അന്യഭാഷയിൽ നിന്നുള്ള നിരവധി നടീനടന്മാർ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിലർ ഒരു സിനിമയിൽ ആണ് അഭിനയിച്ചതെങ്കിലും എന്നും മലയാളികളുടെ മനസിൽ അവർ ഉണ്ടാകും. അക്കൂട്ടത്തിലുള്ള ഒരു നടിയാണ് കമൽ ചിത്രം 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലെ നായിക. ഒരു കാലത്ത് കേരളത്തിലെ ആൺകുട്ടികളുടെ ക്രഷായിരുന്നു അമൃത പ്രകാശ്.
എല്ലാവരും കരുതിയിരുന്നത് അമൃത ഒരു മലയാളിയാണെന്നാണ്. എന്നാൽ നോർത്ത് ഇന്ത്യക്കാരിയായ അമൃത കുറച്ച് കാലം മാത്രമാണ് കേരളത്തിൽ താമസിച്ചിട്ടുള്ളത്. മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും താരം ബോളിവുഡിൽ സജീവമായിരുന്നു. അടുത്തിടെ അമൃത ഒരു മലയാള യുട്യൂബ് ചാനലിന് നൽകിയ അഭിമുഖം വെെറലായിരുന്നു. ഇപ്പോൾ നടി മുംബയിലാണ് താമസിക്കുന്നത്. കേരളത്തിൽ പഠിച്ചിട്ടുണ്ടെന്നും കുറച്ച് മലയാളം അറിയാമെന്നും താരം വ്യക്തമാക്കി. എന്തുകൊണ്ട് പിന്നെ മലയാളത്തിലേക്ക് തിരിച്ചുവന്നില്ലെന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
'മഞ്ഞുപോലൊരു പെൺകുട്ടിക്ക് ശേഷം അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി. മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷ നടക്കുന്ന സമയവും. പിന്നീട് ഉന്നത പഠനത്തിന് പോയി. മലയാളികൾ എന്നെ മിസ് ചെയ്തത് പോലെ ഞാനും അവരെ മിസ് ചെയ്തു. കേരളത്തിൽ വച്ച് തന്നെയാണ് കരിയർ ആരംഭിച്ചത്. പോപ്പികുടയുടെ പരസ്യത്തിലാണ് ആദ്യം അഭിനയിച്ചത്.
മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വളരെ മികച്ചതാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മലയാള സിനിമ ഒരുപാട് പുരോഗമിച്ചു. ആ സിനിമയ്ക്ക് ശേഷം കേരളത്തിലെ ആൺകുട്ടികളുടെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലല്ലോ. ആ സിനിമ ചെയ്ത സമയത്ത് പ്രണയലേഖനങ്ങളും സമ്മാനങ്ങളും ലഭിച്ചിരുന്നു. ഞാൻ വിവാഹിതയല്ല. കേരളത്തിൽ നിന്ന് വിവാഹം ചെയ്ത് അവിടെ സെറ്റിൽഡാകാൻ എനിക്ക് ഇഷ്ടമാണ്',- അമൃത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |