തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കിയതോടെ രോഗിയുൾപ്പെടെ ആറു പേർ ഒന്നര മണിക്കൂർ കുടുങ്ങി.ഫയർഫോഴ്സ് എത്തിയിട്ടും ലിഫ്റ്റ് തുറക്കാനായില്ല. ഒടുവിൽ ലിഫ്റ്റിന്റെ കമ്പനി ടെക്നീഷ്യൻമാരെത്തിയാണ് അകപ്പെട്ടവരെ പുറത്തിറക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മെയിൻ ബ്ലോക്കിലായിരുന്നു സംഭവം.ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉൾപ്പെടെയാണ് കുടുങ്ങിയത്. രോഗിയുടെ സ്ട്രക്ച്ചർ ലിഫ്റ്റിന്റെ വാതിലിൽ തട്ടിയതാണ് തകരാറിന് കാരണമെന്നാണ് കമ്പനിക്കാർ പറയുന്നത്.
മെയിൻ ബ്ലോക്കിൽ നിന്ന് ബേൺ ഐ.സി.യു ഭാഗത്തേക്ക് പോകുന്ന ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ഓപ്പറേറ്ററുണ്ടായിരുന്നതിനാൽ ഇയാൾ ഫോൺ വിളിച്ചും അലാറം മുഴക്കിയുമാണ് വിവരം പുറത്തറിയിച്ചത്. ആശുപത്രിയിലെ ജീവനക്കാർ ശ്രമിച്ചിട്ട് വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കയിൽ നിന്ന് ഫയർ ഫോഴ്സിനെ വിളിച്ചത്. എന്നാൽ അതും ഫലം കണ്ടില്ല. ഉടൻ കമ്പനിക്കാരെ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അടുത്തിടെ എല്ലാ ലിഫ്റ്റുകളും കാര്യക്ഷമമാണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരുന്നു.
ഈ മാസം 13ന് സി.പി.ഐ തിരുമല മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ നായർ 48മണിക്കൂറിലേറെയാണ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയത്. വിവാദമായ സംഭവത്തിനൊടുവിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |