെ ബാലമുരളിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു.സമീപത്തെ ചെന്ന്യൻ സുബൈദ, പ്രേമലേഖ, കണ്ടമ്പേത്ത് ശ്രീജ, കീച്ചിപ്പുറത്ത് ശാന്തഎന്നിവരുടെ വീടിന് മുകളിലേക്കും മരം പൊട്ടി വീണു. പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. കാട്ടാമ്പള്ളി, കൊളച്ചേരി, കുമാരൻ പീടിക, നെല്ലിക്കപ്പാലം, ചെക്കിക്കുളം ഭാഗങ്ങളിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. അഗ്നിശമന രക്ഷാ സേന കണ്ണൂർ അസി. സ്റ്റേഷൻ ഓഫീസർ റോയ് സി ഡി യുടെ നേതൃത്വത്തിൽ ജീവനക്കാരായ എ .കുഞ്ഞിക്കണ്ണൻ, വിനേഷ് , റജീഷ്, വൈശാഖ്, ഷിജു, മനോജ്, അനൂപ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
വിശ്രമമില്ലാതെ വൈദ്യുതി ,ഫയർഫോഴ്സ്, പൊലീസ് വകുപ്പ്
ആഞ്ഞടിച്ച കാറ്റിൽ സർവത്ര നാശനഷ്ടം നേരിട്ടതിനെ തുടർന്ന് വൈദ്യുതിവകുപ്പ് ജീവനക്കാർക്കും ഫയർഫോഴ്സ് ,പൊലീസ് സേനാംഗങ്ങൾക്കും വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്ന വ്യാഴാഴ്ച പുലർച്ചെ തൊട്ട്. റോഡിന് കുറുകെ മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണതിനെ തുടർന്ന് ദേശീയപാതയിലുൾപെടെ ഗതാഗത തടസം നേരിട്ടതായിരുന്നു ആദ്യ പ്രതിസന്ധി. റോഡിൽ വാഹനങ്ങളുടെ വൻനിര രൂപപ്പെട്ടതോടെ വീട്ടിലെത്തിയിരുന്ന ജീവനക്കാരടക്കം ഉടൻ ഡ്യൂട്ടിയിലെത്തി. അപകടസാദ്ധ്യത ഇല്ലാതാക്കാൻ ഇരുജില്ലകളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.ദേശീയപാതയിലെ ഗതാഗതതടസത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലേക്ക് തിരിഞ്ഞ വാഹനങ്ങളിൽ പലതും മരങ്ങളും വൈദ്യുതിലൈനുകളും പൊട്ടിവീണ് കുടുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |