പാരീസ് : വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നിഖാത്ത് സരിൻ പ്രീ ക്വാർട്ടറിൽ പുറത്ത്. ഇന്നലെ ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവ് വു യു വാണ് നിഖാത്തിന്റെ മോഹങ്ങൾക്ക് മേൽ വെള്ളിടിയായി വന്നുപതിച്ചത്. 50 കിലോ വിഭാഗത്തിൽ തന്നേക്കാൾ ശക്തയായ എതിരാളിയോട് പൊരുതിനിൽക്കാൻ കഷ്ടപ്പെടുകയായിരുന്നു ആദ്യ ഒളിമ്പിക്സിന് ഇറങ്ങിയ നിഖാത്ത്. മൂന്ന് റൗണ്ടുകളിലുമായി 5-0 എന്ന സ്കോറിന് ലീഡ് ചെയ്ത വു യുവിനെ ജഡ്ജിമാർ ഏകാഭിപ്രായത്തോടെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
52 കിലോ വിഭാഗത്തിലെ നിലവിലെ ലോക ചാമ്പ്യനായ വു യു ഒളിമ്പിക്സിനായി ഭാരം കുറച്ച് 50 കിലോ വിഭാഗത്തിൽ മത്സരിക്കുകയായിരുന്നു. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് ചൈനീസ് താരം പ്രീ ക്വാർട്ടറിൽ നിഖാത്തിനെ നേരിടാനെത്തിയത്. നിഖാത്ത് ആദ്യ റൗണ്ടിൽ ജർമ്മൻ താരം മാക്സി കരീനയെയാണ് തോൽപ്പിച്ചിരുന്നത്.
പ്രീ ക്വാർട്ടറിൽ തുടക്കം മുതൽ ചൈനീസ് താരം മികച്ച പഞ്ചുകൾ നടത്തിയപ്പോൾ നിഖാത്ത് പ്രതിരോധത്തിലേക്ക് മാറി. മികച്ച ഫുട്‌വർക്കുള്ള വു യു നിഖാത്തിന്റെ കൗണ്ടർ അറ്റാക്കുകളിൽ നിന്ന് സുന്ദരമായി ഒഴിഞ്ഞുമാറുകയും ചെയ്തതോടെ ഇന്ത്യൻ താരത്തിന് മത്സരം കടുപ്പമേറിയതായി. രണ്ടാം റൗണ്ടിൽ നിഖാത്ത് ചില ആക്രമണങ്ങൾ നടത്തിയെങ്കിലും തിരിച്ച് മുഖത്ത് പഞ്ച് ചെയ്ത് വു യു മുന്നേറി. അവസാന റൗണ്ടിലും ചൈനീസ് താരത്തിന് തന്നെയായിരുന്നു മേൽക്കൈ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |