കാഠ്മണ്ഡു: ബുധനാഴ്ച നേപ്പാളിൽ വിമാനം തകർന്ന് 18 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൈലറ്റ് മാത്രം രക്ഷപ്പെട്ടത് കോക്ക്‌പിറ്റ് അടർന്നുമാറിയത് കൊണ്ടെന്ന് പൊലീസ്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായ സൗര്യ എയർലൈൻസ് വിമാനം നിലത്ത് ഇടിച്ച് തകർന്ന് തീപിടിക്കുകയായിരുന്നു.അറ്റക്കുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ സൂക്ഷിച്ച ഒരു കണ്ടെയ്നർ റൺവേയ്ക്ക് പുറത്തുണ്ടായിരുന്നു. ഇതിലേക്ക് വിമാനം ഇടിച്ച പിന്നാലെയാണ് കോക്ക്പിറ്റ് അടർന്നുമാറിയത്. കോക്ക്പിറ്റ് മാത്രം കണ്ടെയ്നറിൽ കുടുങ്ങി. തെറിച്ചുമാറിയ വിമാനത്തിന്റെ ബാക്കി ഭാഗം ചിതറിത്തെറിച്ചു. സെക്കൻഡുകൾക്കുള്ളിൽ തീപിടിച്ചു. മരിച്ചവരിൽ ചിലർ തിരിച്ചറിയാൻ പോലുമാകാത്ത വിധം കത്തിക്കരിഞ്ഞു.
രക്ഷാപ്രവർത്തകർ ഓടിയെത്തുമ്പോൾ മുഖം ചോരയിൽ കുളിച്ചനിലയിൽ പൈലറ്റ് മനീഷ് രത്ന ഷാക്യയെ കണ്ടെത്തുകയായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവിച്ച അദ്ദേഹത്തെ കോക്ക്പിറ്റിന്റെ ചില്ലുകൾ തകർത്ത് അഞ്ച് മിനിറ്റിനുള്ളിൽ പുറത്തെടുത്തു. അല്പം വൈകിയിരുന്നെങ്കിൽ കോക്ക്പിറ്റിലേക്ക് തീപടർന്നേനെ. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ മനീഷ് ആശുപത്രിയിൽ തുടരുകയാണ്.
എല്ലുകൾ പലതും ഒടിഞ്ഞതിനാൽ ഉടൻ സങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. അതേ സമയം, തകർന്ന ബൊംബാർഡിയർ സി.ആർ.ജെ - 200 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇന്നലെ കണ്ടെത്തി.
വിമാനം തെറ്റായ ദിശയിലേക്കാണ് പറന്നതെന്ന് കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി പൊഖാറയിലേക്ക് പുറപ്പെടവെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. യെമൻ പൗരൻ അടക്കം എയർലൈനിന്റെ 17 ജീവനക്കാരും ഒരു ക്രൂ അംഗവുമാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |