SignIn
Kerala Kaumudi Online
Friday, 11 October 2024 12.14 PM IST

പുനരധിവാസം എന്ന വലിയ വെല്ലുവിളി

Increase Font Size Decrease Font Size Print Page
wayanad

പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളിൽ ജഡങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം മുന്നൂറോടടുക്കുകയാണ്. 220-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി സേനാംഗങ്ങൾ തിരച്ചിൽ ഊർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നു. കഴിവതും വ്യാഴാഴ്ചയോടുകൂടിത്തന്നെ തിരച്ചിലുകൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മണ്ണിലും ചെളിയിലും കല്ലുകളുടെയും തകർക്കപ്പെട്ട വീടുകളുടെയും വലിയ കൂമ്പാരങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പുകൾ തേടിയുള്ള രക്ഷാപ്രവർത്തകരുടെ അതീവ ദുഷ്കരമായ ദൗത്യം തുടരുകയാണ്. വലിയ ജെ.സി.ബി ഉൾപ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനാവാത്തതിനാൽ കഴിഞ്ഞ രണ്ടുദിവസവും മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ മന്ദീഭവിച്ചിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞതോടെ ചൂരൽമലയിൽ സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലം പൂർത്തിയായി. രക്ഷാപ്രവർത്തനങ്ങൾക്കായുള്ള യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കൽ ഇതോടെ സുഗമമായി. പൂർണതോതിലുള്ള തിരച്ചിൽ നടത്തി കഴിയുന്നിടത്തോളം ഇടങ്ങളിൽ ദൗത്യം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

1200-ഓളം രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ അത്യന്തം പ്രതികൂല സാഹചര്യങ്ങളിൽ ദുരന്തഭൂമിയിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന കാഴ്ച ആരിലും ആദരവും അഭിനന്ദനവും സൃഷ്ടിക്കും. ഒരുപക്ഷേ, കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള രക്ഷാദൗത്യമാണ് സേനാവിഭാഗങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ണിനടിയിലായ ഹതഭാഗ്യരെ തിരയുന്നതിനൊപ്പം ഉരുൾപൊട്ടലിൽ നിലംപരിശായ പ്രദേശങ്ങളിൽ പരക്കെ ചിതറിക്കിടക്കുന്ന മരങ്ങളും പാറക്കഷണങ്ങളും ആൾപ്പൊക്കത്തിൽ വരെ ഒഴുകിയെത്തിയ ചെളിയും നീക്കംചെയ്ത് സഞ്ചാരയോഗ്യമെങ്കിലുമാക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. ഇതൊക്കെ അത്ര ലളിതമായ കാര്യങ്ങളല്ല. ഉരുൾപൊട്ടലുകളെത്തുടർന്ന് മലവെള്ളം തച്ചുടച്ച ഗ്രാമങ്ങളിൽ താമസയോഗ്യമായ വീടുകളൊന്നും ശേഷിക്കുന്നില്ലെന്നു തന്നെ പറയാം. മരണത്തിൽ നിന്നു രക്ഷപ്പെട്ടവരെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ നിലയിൽ പരിക്കേറ്റവരുൾപ്പെടെ നൂറോളം പേർ ആശുപത്രികളിലുണ്ട്.

പുഞ്ചിരിമട്ടം എന്ന കൊച്ചു ഗ്രാമത്തിലെ മലനിരകളിൽ ഇന്നലെയും ചെറിയ തോതിൽ മലയിടിച്ചിലുകൾ ഉണ്ടായത് ഭീതി പരത്തുകയുണ്ടായി. ഇവിടെയുള്ളവരെ നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നതിനാൽ ജീവനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് രക്ഷാപ്രവർത്തകർ മടങ്ങിയിട്ടുണ്ട്. ആളുകൾ ഒഴിഞ്ഞുപോയ വീടുകൾ അമ്പേ തകർന്ന് മണ്ണിനടിയിലായി. വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളും വാഹനങ്ങളുമൊക്കെ അവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്ന കാഴ്ചയാണ് എങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്നലെ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് എല്ലാവിധ സഹായ സഹകരണങ്ങളും യോഗത്തിൽ സംബന്ധിച്ചവർ വാഗ്ദാനം ചെയ്തു. സർവകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഇപ്പോൾ വയനാട്ടിലുള്ള മന്ത്രിമാരിൽ നാലുപേർ അവിടത്തന്നെ തുടരാനും തീരുമാനമായിട്ടുണ്ട്. രക്ഷാ - ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടിയാണിത്. ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാടിന്റെ മുൻ എം.പിയുമായ രാഹുൽഗാന്ധിയും ദുരന്തമേഖലകൾ സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുകയുണ്ടായി. പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ സർക്കാരിനെ കാത്തിരിക്കുന്നത് അതിലും വലിയ പുനരധിവാസ ദൗത്യമാണ്. ഉരുൾപൊട്ടലിൽ തകർന്ന വീടുകളുടെയും സ്വത്തുവകകളുടെയും കൃത്യമായ കണക്കെടുപ്പ് ഇനിവേണം നടത്താൻ. ദുരന്തത്തിനിരയായവരുടെ കൃത്യമായ സംഖ്യയും അറിയേണ്ടതുണ്ട്. അതുപോലെ, കാണാതായവരുടെ കണക്കും പ്രാധാന്യമുള്ളതാണ്. ദുരന്തഭൂമിയിലുണ്ടായിരുന്ന കുടുംബങ്ങളുടെ പുനരധിവാസം അടിയന്തര സ്വഭാവമുള്ളതാണ്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ താമസക്കാർക്കും സുരക്ഷിതമായ പുതിയ വാസസ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ചിന്നിച്ചിതറിപ്പോയ ഒട്ടേറെ കുടുംബങ്ങൾ ദുരന്തത്തിന്റെ ബാക്കിപത്രമായി ശേഷിക്കുന്നുണ്ട്. മാതാപിതാക്കളും വീടും ഇല്ലാതായ നിരവധി കുട്ടികളുണ്ട്. മക്കളെയും ഭാര്യയെയും അടുത്ത ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ട ഗൃഹനാഥന്മാരുണ്ട്. ഇവരുടെ വിലാപം ആരുടെയും ഹൃദയം പിളർക്കുന്നതാണ്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സഹായഹസ്തങ്ങളുമായി ഓടിയെത്താറുള്ള ലോകമെമ്പാടുമുള്ള മലയാളികൾ വയനാടിനു വേണ്ടിയും ആരുടെയും ആഹ്വാനമില്ലാതെ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

ദുരന്തമുഖത്ത് നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും നിയന്ത്രണങ്ങൾ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ കൂടുതൽ ആളുകൾ ദുരന്തപ്രദേശങ്ങളിലെത്തുന്നത് സേനകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും തടസമാകുമെന്നതിനാലാണ് ഇങ്ങനെയൊരു നിയന്ത്രണം വേണ്ടിവരുന്നത്. എന്നാൽ സ്ഥലവാസികളെ തടയുന്നത് ഗുണത്തെക്കാൾ ദോഷവും ചെയ്യും. സ്ഥിരതാമസക്കാരുടെ സഹായമുണ്ടെങ്കിലേ കൃത്യമായ വിവരങ്ങൾ നൽകി രക്ഷാപ്രവർത്തകരെ സഹായിക്കാനാവൂ. രാജ്യത്തിന്റെ വിദൂര കോണിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള സേനാംഗങ്ങളുടെ സ്ഥലപരിചയക്കുറവ് പ്രശ്നമാണ്. ഇതിനിടെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്റിലെ പ്രസ്താവന ഒരു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലെ അനൗചിത്യം ദുരന്തമുഖത്തു കഴിയുന്നവരെ മാത്രമല്ല, സംസ്ഥാന സർക്കാരിനെയും നിന്ദിക്കുന്നതിനു തുല്യമായി. സഹായവും സഹാനുഭൂതിയും മാത്രം പ്രകടിപ്പിക്കേണ്ട സന്ദർഭത്തിൽ കുറ്റപ്പെടുത്തും മട്ടിലുള്ള നിലപാടുകൾ ഒരു ഗുണവും ചെയ്യില്ല.

പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ കുറ്റം മറ്റുള്ളവർക്കു മേൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിലെ അവ്യക്തതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗതി എന്തുതന്നെയായാലും ദുരന്തം സംഭവിച്ചുകഴിഞ്ഞ സ്ഥിതിക്ക് ദുരന്തത്തിൽപ്പെട്ടവരെ ഏതേതെല്ലാം തരത്തിൽ സഹായിക്കാനാകുമെന്നാണ് നോക്കേണ്ടത്. രാഷ്ട്രീയക്കളിക്ക് ഒട്ടും പറ്റിയ സമയവുമല്ല ഇത്. വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ 32 ശതമാനം പ്രദേശങ്ങളും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള ഇടങ്ങളാണെന്ന വിദഗ്ദ്ധ പഠനങ്ങൾക്ക് ചെവികൊടുക്കേണ്ടതുണ്ട്. ഇപ്പോൾ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങൾ മേപ്പാടി പഞ്ചായത്തിൽപ്പെടുന്നതാണ്. അതുപോലെ ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ മലയോര മേഖലകളും കടുത്ത ദുരന്തഭീഷണി നേരിടുന്നവയാണ്.

ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതികളുടെ മുന്നറിയിപ്പുകൾ ഗൗരവത്തിലെടുത്ത് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതു മാത്രമാണ് ചെയ്യാവുന്ന കാര്യം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിനൊക്കെ എത്രമാത്രം അനുകൂലമാകുമെന്നതാണ് ചിന്താവിഷയം. ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രാഷ്ട്രീയക്കാർ നടത്തിയ കോലാഹലങ്ങൾ മറക്കാറായിട്ടില്ല.

വയനാട്ടിലെ ദുരന്തത്തിൽ മനസുനൊന്ത് അനേകം പേർ സഹായവുമായി എത്താൻ തുടങ്ങിയിട്ടുണ്ട്. സംഘടനകളും സ്ഥാപനങ്ങളും വ്യവസായ - വാണിജ്യ പ്രമുഖരുമെല്ലാം സഹായം നൽകുകയോ വാഗ്ദാനം മുന്നോട്ടുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യവും സുതാര്യവുമായ പുനരധിവാസ പദ്ധതി എത്രയും വേഗം തയ്യാറാക്കേണ്ടതുണ്ട്. അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാവുന്ന ആവശ്യമല്ല ഇത്. സഹായത്തിനും പുനരധിവാസത്തിനുമായി ആധിയോടെ കാത്തിരിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ സർക്കാരിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ കണ്ണീർ തുടയ്ക്കാൻ കഴിയുമ്പോഴാണ് ഭരണകൂടത്തിന്റെ ദൗത്യം പൂർണമാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.