വയനാട്: മേപ്പാടി മുണ്ടക്കെെയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിൽ കുടുങ്ങിയ ആളെ മണിക്കൂറുകൾക്ക് ശേഷം അതിസാഹസികമായി പുറത്തെടുത്തു. ഉരുൾപൊട്ടി എത്തിയ വെള്ളം വീടുകളും മറ്റും തകർത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്.
മലവെള്ളപ്പാച്ചിലിന്റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയിൽ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയിൽ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ആദ്യം ഇദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെ ഒഴുക്കിനെ അതിജീവിച്ച് രക്ഷാപ്രവർത്തകർ ആളുടെ അടുത്തെത്തി ചെളിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. രക്ഷാപ്രവർത്തകർ വെള്ളം ഉൾപ്പെടെ യുവാവിന് നൽകി. ചെളിയിൽ നിന്ന് പുറത്തെടുത്തയാളെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
നിലവിൽ ചെളി അടിഞ്ഞികുടിയ സ്ഥലത്തിന് സമീപത്തെ മൺതിട്ടയിൽ സുരക്ഷിതമായി നിർത്തിയിരിക്കുകയാണ്. മുണ്ടക്കെെ യുപി സ്കൂളിന് സമീപത്ത് നിന്ന് രക്ഷപ്പെടുത്തിയ ആളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |