മാനന്തവാടി : ദ്വാരക എ.യു.പി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 141 കുട്ടികളെ ചർദ്ദിയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. 102 കുട്ടികൾ മാനന്തവാടി മെഡിക്കൽ കോളേജിലും 32 കുട്ടികൾ പൊരുന്നന്നൂർ പി.എച്ച്.സിയിലും നാല് കുട്ടികൾ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും മൂന്നു കുട്ടികൾ മാനന്തവാടി വിനായക ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടികളെ ആദ്യം പീച്ചങ്കോട് പൊരുന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലയിലെ വിവിധ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും പനിയും അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമാണ് കഴിച്ചിരുന്നത്. ഇന്നലെ രാവിലെ 10 മണിക്ക് സ്‌കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും പനിയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം കൂടുതൽ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഭക്ഷ്യവിഷബാധ എന്ന നിഗമനത്തിലാണ് ചികിത്സ നൽകിയത്. 1300 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. വിശദമായ പരിശോധനയ്ക്കുശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ ആകുവെന്ന് സ്കൂൾ അ ധികൃതർ അറിയിച്ചു. മന്ത്രി ഒ.ആർ. കേളു, ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ മെഡിക്കൽ കോളേജിൽ കുട്ടികളെ സന്ദർശിച്ചു. ഭക്ഷണാവശിഷ്ടം ഉൾപ്പെടെ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |