തൃക്കരിപ്പൂർ: ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തി വീണ്ടും റെയിൽപാളത്തിൽ കല്ല് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ രാമവില്യം ഗേറ്റിനും ഒളവറ ഗേറ്റിനുമിടയിലെ പാളത്തിൽ ആറോളം ഇടത്താണ് കരിങ്കൽ ചീളുകൾ നിരത്തിവച്ച നിലയിൽ കണ്ടെത്തിയത്. ട്രാക്ക് പരിശോധനയ്ക്കിടെ സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റെയിൽവേ ഗ്യാംഗ് മാൻമാർ റെയിൽവേ സുരക്ഷാവിഭാഗത്തെ അറിയിക്കുകയായിരുന്നു.റെയിൽവെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നിൽ പ്രവർത്തിച്ചവരെയാരെയും കണ്ടെത്താനായില്ല. ചന്തേര പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആവർത്തിക്കുന്ന കുറ്റകൃത്യം
കാസർകോട്,കണ്ണൂർ ജില്ലകളിൽ പലതവണ റെയിൽപാളത്തിൽ കല്ല് കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടുവർഷം മുമ്പ് തൃക്കരിപ്പൂർ എളമ്പച്ചിയിൽ റെയിൽപാളത്തിനു മുകളിൽ കരിങ്കൽകഷണങ്ങൾ നിരത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് കണ്ണൂരിൽനിന്ന് എത്തിയ റെയിൽവേ പൊലീസ് പ്രായപൂർത്തിയാകാത്ത ആറുപേരെ പിടികൂടി ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാണ് കുട്ടികളെ പൊലീസ് അന്ന് വിട്ടയച്ചത്.കാസർകോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ പാളത്തിൽ കല്ല് വച്ച നിരവധി സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇത്തരം സംഭവങ്ങളിൽ വൻദുരന്തം ഒഴിവായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |