തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 6,325 രൂപയുമായി. അതേസമയം, സംസ്ഥാനത്തെ വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 89 രൂപയാണ്.
കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം സ്വർണത്തിന്റെ ഇറക്കുമതി തീരുവ താഴ്ത്തിയതിനെ തുടർന്ന് രണ്ട് ദിവസം വിലയിൽ കുറവ് സംഭവിച്ചിരുന്നു.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ജൂലായ് 17ന് ശേഷം 10 ശതമാനമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. അതേസമയം, യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച നേരിയ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തെ സ്വർണ വിപണിയിലെ നഷ്ടം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. ഇക്കാലയളവിൽ പവൻ വില 3,720 രൂപ കുറഞ്ഞ് 50,400 രൂപയിലേക്ക് താഴ്ന്നു. ബഡ്‌ജറ്റ് ദിവസം രണ്ട് ഘട്ടങ്ങളിലായി 2,200 രൂപയും വ്യാഴാഴ്ച 760 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 800 രൂപയും ഗ്രാമിന് നൂറ് രൂപയും ഇടിഞ്ഞു.
ഇന്ത്യയിലെ സ്വർണ ശേഖരം
ലോകത്തിലെ മൊത്തം സ്വർണത്തിന്റെ 11 ശതമാനം ഇന്ത്യൻ ഭവനങ്ങളിൽ ആഭരണമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അമേരിക്ക, ജർമ്മനി, സ്വിറ്റ്സർലൻഡ്, രാജ്യാന്തര നാണയ നിധി എന്നിവയുടെ കൈവശമുള്ള മൊത്തം ശേഖരത്തേക്കാൾ കൂടുതൽ സ്വർണം ഇന്ത്യക്കാരുടെ കൈവശമുണ്ടെന്നും ഗവേഷണ ഏജൻസികൾ പറയുന്നു. ഇന്ത്യൻ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും 30,000 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ആശങ്കയോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
സ്വർണത്തിന്റെ ഈടിന്മേൽ വായ്പകൾ നൽകിയിട്ടുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിടിവിൽ കടുത്ത ആശങ്കയിലാണ്. നാല് ദിവസങ്ങളിലായി വിലയിൽ എട്ട് ശതമാനത്തിനടുത്ത് സ്വർണത്തിന്റെ വില കുറഞ്ഞതോടെ ബാങ്കുകളുടെ വായ്പാ മാർജിനിൽ വലിയ ഇടിവുണ്ടായി. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം തുകയാണ് വായ്പയായി ധന സ്ഥാപനങ്ങൾ നൽകുന്നത്. വില റെക്കാഡ് ഉയരത്തിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ 5,000 രൂപയ്ക്കടുത്ത് കുറഞ്ഞതോടെ ഉപഭോക്താക്കളിൽ നിന്ന് അധിക സ്വർണം ഈടായി നൽകിയില്ലെങ്കിൽ വായ്പയുടെ ഒരു ഭാഗം ഉടനടി തിരിച്ചടക്കാൻ ബാങ്കുകൾ ആവശ്യപ്പെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |